ഹൂതികള്‍ അമേരിക്കയുടെ യുദ്ധക്കപ്പലുകള്‍ക്കു നേരെ വന്‍ ആക്രമണം;തിരിച്ചടിച്ച്‌ അമേരിക്കയും ബ്രിട്ടനും

യെമനിലെ ഹൂതികള്‍ അമേരിക്കയുടെ യുദ്ധക്കപ്പലുകള്‍ക്കു നേരെ വന്‍ ആക്രമണം നടത്തിയ വാര്‍ത്തകളാണ് പുറത്തുവരുന്നത്.തിരിച്ചടിയായി ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്കയും ബ്രിട്ടനും ചേര്‍ന്ന് പ്രത്യാക്രമണം നടത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. യെമെനിലെ ഹൂതികള്‍ രണ്ടും കല്‍പ്പിച്ചാണ് നിലയുറപ്പിച്ചിരിക്കുന്നത്.അമേരിക്കയും ഇസ്രയേലും ഹൂതികളുടെ മുന്നില്‍ അല്‍പ്പമൊന്നു അടിപതറിയെന്നു തന്നെ പറയാം.
ഇറാന്റെ പിന്തുണയോടെയാണ് ഇസ്രയേലിനെ വിറപ്പിക്കുന്ന മൂന്നു സായുധ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. അതില്‍ ആദ്യത്തേതാണ് ഹമാസ്. ഹമാസ് ഗസയില്‍ ഒരു വര്‍ഷത്തോളമായി ഇസ്രയേലിനെതിരെ യുദ്ധം ചെയ്തുകൊണ്ടിരിക്കുകയാണ്.ലെബനില്‍ ഹിസ്ബുല്ല ഏകദേശം ഒരു വര്‍ഷമായി ഇസ്രയേലുമായി നിരന്തരം ഏറ്റുമുട്ടുന്നു. മൂന്നാമത്തെ ഇറാന്‍ പിന്തുണയുള്ള സംഘടനയാണ് യമനിലെ ഹൂതികള്‍. ഒന്‍പത് വര്‍ഷമായി യെമനില്‍ തന്നെ കടുത്ത ആഭ്യന്തര യുദ്ധത്തിലൂടെയാണ് ഹൂതികള്‍ കടന്നുപോകുന്നത്. ഇതിനിടയിലാണ് ഗാസയെ ഇസ്രായേല്‍ ആക്രമിച്ചതും അതിനു പ്രതികാരമായി ഹൂതികള്‍ ഇസ്രയേല്‍ കപ്പലുകള്‍ക്ക് നേരെ ചെങ്കടലില്‍ ആക്രമണം അഴിച്ചുവിട്ടതും.ഇസ്രയേല്‍ ഗാസയിലെ ആക്രമണത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് ഹൂതികളുടെ ആക്രമണം. നിലവില്‍ അറേബ്യന്‍ കടലില്‍ ഉള്‍പ്പെടെയുള്ള കപ്പലുകളെ ഹൂതികള്‍ ലക്ഷ്യമിടുന്നുണ്ട്.കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഏകദേശം തൊണ്ണൂറോളം കപ്പലുകളാണ് ഹൂതികള്‍ ആക്രമിച്ചത്. ഇവയില്‍ രണ്ടു കപ്പലുകളെ മുഴുവനായും ഹൂതികള്‍ കടലില്‍ മുക്കുകയും നാല് നാവികരെ കൊലപ്പെടുത്തുകയും ചെയ്തു.ഹൂതികള്‍ ഹൈജാക്ക് ചെയ്ത ഒരു കപ്പല്‍ ഇപ്പോഴും യമനിലെ തീരത്ത് കിടക്കുകയാണ്.ഇതെല്ലം സംഭവിക്കുമ്ബോഴാണ് അമേരിക്കയെ പോലും ഞെട്ടിപ്പിച്ചുകൊണ്ട്, അവരുടെ ഏറ്റവും വലിയ സമ്ബാദ്യമെന്ന് വിലയിരുത്താന്‍ കഴിയുന്ന കപ്പലായ എബ്രഹാം ലിങ്കണിനെയും ആക്രമിച്ചിരിക്കുന്നത്.ചെങ്കടലിനോട് ചേര്‍ന്ന് അറബിക്കടലിലാണ് ഈ കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നത്.അമേരിക്കയുടെ പതിനാറാമത്തെ പ്രസിഡന്റായ എബ്രഹാം ലിങ്കണിന്റെ പേരിലാണ് ഈ കപ്പല്‍.വിമാനവാഹിനി കപ്പല്‍ കൂടിയാണിത്.നിരവധി യുദ്ധ വിമാനങ്ങളും ഡ്രോണുകളും മിസൈലുകളും ഉള്‍പ്പടെയുള്ള യുദ്ധ സന്നാഹങ്ങളുള്ള ഈ കപ്പലിനെ പൊടുന്നനെ ആക്രമിക്കുക ഒട്ടും എളുപ്പമല്ല.എന്നാല്‍,ഈ കപ്പലിന് നേരെ വലിയ രീതിയിലുള്ള ആക്രമണം നടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.ആക്രമണം വിജയിച്ചുവെന്നാണ് ഹൂതികള്‍ അവകാശപ്പെടുന്നത്.എന്നാല്‍, കപ്പലിനെന്തെങ്കിലും കേടുപാടുകള്‍ ഉണ്ടായതായി സ്ഥിരീകരണമില്ല.ആക്രമണം പ്രതിരോധിച്ചെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. അമേരിക്കയും ബ്രിട്ടനുമുള്‍പ്പടെ പന്ത്രണ്ടു രാജ്യങ്ങളാണ് ചെങ്കടലില്‍ ഹൂതികളുടെ ആക്രമണം നേരിടാനായി സര്‍വ സന്നാഹങ്ങളുമായി അണിനിരന്നിരിക്കുന്നത്. ഇതിനെയെല്ലാം തകര്‍ത്തുകൊണ്ടാണ് ഹൂതികള്‍ അമേരിക്കയുടെ പ്രൈഡ് എന്നു വിശേഷിപ്പിക്കാവുന്ന എബ്രഹാം ലിങ്കണിനു നേരെ ആക്രമണം നടത്തിയത്.
അമേരിക്കയുടെ അഭിമാനത്തിനേറ്റ ക്ഷതമാണിത്.തുടര്‍ന്നാണ് ഹൂതി കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്ക തിരിച്ചടിച്ചത്.അമേരിക്കയുടെ യുദ്ധ വിമാനങ്ങള്‍ യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ ശക്തമായ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.ഒരു കൊല്ലമായി അമേരിക്കയും ബ്രിട്ടനും തുടരെ തുടരെ ആക്രമണങ്ങള്‍ നടത്തിയിട്ടും ഹൂതികളെ ഇല്ലാതാക്കാന്‍ കഴിയുന്നില്ല.ആദ്യം ചരക്കുകപ്പലുകളെയായിരുന്നു ഹൂതികള്‍ ലക്ഷ്യമിട്ടത്.ഇപ്പോള്‍ അമേരിക്കയുടെ യുദ്ധക്കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്താന്‍ ഹൂതികള്‍ ധൈര്യത്തോടെ മുന്നോട്ടു വന്നിരിക്കുകയാണ്..

Sharing

Leave your comment

Your email address will not be published. Required fields are marked *