ജാര്‍ഖണ്ഡില്‍ പ്രധാനമന്ത്രിയുടെ വിമാനത്തിന് സാങ്കേതിക തകരാര്‍; ഡല്‍ഹിയിലേക്കുള്ള മടക്കയാത്ര വൈകി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന വിമാനത്തിന് സാങ്കേതിക തകരാർ. വെള്ളിയാഴ്ച ജാർഖണ്ഡിലെ ദിയോഘർ വിമാനത്താവളത്തില്‍ വെച്ചാണ് സാങ്കേതിക തകരാർ നേരിട്ടത്.തുടർന്ന് ഡല്‍ഹിയിലേക്കുള്ള പ്രധാനമന്ത്രിയുടെ മടക്കം വൈകിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് നടക്കുന്ന ജാർഖണ്ഡിലെ പരിപാടികള്‍ അവസാനിപ്പിച്ച്‌ ഡല്‍ഹിയിലേക്ക് മടങ്ങാൻ വിമാനത്താവളത്തിലെത്തിയതിന് പിന്നാലെയാണ് സംഭവം. തുടർന്ന് സുരക്ഷാ മുൻകരുതല്‍ എന്ന നിലയില്‍, സാങ്കേതിക സംഘങ്ങള്‍ പ്രശ്നം തിരിച്ചറിഞ്ഞ് പരിഹരിക്കാൻ ശ്രമിക്കുന്നതിനായി വിമാനം നിലത്തിറക്കി. പ്രധാനമന്ത്രി സഞ്ചരിച്ച വിമാനത്തില്‍ സാങ്കേതിക തകരാർ ഉണ്ടായതിൻ്റെ കാരണം അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.അതേസമയം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടികളില്‍ പങ്കെടുക്കാൻ ജാർഖണ്ഡിലെത്തിയ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്റർ എയർ ട്രാഫിക് കണ്‍ട്രോളിൻ്റെ (എടിസി) ക്ലിയറൻസ് ഇല്ലാത്തതിനാല്‍ ഏകദേശം രണ്ട് മണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്.ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നവംബർ 20ന് നടക്കാനിരിക്കെയാണ് ഇരു സംഭവങ്ങളും റിപ്പോർട്ട് ചെയ്തത്. ആദിവാസി സ്വാതന്ത്ര്യസമര പോരാളിയായ ബിർസ മുണ്ടയെ ആദരിക്കുന്ന ചടങ്ങായ ജൻജാതിയ ഗൗരവ് ദിവസ് ആഘോഷിക്കുന്നതിൻ്റെ ഭാഗമായി ജാർഖണ്ഡിലെ രണ്ട് തിരഞ്ഞെടുപ്പ് റാലികളെയാണ് പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്തത്.

Sharing

Leave your comment

Your email address will not be published. Required fields are marked *