കാനഡയില്‍ ഹിന്ദു – സിഖ് സംഘര്‍ഷം വര്‍ധിക്കുന്നു: ഖലിസ്ഥാൻവാദി രബീന്ദര്‍ സിംഗ് മാലിയെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യൻ വംശജനായ രജീന്ദര്‍ കുമാര്‍ അറസ്റ്റില്‍
ഖലിസ്ഥാൻ അനുഭാവിയായ രബീന്ദർ സിംഗ് മാലിയെ കൊലപ്പെടുത്തിയ കേസില്‍ ഇന്തോ-കനേഡിയൻ സ്വദേശി രജീന്ദർ കുമാറിനെ അറസ്റ്റ് ചെയ്തതായി കനേഡിയൻ പൊലീസ് അറിയിച്ചു.കാനഡയിലെ രണ്ട് മതവിഭാഗങ്ങള്‍ തമ്മിലുള്ള സംഘർഷം വീണ്ടും വർധിപ്പിച്ച ഈ കൊലപാതകം നവംബർ 9 ന് ഒൻ്റാറിയോയിലാണ് റിപ്പോർട്ട് ചെയ്തത്. കൃത്യ നിർവഹണത്തിന് തടസ്സം നിന്നു എന്ന കുറ്റത്തിന് രജീന്ദർ കുമാറിൻ്റെ ഭാര്യ ശീതള്‍ വർമയെയും പൊലീസ് അറസ്റ്റ് ചെയ്തു.കൊലപാതകത്തില്‍ “ഹിന്ദുത്വ ഘടകങ്ങളുടേയും സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്‌എഫ്‌ജെ) എന്ന സംഘടനയുടെ ഇടപെടലിൻ്റേയും തെളിവുണ്ടെന്ന് പൊലീസ് പറയുന്നു.നവംബർ 3 ന് ഹിന്ദു പുരോഹിതനായ രജീന്ദർ പ്രസാദിൻ്റെ ചില വിവാദപരമായ ആഹ്വാനങ്ങളുമായി ബന്ധപ്പെട്ട് രജീന്ദ്ര കുമാർ വാട്ട്‌സ്‌ആപ്പില്‍ മാലിയുമായി വഴക്കിട്ടിരുന്നു എന്ന് ഖലിസ്ഥാൻ വാദി നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂൻ അവകാശപ്പെടുന്നു. കുമാർ മാലിയെ തൻ്റെ വീട്ടിലേക്ക് വിളിച്ചു വരുത്തി ആസൂത്രിത ആക്രമണത്തില്‍ മാരകമായി കുത്തിക്കൊലപ്പെടുത്തിയെന്നാണ് പന്നൂൻ്റെ ആരോപണം. നവംബർ 9 നു രാത്രി 10 മണിയോടെ ഡീർ റിഡ്ജ് ട്രയലിലെ ഒരു വസതിയില്‍ ബ്രാംപ്ടണില്‍ താമസിക്കുന്ന മാലിക്ക് (52) പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കാലിഡണിലെ രജീന്ദർ കുമാർ (47), ശീതള്‍ വർമ (35) എന്നിവരെ അറസ്റ്റ് ചെയ്തതായി പീല്‍ റീജണല്‍ പൊലീസ് ബുധനാഴ്ച അറിയിച്ചു. നവംബർ 18-ന് രജീന്ദർ കുമാറിനെ ഒൻ്റാറിയോ കോടതിയില്‍ ഹാജരാക്കും.ഒരു കൂട്ടം ഖാലിസ്ഥാനികള്‍ സരേ ബിസിക്ക് ചുറ്റും മാർച്ച് ചെയ്യുന്ന ഒരു വിഡിയോ ഒരു കനേഡിയൻ പത്രപ്രവർത്തകൻ X-ല്‍ പോസ്റ്റ് ചെയ്തു. “കാനഡ ഞങ്ങളുടേതാണ്”, “കാനഡ ഖലിസ്ഥാനാണ്”, “വെള്ളക്കാർ യൂറോപ്പിലേക്ക് മടങ്ങിപ്പോകണം” തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതും വിഡിയോയില്‍ വ്യക്തമായി കാണാം. തങ്ങളുടെ രാജ്യത്തെ നയങ്ങള്‍ രൂപപ്പെടുത്താൻ ഇത്തരം ഘടകങ്ങളെ എങ്ങനെ അനുവദിക്കുന്നുവെന്ന ചോദ്യം കനേഡിയൻ പൗരന്മാരില്‍ നിന്ന് ഉയർന്നിട്ടുണ്ട്. നടപടി ആവശ്യപ്പെട്ട് പലരും ഈ വിഡിയോ കനേഡിയൻ പൊലീസിനെ ടാഗ് ചെയ്തിട്ടുണ്ട്.