എംബിബിഎസ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥി മരിച്ചു;പരിചയപ്പെടാനെന്ന പേരില്‍ മൂന്ന് മണിക്കൂര്‍ ഒരേനില്‍പ്പ് നിര്‍ത്തി റാഗിംഗ്;
അഹ്മദാബാദ്: റാഗിംഗിനിരയായ എംബിബിഎസ് ഒന്നാംവർഷ വിദ്യാർത്ഥി മരിച്ചു. ഗുജറാത്ത് ധർപൂർ പതാനിലെ ജിഎംഇആർഎസ് മെഡിക്കല്‍ കോളേജിലെ വിദ്യാർത്ഥിയായ അനില്‍ മെതാനിയ (18) ആണ് മരിച്ചത്.സീനിയർ വിദ്യാർത്ഥികള്‍ തുടർച്ചയായി മൂന്നുമണിക്കൂർ നിർത്തിയതിനെ തുടർന്ന് അനില്‍ കുഴഞ്ഞുവീഴുകയായിരുന്നു.പുതിയ വിദ്യാർത്ഥികളെ പരിചയപ്പെടാനെന്ന പേരിലാണ് റാഗിങ് നടന്നത്. ഏറെ നേരം നിർത്തിയിരുന്നപ്പോള്‍ അനില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ശേഷമേ മരണ കാരണം വ്യക്തമാവൂ എന്ന് പൊലീസ് പറഞ്ഞു. അനിലിന്റെ ഒരു ബന്ധു ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയില്‍ താമസിക്കുന്നുണ്ട്. അദ്ദേഹത്തെ കോളേജില്‍ നിന്ന് വിളിച്ച് അനില്‍ കുഴഞ്ഞുവീണെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അറിയിച്ചത്.ആശുപത്രിയില്‍ എത്തിയപ്പോഴാണ് ക്രൂരമായ റാഗിങ് നടന്നതായി മനസിലായതെന്ന് ബന്ധു പറഞ്ഞു. വിദ്യാർത്ഥി കുഴഞ്ഞുവീണപ്പോള്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചതായും പൊലീസിലും ബന്ധുക്കളെയും വിവരമറിയിച്ചതായും കോളേജ് ഡീൻ ഹർദിക് ഷാ പറഞ്ഞു. സംഭവത്തില്‍ കർശന നടപടിയെടുക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. കോളേജില്‍ നിന്ന് പൊലീസ് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. 15 സീനിയർ വിദ്യാർത്ഥികളെ പ്രതിയാക്കിയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.