പോസ്റ്റ്മാനെയും മകനെയും ആക്രമിച്ച കേസ്; അഞ്ച് പേര്‍ അറസ്റ്റില്‍

കോഴിക്കോട്: വിരമിച്ച പോസ്റ്റ്മാനെയും മകനെയും ആക്രമിച്ച സംഭവത്തില്‍ ക്വട്ടേഷൻ സംഘം പിടിയില്‍. പുത്തൂർ ശ്യാം നിവാസില്‍ മനോഹരൻ (58), വില്ല്യാപ്പള്ളി സ്വദേശികളായ പനയുള്ള മീത്തല്‍ സുരേഷ് (49), കാഞ്ഞിരവള്ളി കുനിയില്‍ വിജീഷ് (42), പട്ടർ പറമ്ബത്ത് രഞ്ജിത്ത് (46), ചുണ്ടയില്‍ മനോജൻ (40) എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.മനോഹരൻ നല്‍കിയ ക്വട്ടേഷന്റെ അടിസ്ഥാനത്തില്‍ ബാക്കി നാല് പേർ ചേർന്നാണ് ആക്രമണം നടത്തിയത്.പുത്തൂർ സ്വദേശിയും മുൻ പോസ്റ്റ്മാനുമായ പാറേമ്മല്‍ രവീന്ദ്രനെയും മകൻ ആദർശിനെയുമാണ് പ്രതികള്‍ ചേർന്ന് ആക്രമിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു സംഭവം. രാത്രി ഇവരുടെ വീട്ടിലേക്ക് അതിക്രമിച്ച കടന്ന അക്രമി സംഘം ഇരുവരെയും മർദ്ദിക്കുകയായിരുന്നു. മുഖം മൂടി ധരിച്ചാണ് ഇവർ എത്തിയത്. തുടർന്ന് വീട്ടില്‍ വിശ്രമിക്കുകയായിരുന്ന രവീന്ദ്രനെ മർദ്ദിച്ചു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് മകന് നേരെ ആക്രമണം ഉണ്ടായത്.മനോഹരനും രവീന്ദ്രനും തമ്മില്‍ അതിർത്തി തർക്കം ഉണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ക്വട്ടേഷൻ നല്‍കിയത്.അഞ്ചംഗ സംഘം എത്തിയ ടാക്സി ജീപ്പ് പോലീസ് സ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രവീന്ദ്രൻ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പ് ചേർത്താണ് പ്രതികള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Sharing

Leave your comment

Your email address will not be published. Required fields are marked *