കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് കെകെ രത്നകുമാരി;
കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിലെ അഡ്വ. കെ കെ രത്നകുമാരിക്ക് വിജയം.യു ഡി എഫിലെ ജൂബില ചാക്കോയെയാണ് രത്നകുമാരി പരാജയപ്പെടുത്തിയത്. ഇടത് സ്ഥാനാർത്ഥിക്ക് 16 വോട്ടുകള്‍ ലഭിച്ചപ്പോള്‍ യു ഡി എഫ് സ്ഥാനാർത്ഥി നേടാനായത് 7 വോട്ടുകളാണ്. ആകെ 24 അംഗങ്ങളുള്ള ഭരണ സമിതിയില്‍ എല്‍ ഡി എഫിന് 17 പേരുടേയും യു ഡി എഫിന് ഏഴ് പേരുടേയും പിന്തുണയാണുള്ളത്.എ ഡി എം നവീൻ ബാബുവിന്റെ മരണത്തെ തുടർന്നുണ്ടായ വിവാദങ്ങളെ തുടർന്ന് പി പി ദിവ്യ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നത്. ഇന്ന് നടന്ന തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ പി പി ദിവ്യ എത്തിയില്ല. ജാമ്യത്തിലായതിനാലും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടത്തിയെന്ന രീതിയില്‍ പ്രചാരണം നടക്കാന്‍ സാധ്യതയുണ്ട് എന്നതിനാലുമാണ് ദിവ്യ വോട്ട് ചെയ്യാന്‍ എത്താതിരുന്നതെന്നാണ് രത്ന കുമാരി വ്യക്തമാക്കുന്നത്.ദിവ്യ വോട്ടെടുപ്പിന് എത്തിയാല്‍ പ്രതിഷേധിക്കാന്‍ യു ഡി എഫും ബി ജെ പിയും തയ്യാറായിരുന്നു. വിജയം സുനിശ്ചിതമായ സാഹചര്യത്തില്‍ ഇത്തരമൊരു പ്രതിഷേധത്തിന് കൂടി ഇടം കൊടുത്ത് വാർത്ത സൃഷ്ടിക്കേണ്ടതില്ലെന്ന നിലപാട് സി പി എം സ്വീകരിച്ചതിനാലാണ് ദിവ്യ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നതെന്ന സൂചനയുമുണ്ട്.ജില്ലാ പഞ്ചായത്തിലെ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷയായിരുന്നു രത്നകുമാരി. 23-ാം ഡിവിഷനായ പരിയാരത്ത് നിന്നുള്ള അംഗമാണ് പുതിയ ജില്ലാ പഞ്ചായത്ത് അധ്യക്ഷ. നിയുക്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ആശംസയുമായി പ്രതിപക്ഷ അംഗങ്ങളും രംഗത്തെത്തി. ഫലപ്രഖ്യാപനത്തിനുശേഷം ഉച്ചയോടെ വരണാധികാരിയായ കളക്ടറുടെ സാന്നിധ്യത്തില്‍ രത്നകുമാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.അതേസമയം, പ്രസിഡന്റ് തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമങ്ങള്‍ക്ക് വിലക്കേർപ്പെടുത്തിയത് തർക്കത്തിനിടയാക്കി. തിരഞ്ഞെടുപ്പ് വരണാധികാരികൂടിയായ കളക്ടർ അരുണ്‍കുമാറാണ് വിലക്കേർപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ ജില്ലാ പഞ്ചായത്ത് ഹാളിലെത്തിയ മാധ്യമപ്രവർത്തകരെ കളക്ടറുടെ നിർദേശ പ്രകാരം പൊലീസ് തടയുകയായിരുന്നു.
പഞ്ചായത്തിന് പുറത്തും വലിയ സുരക്ഷാ സന്നാഹങ്ങളായിരുന്നു പൊലീസ് ഒരുക്കിയത്. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ പിന്നീട് കളക്ടർ നിലപാട് മയപ്പെടുത്തി.