ഒഇസിഡി രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ ഒഴുകുന്നു ;3 .2 ലക്ഷവുമായി ചൈന രണ്ടാമത്, ഒന്നാം സ്ഥാനം ഇന്ത്യയ്ക്ക്;
മുംബയ്: ഇന്ത്യയില്‍ നിന്ന് ഓർഗനൈസേഷൻ ഓഫ് ഇക്കണോമിക് കോഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റ് (ഒഇസിഡി) രാജ്യങ്ങളിലേക്ക് കുടിയേറുന്നവരുടെ എണ്ണം ഓരോ വർഷവും വർദ്ധിക്കുകയാണെന്ന് റിപ്പോർട്ട്.സമ്പന്ന രാഷ്ട്രങ്ങളായ യുഎസ്, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഒഇസിഡി. ഭാവിയില്‍ കൂടുതല്‍ ഇന്ത്യക്കാർ ഒഇസിഡിയില്‍ ഉള്‍പ്പെട്ട ഈ രാജ്യങ്ങളിലേക്കാണ് കുടിയേറ്റം നടത്താൻ ലക്ഷ്യം വയ്ക്കുന്നതെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. പുതിയ കുടിയേറ്റക്കാർ, അന്തർദേശീയ വിദ്യാർത്ഥികള്‍, പൗരത്വം നേടുന്നവർ, ആരുമാകട്ടെ, അവർ കൂടുതല്‍ പേരും ഒഇസിഡി രാജ്യങ്ങളാണ് തിരഞ്ഞെടുക്കുന്നത്.കുടിയേറ്റത്തില്‍ 2022 ആണ് സുപ്രധാന നാഴികക്കല്ലായി അടയാളപ്പെടുത്തുന്നത്. ഈ വർഷം മാത്രം 5.6 ലക്ഷം ഇന്ത്യക്കാരാണ് ഒഇസിഡി രാജ്യങ്ങളിലേക്ക് കുടിയേറിയത്. 2021നേക്കാള്‍ 35 ശതമാനം വർദ്ധനയാണ് 2022ല്‍ സംഭവിച്ചത്. ആ വർഷം ഈ രാജ്യങ്ങളിലെ കുടിയേറ്റക്കാരുടെ പ്രധാന ഉറവിടം ഇന്ത്യയായിരുന്നു. പിന്നാലെ 3.2 ലക്ഷവുമായി ചൈനയാണ് രണ്ടാം സ്ഥാനത്ത്. ഒഇസിഡി രാജ്യങ്ങളിലേക്കുള്ള പുതിയ കുടിയേറ്റക്കാരില്‍ 6.4 ശതമാനം ഇന്ത്യയില്‍ നിന്നുള്ളവരാണ്.കണക്കുകളില്‍ റഷ്യയാണ് മൂന്നാം സ്ഥാനത്ത്. 2022ല്‍ 2.68 ലക്ഷം റഷ്യക്കാരാണ് ഒഇസിഡി രാജ്യങ്ങളിലേക്ക് കുടിയേറിയത്. അതിന് തൊട്ടുമുമ്പത്തെ വർഷം ഇത് 1.12 ലക്ഷമായിരുന്നു. 18ാം സ്ഥാനത്തുണ്ടായിരുന്ന റഷ്യ റൊമേനിയയെ കടത്തിവെട്ടിയാണ് മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. വ്യാഴാഴ്ച പാരീസില്‍ വച്ച് പുറത്തിറക്കിയ ഇന്റർനാഷണല്‍ മൈഗ്രേഷൻ ഔട്ട്ലുക്ക് 2024 റിപ്പോർട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. 2022ല്‍ 1.12 ലക്ഷം ഇന്ത്യക്കാരെയാണ് യുകെയും യുഎസും സ്വാഗതം ചെയ്തത്. കാനഡ 1.18 ലക്ഷം പേരാണ് എത്തിയത്. തൊട്ടുമുമ്പത്തെ വർഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കാനഡയില്‍ എത്തുന്നവരുടെ എണ്ണത്തില്‍ 8 ശതമാനം കുറവ് സംഭവിച്ചിട്ടുണ്ട്. ഇന്ത്യക്കാരില്‍ കൂടുതല്‍ പേരും തൊഴില്‍ പാതയിലൂടെയാണ് കുടിയേറ്റം നടത്തുന്നത്.