ഭരണകര്‍ത്താക്കള്‍ ശിക്ഷ വിധിക്കുന്ന ജഡ്ജിയാവാൻ പാടില്ല;ബുള്‍ഡോസര്‍ രാജിന് ബ്രേക്കിട്ട് സുപ്രീം കോടതി
ന്യൂഡല്‍ഹി: കേസുകളില്‍ ഉള്‍പ്പെട്ട പ്രതികള്‍ കുറ്റക്കാരാണോ എന്ന് തീരുമാനിക്കേണ്ടത് കോടതികളും ജഡ്ജിമാരും ആണെന്ന് സുപ്രീം കോടതി.പ്രതികള്‍ക്ക് ശിക്ഷ വിധിക്കുന്ന ജഡ്ജിയാകാൻ ഭരണകർത്താക്കള്‍ക്ക് കഴിയില്ലെന്ന് ജസ്റ്റിസുമാരായ ബി.ആർ ഗവായ്, കെ.വി വിശ്വനാഥൻ എന്നിവർ അടങ്ങിയ ബെഞ്ച് വിധിച്ചു.കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളുടെ വീടുകള്‍ ശിക്ഷയെന്ന നിലയില്‍ ബുള്‍ഡോസർ ഉപയോഗിച്ച് തകർക്കുന്നത് ഭരണഘടന വിരുദ്ധവും നിയമവിരുദ്ധവും ആണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അനധികൃത നിർമ്മാണങ്ങള്‍ നീക്കുന്നതിനുള്ള മാർഗരേഖ സുപ്രീം കോടതി പുറത്തിറക്കി.കേസുകളില്‍ ശിക്ഷിക്കപെട്ടവരുടെ വീടുകള്‍ പോലും തകർക്കാൻ നിയമം അനുവദിക്കുന്നില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹീനമായ ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ക്ക് പോലും ശിക്ഷ തീരുമാനിക്കാനുള്ള അധികാരം കോടതിക്ക് മാത്രമാണ്. പാർപ്പിടം ഭരണഘടന പൗരന് ഉറപ്പ് നല്‍കുന്ന അവകാശം ആണ്. കെട്ടിടങ്ങള്‍ പൊളിക്കുന്ന സർക്കാരുകളുടെ ഏകപക്ഷീയമായ നടപടി അംഗീകരിക്കാൻ ആകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.ഏതെങ്കിലും ഒരു പ്രതിയുടെ വീട് നിയമപ്രകാരമല്ലാതെ പൊളിച്ചാല്‍ അവർക്ക് നഷ്ടപരിഹാരം തേടി കോടതിയെ സമീപിക്കാവുന്നത് ആണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നിയമ വിരുദ്ധമായ പൊളിക്കലുകളില്‍ ഏർപ്പെടുന്ന ഉദ്യോഗസ്ഥർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കാം എന്നും സുപ്രീം കോടതി വ്യക്തമാക്കി.അതെ സമയം വ്യക്തികളുടെ അനധികൃത നിർമാണങ്ങള്‍ നിയമപരമായി പൊളിക്കാൻ സർക്കാരുകള്‍ക്ക് അവകാശം ഉണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അങ്ങനെ പൊളിക്കുമ്ബോള്‍ നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കണം. അനധികൃത നിർമ്മാണങ്ങള്‍ നീക്കുന്നതിന് മുന്നോടിയായി നോട്ടീസ് നല്‍കണം. ആ നോട്ടീസ് കോടതിയില്‍ ചോദ്യം ചെയ്യാൻ കെട്ടിട ഉടമകള്‍ക്ക് അവസരം നല്‍കണം എന്നും സുപ്രീം കോടതി നിർദേശിച്ചു.