ദീര്‍ഘദൂര റൂട്ടുകള്‍ വിട്ടുനല്‍കാതെ ഗതാഗത വകുപ്പ്; പണിമുടക്കിന് തയ്യാറെടുക്കാൻ സ്വകാര്യ ബസുകള്‍

മലപ്പുറം: 140 കിലോമീറ്ററില്‍ കൂടുതല്‍ ദൈർഘ്യമുള്ള ബസ് റൂട്ടുകള്‍ക്കും ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ക്കും സ്വകാര്യ മേഖലയില്‍ പെർമിറ്റുകള്‍ നല്‍കേണ്ടതില്ലെന്ന സർക്കാർ തീരുമാനം ഹൈക്കോടതി റദ്ദാക്കിയിട്ടും റൂട്ടുകള്‍ വിട്ടുനല്‍കാൻ മടിച്ച്‌ ഗതാഗത വകുപ്പ്.ഇതോടെ പണിമുടക്കിന് തയ്യാറെടുക്കുകയാണ് സ്വകാര്യ ബസുടമകള്‍. 19ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ടശേഷം അനൂകൂല തീരുമാനമില്ലെങ്കില്‍ സർവീസ് നിർത്തി വയ്ക്കുന്നത് ഉള്‍പ്പെടെയുള്ള സമരങ്ങളിലേക്ക് നീങ്ങാനാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ തീരുമാനം.2023 മെയ് 4 മുതലാണ് സ്വകാര്യ ബസുകള്‍ക്ക് 140 കിലോ മീറ്ററില്‍ താഴെ മാത്രം പെർമിറ്റ് നല്‍കിയാല്‍ മതിയെന്ന് സർക്കാർ തീരുമാനിച്ചത്. മോട്ടാർ വാഹന ചട്ടത്തില്‍ ഭേദഗതി വരുത്തിയായിരുന്നു സർക്കാർ ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. എന്നാല്‍ ഇതിനെ ചോദ്യം ചെയ്ത് ബസ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചു. ഈ മാസം ആറാം തിയതി ഹൈക്കോടതി ഈ ഉത്തരവ് റദ്ദാക്കി. ഹൈക്കോടതി ഉത്തരവ് ഇട്ടിട്ടും സർക്കാർ പെർമിറ്റ് പുതുക്കി നല്‍കാൻ തയ്യാറാകുന്നില്ലെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ പരാതി.പെർമിറ്റ് പുതുക്കി കിട്ടാത്തത് കാരണം പല സ്വകാര്യ ബസുകളും ഓടാൻ കഴിയാതെ നിർത്തിയിട്ടിരിക്കുകയാണ്. ഇത് ജീവനക്കാർക്ക് വലിയതോതില്‍ തൊഴില്‍ നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അടിയന്തരമായി പെർമിറ്റ് നല്‍കണമെന്നും ഇല്ലെങ്കില്‍ 140 കിലോമീറ്ററില്‍ താഴെയുള്ള ബസുകള്‍ ഉള്‍പ്പെടെ എല്ലാ സ്വകാര്യ ബസുകളും പണിമുടക്കിലേക്ക് കടക്കുമെന്നും ബസുടമകള്‍ വ്യക്തമാക്കി.

Sharing

Leave your comment

Your email address will not be published. Required fields are marked *