സീപ്ലെയ്ന്‍ ;കൊച്ചി ബോള്‍ഗാട്ടിയില്‍ നിന്ന് മൂന്നാറിലേക്ക് വെറും 25 മിനിറ്റ്;
സീപ്ലെയ്ന്‍ സര്‍വീസ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ കൊച്ചിയില്‍ നിന്ന് മൂന്നാറിലേക്ക് 25 മിനിറ്റിനുള്ളില്‍ എത്താനാകുമെന്ന് റിപ്പോര്‍ട്ട്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 3 മണിക്കൂര്‍, എറണാകുളം റെയില്‍വേസ്റ്റേഷനില്‍ നിന്ന് മൂന്നര മണിക്കൂര്‍ എന്നിങ്ങനെയാണ് റോഡ് മാര്‍ഗം ഇപ്പോള്‍ മൂന്നാറിലേക്കുള്ള യാത്ര സമയം. നിലവില്‍ നേര്യമംഗലം, അടിമാലി വഴിയാണ് സഞ്ചാരികള്‍ മൂന്നാറിലേക്ക് എത്തുന്നത്. ഈ പാതയുടെ 14.5 കിലോമീറ്റര്‍ വനമേഖലയായതുകൊണ്ട് തന്നെ രാത്രിയാത്ര വളരെ അപകടകരമാണ്. സഞ്ചാരികളില്‍ പലരും ഉച്ചയോടെ മൂന്നാര്‍ വിടുന്നതും പതിവാണെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.ഇതെല്ലാം മൂന്നാറിന്റെ ടൂറിസം സാധ്യതകള്‍ക്ക് വെല്ലു വിളിയാകുന്നുണ്ട്. യാത്രസമയം കുറയുന്നതോടെ ടൂര്‍ കമ്ബനികള്‍ തന്നെ സഞ്ചാരികളെ മൂന്നാറിലെത്തിക്കാന്‍ മുന്‍കൈയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നാറില്‍ ചികിത്സാസൗകര്യങ്ങള്‍ വളരെ പരിമിതമായതിനാല്‍ അടിയന്തര സാഹചര്യങ്ങളില്‍ രോഗികളെ കൊച്ചിയിലെത്തിക്കാനും സീപ്ലെയ്ന്‍ സര്‍വ്വീസ് യാഥാര്‍ത്ഥ്യമാകുന്നതോടെ സാധിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കാന്തല്ലൂര്‍, മറയൂര്‍ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്കും ഈ സൗകര്യം ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.കേന്ദ്രസര്‍ക്കാരിന്റെ ഉഡാന്‍ (UDAN-Ude Desh Ka Aam Nagarik) പദ്ധതിയുടെ ഭാഗമായാണ് സീപ്ലെയ്ന്‍ സര്‍വ്വീസ് ആരംഭിച്ചത്. സഞ്ചാരികള്‍ക്കും പ്രദേശവാസികള്‍ക്കും സീപ്ലെയ്ന്‍ സര്‍വീസ് ഒരുപോലെ പ്രയോജനപ്പെടുത്താന്‍ കഴിയും. 17 സീറ്റര്‍ വിമാനത്തിന്റെ ഉടമസ്ഥര്‍ കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡി ഹാവിലന്‍ഡ് (de Havilland) കമ്ബനിയാണ്.അതേസമയം കൊച്ചിയില്‍ നിന്ന് മൂന്നാറിലേക്കുള്ള സീപ്ലെയ്ന്‍ ടിക്കറ്റ് നിരക്കുകളില്‍ അധികൃതര്‍ വ്യക്ത വരുത്തിയിട്ടില്ല. 1500നും 5000നും ഇടയിലാകും ടിക്കറ്റ് നിരക്കുകളെന്നാണ് പ്രതീക്ഷിക്കുന്നത്. spiceshuttle.com എന്ന വെബ്‌സൈറ്റിലൂടെയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. പകല്‍ സമയത്താണ് സീപ്ലെയ്ന്‍ സര്‍വീസ് ഉണ്ടാകുക. സീപ്ലെയിനില്‍ അനുവദനീയമായ ലഗേജുകളുടെ ഭാരം 25 കിലോഗ്രാമാണ്.ഏകദേശം മൂന്ന് കിലോമീറ്റർ വിശാലമായി കിടക്കുന്ന ജലപ്പരപ്പാണ് മാട്ടുപ്പെട്ടി ഡാമിലേത്. എല്ലാ കാലത്തും വെള്ളമുണ്ടെന്നുള്ളതും മറ്റൊരു പ്രത്യേകതയാണ്. ഇരട്ട എൻജിനുള്ള 19 സീറ്റർ ജലവിമാനമാണ് സർവീസിനായി ഉപയോഗിക്കുന്നത്. ഏതുചെറു ജലാശയത്തിലും എളുപ്പത്തില്‍ ഇറക്കാമെന്നതും ഇതിന്റെ സവിശേഷതയാണ്.അതേസമയം സീപ്ലെയിനിന്റെ ശബ്ദം മാട്ടുപ്പെട്ടിയിലെ ആനകളുടെ സഞ്ചാരത്തെ ബാധിക്കുമെന്ന് വനം വകുപ്പ് അഭിപ്രായപ്പെട്ടു. ഈ വനമേഖലയില്‍ പത്ത് കാട്ടാനകളാണുള്ളത്. വെള്ളം കുടിക്കാനായി മാട്ടുപ്പെട്ടി ഡാമിനും പരിസരപ്രദേശങ്ങളിലുമായി ഇവ കൂട്ടത്തോടെ എത്താറുണ്ട്. സീപ്ലെയ്‌നിന്റെ ശബ്ദം അവയ്ക്കിടയില്‍ ഭീതിയുണ്ടാക്കും. അതിനാല്‍ മാട്ടുപ്പെട്ടി റിസര്‍വോയറില്‍ സീപ്ലെയ്ന്‍ ലാന്‍ഡ് ചെയ്യുന്നത് ഒഴിവാക്കണമെന്നും വനം വകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടു.