പ്ലാസ്റ്റിക് കൂമ്പാരങ്ങൾ ഇനി ഇല്ല; ലോകം ക്ലീനാക്കാൻ അവര്‍ വരുന്നു; പ്ലാസ്റ്റിക് ഭക്ഷിക്കുന്ന പുഴുക്കള്‍

പ്ലാസ്റ്റിക് എന്നത് ലോകരാജ്യങ്ങള്‍ക്കെല്ലാം ഭീഷണിയായി മാറിയിരിക്കുന്നു. ലോകരാജ്യങ്ങള്‍ എല്ലാം ചേർന്ന് പ്രതിവർഷം പുറന്തള്ളുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ കണക്ക് 57 ദശലക്ഷം മെട്രിക് ടണ്‍ ആണ്.ലോകമെമ്ബാടുമുള്ള വാർഷിക പ്ലാസ്റ്റിക് മാലിന്യത്തിന്റെ വെറും ഒൻപത് ശതമാനം മാത്രമാണ് പുനചംക്രമണം ചെയ്യപ്പെടുന്നുന്നത്. 85ശതമാനം പ്ലാസ്റ്റിക് പാക്കേജിങ്ങും മാലിന്യക്കൂമ്ബാരങ്ങളായി അവസാനിക്കുന്നു.
ശേഖരിക്കപ്പെടാത്ത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങളാണ് പ്ലാസ്റ്റിക് മലിനീകരണത്തിന്റെ എറ്റവും വലിയ കാരണം. ലോകത്താകമാനം 1.2 ബില്യണ്‍ ആളുകള്‍ വേസ്റ്റ് കളക്ഷന് മതിയായ സൗകര്യങ്ങളില്ലാതെ ജീവിക്കുന്നവരാണെന്നാണ് കണക്കുകള്‍. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ അപ്രതീക്ഷിതമായി ഒരു പുഴുവിനെ കണ്ടെത്തിയിരിക്കുന്നത്. ഇത് പ്ലാസ്റ്റിക് നിർമാർജന രംഗത്ത് വലിയ പ്രതീക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്.ആഫ്രിക്കന്‍ സ്വദേശിയെങ്കിലും ഇന്ന് ഭൂമിയിലെങ്ങും വ്യാപിച്ച്‌ കഴിഞ്ഞ ആല്‍ഫിറ്റോബിയസ് ജനുസ്സില്‍പ്പെട്ട (Alphitobius Genus) വണ്ടുകളുടെ ലാർവകള്‍ക്ക് പ്ലാസ്റ്റിക് തരംതിരിക്കാനും കഴിക്കാനും ദഹിപ്പിക്കാനും കഴിയുമെന്ന് കെനിയയിലെ ഗവേഷകർ കണ്ടെത്തി. പുതിയ കണ്ടെത്തല്‍ ആഫ്രിക്കയിലെ പ്ലാസ്റ്റിക് മലിനീകരണത്തെ നേരിടാൻ ഉപയോഗപ്രദമാകുമെന്നാണ് കണക്ക് കൂട്ടല്‍. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്‌ ലോകത്തിലെ പ്ലാസ്റ്റികിന്‍റെ 5 % മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂവെങ്കിലും ഭൂമിയില്‍ ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് മലിനീകരണമുള്ള രണ്ടാമത്തെ ഭൂഖണ്ഡമാണ് ആഫ്രിക്ക.സ്റ്റൈറോഫോം ഭക്ഷണ (Styrofoam food) പാത്രങ്ങളിലും പാക്കേജിംഗിലും സാധാരണയായി കാണപ്പെടുന്ന ഒരു തരം പ്ലാസ്റ്റിക്കായ പോളിസ്റ്റൈറീൻ ദഹിപ്പിക്കാന്‍ ഈ ഭക്ഷണ പുഴുക്കള്‍ക്ക് (mealworms) കഴിയുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഈ ഇനം പുഴുക്കളെ ആദ്യമായാണ് തിരിച്ചറിയുന്നത്. ഇവ പുതിയ ഉപജാതിയായിരിക്കാമെന്നാണ് ഗവേഷകരുടെ അനുമാനം. ആദ്യമായാണ് ആഫ്രിക്കയില്‍ നിന്നുള്ള പുഴുക്കള്‍ക്ക് ഇത്തരമൊരു കഴിവുണ്ടെന്ന് കണ്ടെത്തുന്നതെന്ന് കെനിയയിലെ ഇന്‍റർനാഷണല്‍ സെന്‍റർ ഓഫ് ഇൻസെക്റ്റ് ഫിസിയോളജി ആൻഡ് ഇക്കോളജിയിലെ (ഐസിഐപിഇ) ശാസ്ത്രജ്ഞയായ ഫാത്തിയ ഖാമിസ് പറഞ്ഞു. ഇത് സംബന്ധിച്ച്‌ പ്രബന്ധം കഴിഞ്ഞ സെപ്തംബറില്‍ സയന്‍റിഫിക് റിപ്പോർട്ട്സ് ജേണലില്‍ പ്രസിദ്ധീകരിച്ചു.ഗവേഷണത്തിന്‍റെ ഭാഗമായി ലാർവകള്‍ക്ക് നല്‍കിയ പോളിസ്റ്റൈറൈന്‍റെ 50 % വരെ കഴിക്കാൻ അവയ്ക്ക് കഴിഞ്ഞെന്നും ഗവേഷകർ നിരീക്ഷിച്ചു. അതേസമയം പ്ലാസ്റ്റിക്, തവിട് പോലുള്ള ധാന്യപൊടികളോ ഭക്ഷ്യവസ്തുക്കളുമായോ കലര്‍ത്തിയാണ് കൊടുക്കുന്നതെങ്കില്‍ കൂടുതല്‍ പ്ലാസ്റ്റിക് അവയ്ക്ക് കഴിക്കാന്‍ കഴിയുന്നുണ്ടെന്നും കണ്ടെത്തി. ഭക്ഷണപ്പുഴുക്കളുടെ കുടലിലെ ബാക്റ്റീരിയകള്‍ക്ക് പ്ലാസ്റ്റിക്കില്‍ അടഞ്ഞിരിക്കുന്ന പോളിമറുകളെ വേര്‍തിരിക്കാന്‍ സാധിക്കുന്നു. ഒപ്പം, ക്ലുവേര (Kluyvera), ലാക്ടോകോക്കസ് (Lactococcus), ക്ലെബ്സിയെല്ല (Klebsiella) തുടങ്ങിയ സൂക്ഷ്മജീവികള്‍ പോളിസ്റ്റൈറീൻ ആഗിരണം ചെയ്യുന്നതില്‍ നിർണായക പങ്ക് വഹിക്കുന്നു. ഇത്തരം സൂക്ഷ്മ ജീവികള്‍ പ്ലാസ്റ്റിക് ആഗിരണം ചെയ്യുന്നതിനാവശ്യമായ എന്‍സൈമുകള്‍ ഉത്പാദിപ്പിക്കുന്നതാണ് കാരണം. ഇത്തരത്തില്‍ ജൈവികമായി തന്നെ പ്ലാസ്റ്റിക് ആഗിരണം ചെയ്യപ്പെടുന്നതിനാല്‍ ഇത് ലാർവകളെ ദോഷകരമായി ബാന്ധിക്കുന്നില്ലെന്നും ഗവേഷകര്‍ അവകാശപ്പെട്ടു.പുതിയ കണ്ടെത്തല്‍, പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാർജ്ജനത്തിന് ഭാവിയില്‍ മുതല്‍ക്കൂട്ടാവുമെന്നാണ് ഗവേഷകരുടെ നിഗമനം. പ്ലാസ്റ്റിക്കിനെ വേര്‍തിരിക്കാനും ഭക്ഷ്യയോഗ്യമാക്കി മാറ്റാനും കഴിയുന്ന എന്‍സൈമുകളുടെയും (Enzymes) ബാക്റ്റീരിയല്‍ സ്ട്രൈന്‍സുകളുടെയും (Bacterial strains) കണ്ടെത്തല്‍ പ്ലാസ്റ്റിക് പുനരുപയോഗത്തെ ത്വരിതപ്പെടുത്തും. അതോടൊപ്പം മൃഗങ്ങളുടെ തീറ്റയ്ക്കായി പ്ലാസ്റ്റിക്കിനെ ഉയർന്ന മൂല്യമുള്ള പ്രാണി പ്രോട്ടീനാക്കി മാറ്റുന്നതിന് ഭാവിയില്‍ കഴിയുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.അതേസമയം ഈ ലാർവകളില്‍ നേരത്തെ തന്നെ പ്ലാസ്റ്റിക് ഭക്ഷ്യയോഗ്യമാക്കുന്ന എന്‍സൈമുകള്‍ ഉണ്ടായിരുന്നോ അതോ പ്ലാസ്റ്റിക് കഴിച്ച ശേഷമാണോ പുഴുക്കള്‍ക്ക് ഈ പ്രത്യേക കഴിവ് ലഭിച്ചത് എന്നുള്ള പഠനം നടത്തുമെന്നും ഗവേഷകയായ ഇവാലീൻ എൻഡോട്ടോനോ കൂട്ടിചേര്‍ത്തു.

Sharing

Leave your comment

Your email address will not be published. Required fields are marked *