മാസങ്ങള്‍ക്കുള്ളില്‍ കൊന്നത് മൂന്ന് പേരെ; നരഭോജിയായ പുള്ളിപ്പുലിക്ക് ജീവപര്യന്തം തടവ് ശിക്ഷ

സൂറത്ത്: പുള്ളിപ്പുലിക്ക് ജീവപര്യന്തം തടവ് ശിക്ഷ നല്‍കാൻ അധികൃതർ. ഗുജറാത്തിലെ സൂറത്തില്‍ മാസങ്ങള്‍ക്കുള്ളില്‍ മൂന്ന് പേരെ കൊലപ്പെടുത്തിയ നരഭോജിയായ പുള്ളിപ്പുലിയെ ആണ് പുനരധിവാസ കേന്ദ്രത്തില്‍ പാർപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.സൂറത്തിന് സമീപമുള്ള മാണ്ഡ്വിയില്‍ നിന്ന് ഞായറാഴ്ച ആണ് പുള്ളിപ്പുലിയെ വനം വകുപ്പ് കൂട്ടിലാക്കിയത്. ഒരു ആഴ്ചയിലേറെ നീണ്ട ശ്രമത്തിനൊടുവിലാണ് പുള്ളിപ്പുലിയെ പിടിക്കാനായത്.നിരവധി ഗ്രാമങ്ങളെ ഭീതിയില്‍ ആഴ്ത്തിയതിന് പിന്നാലെയായിരുന്നു നടപടി. ഇനിയുള്ള ജീവിത കാലം പുള്ളിപ്പുലിയെ സാങ്ഖാവിലെ പുനരധിവാസ കേന്ദ്രത്തില്‍ പാർപ്പിക്കുമെന്നാണ് അധികൃതർ വിശദമാക്കുന്നത്. മനുഷ്യർക്കെതിരെ നിരന്തര ആക്രമണം പതിവായതിന് പിന്നാലെയാണ് നടപടിയെന്നാണ് വനംവകുപ്പ് ഡെപ്യൂട്ടി കണ്‍സർവേറ്റർ ആനന്ദ് കുമാർ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്.മനുഷ്യരെ സ്ഥിരമായി ആക്രമിക്കുന്ന സ്വഭാവം കാണിക്കുന്ന മൃഗങ്ങളെ പുനരധിവാസ കേന്ദ്രങ്ങളില്‍ പാർപ്പിക്കണമെന്നാണ് മാനദണ്ഡം. മാണ്ഡ്വിയില്‍ ഉഷ്കെർ ഗ്രാമത്തില്‍ കരിമ്ബ് പാടത്തിന് സമീപത്ത് കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരനെ പുള്ളിപ്പുലി പിടിച്ചതിന് പിന്നാല വലിയ രീതിയിലുള്ള പ്രതിഷേധം മേഖലയില്‍ രൂപം കൊണ്ടിരുന്നു. ഇതിന് പിന്നാലെയാണ് പുള്ളിപ്പുലിയെ പിടികൂടാനുള്ള സജീവ ശ്രമങ്ങള്‍ ആരംഭിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഏഴ് വയസുകാരനെ പുള്ളിപ്പുലി പിടികൂടിയത്. പ്രദേശവാസികളുമായി ചേർന്ന് കുടുംബം നടത്തിയ തെരച്ചിലിനൊടുവിലാണ് പുള്ളിപ്പുലി ഭക്ഷിച്ച കുട്ടിയുടെ ശരീര ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു.
ഇതിന് പിന്നാലെ ഗ്രാമീണരുടെ പ്രതിഷേധം ശക്തമായതിന് പിന്നാലെ പത്തോളം കൂടുകളാണ് വനം വകുപ്പ് മേഖലയില്‍ സ്ഥാപിച്ചത്. മൃതദേഹത്തിന്റെ ശേഷിച്ച ഭാഗങ്ങള്‍ തേടിയെത്തിയ പുള്ളിപ്പുലി കൂട്ടില്‍ വീഴുകയായിരുന്നു. തുടക്കത്തില്‍ പുള്ളിപ്പുലിയെ നിരീക്ഷണത്തില്‍ പാർപ്പിച്ച ശേഷം തിരികെ കാട്ടിലേക്ക് വിടുമെന്ന സൂചന വന്നതോടെ നാട്ടുകാർ വലിയ രീതിയില്‍ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുള്ളിപ്പുലിയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. സെപ്തംബറില്‍ സമീപ മേഖലയായ അംറേലിയില്‍ നിന്ന് രണ്ട് വയസുകാരനെയാണ് പുള്ളിപ്പുലി പിടികൂടിയത്.

Sharing

Leave your comment

Your email address will not be published. Required fields are marked *