മാലിന്യം കൂടിയാല്‍ ഹരിതകര്‍മസേനയ്ക്ക് കൊടുക്കേണ്ട പൈസയും കൂടും; മാര്‍ഗരേഖ പുതുക്കി
തിരുവനന്തപുരം: അജൈവ മാലിന്യം ശേഖരിക്കുന്നതിന് ഹരിതകർമസേനയ്ക്ക് കൂടുതല്‍ യൂസർ ഫീ ഈടാക്കാമെന്നു വ്യക്തമാക്കി തദ്ദേശ വകുപ്പ് മാർഗരേഖ പുതുക്കി.മാലിന്യത്തിന് അനുസരിച്ച് ഫീസ് കൂട്ടാനാണ് അനുമതിയുള്ളത്. നിലവില്‍ സ്ഥാപനങ്ങള്‍ക്കു നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ നിരക്ക് 100 രൂപയാണ്. മാലിന്യത്തിന് ആനുപാതികമായും പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ക്ക് അനുസരിച്ചും നിരക്ക് കൂട്ടാനാണ് പുതിയ തീരുമാനം.വീടുകളില്‍ നിന്ന് അജൈവ മാലിന്യം ശേഖരിക്കാൻ പഞ്ചായത്തുകളില്‍ കുറഞ്ഞത് 50 രൂപയും നഗരസഭകളില്‍ കുറഞ്ഞത് 70 രൂപയും തുടരാമെന്നാണു മാർഗരേഖയില്‍ പറയുന്നത്. കൂടിയ നിരക്ക് എത്രയെന്നു മാർഗരേഖയില്‍ ഇല്ല. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള കോർപറേഷൻ മേഖലകളില്‍ വീടുകളില്‍ നിന്നു 100 രൂപയാണ് ഈടാക്കുന്നത്. ഇതു സംബന്ധിച്ച് പുതിയ നിർദേശങ്ങളില്ല.നിശ്ചയിക്കുന്ന നിരക്ക് തദ്ദേശ സ്ഥാപന ഭരണസമിതി തീരുമാനമെടുത്തു പ്രസിദ്ധീകരിക്കണം. വലിയ അളവില്‍ മാലിന്യമുള്ള സ്ഥാപനങ്ങളില്‍ നിന്നു പ്രതിമാസം 5 ചാക്ക് വരെ കുറഞ്ഞത് 100 രൂപ നിരക്കിലും അധികമായി വരുന്ന ഓരോ ചാക്കിനും കുറഞ്ഞത് 100 രൂപയും ഈടാക്കണം. യൂസർ ഫീ നല്‍കാത്ത കെട്ടിട ഉടമകളില്‍ നിന്നു കുടിശിക, വസ്തു നികുതി പോലെ തദ്ദേശ സ്ഥാപന സെക്രട്ടറി ഈടാക്കി തൊട്ടടുത്ത മാസം ഹരിതകർമസേന കണ്‍സോർഷ്യം അക്കൗണ്ടിലേക്ക് കൈമാറണം. യൂസർ ഫീസിനായി ഉപയോഗിക്കുന്ന രസീത് ഏകീകൃത രൂപത്തിലാകണമെന്നും ഇതു തദ്ദേശ സ്ഥാപനം അച്ചടിച്ച് ഹരിതകർമസേനാ ഭാരവാഹികള്‍ക്കു കൈമാറണമെന്നും മാർഗരേഖയില്‍ വ്യക്തമാക്കി.