കടല്‍ക്ഷോഭവും കൊടുങ്കാറ്റും: 45 ഡിഗ്രി ചരിഞ്ഞ് ക്രൂയിസ് കപ്പല്‍

അതിശക്തമായ കടല്‍ക്ഷോഭത്തെയും കൊടുങ്കാ‍റ്റിനെയും തുടർന്ന് 45 ഡിഗ്രി ചരിഞ്ഞ് റോയല്‍ കരീബിയൻ ക്രൂയിസ്. റോയല്‍ കരീബിയൻ എക്സ്പ്ലോറർ ഓഫ് ദ സീസ് കപ്പലില്‍ നിന്നുള്ള നാടകീയമായ ദൃശ്യങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി.പ്രതികൂല കാലാവസ്ഥയെത്തുടർന്ന് കപ്പല്‍ 45 ഡിഗ്രി ചെരിഞ്ഞുവെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. ഇതോടെ കപ്പലിലുണ്ടായിരുന്ന യാത്രികർക്ക് തങ്ങളുടെ ബാലൻസ് നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി.ബാഴ്‌സലോണയില്‍ നിന്ന് മിയാമിയിലേക്കുള്ള യാത്രയിലാണ് കപ്പലിന് മോശം കാലാവസ്ഥയെ അഭിമുഖീകരിക്കേണ്ടി വന്നത്. ശക്തമായ കാറ്റിലും കടല്‍ക്ഷോഭത്തിലും പെട്ട കപ്പലില്‍ നിന്നും ആളുകള്‍ ബാലൻസിന് വേണ്ടി ശ്രമിക്കുന്നതും ചരിഞ്ഞുവീഴാനായുന്നതും വീഡിയോയില്‍ കാണാം. ഇത് കൂടാതെ കുപ്പികള്‍ ബാർ ഷെല്‍ഫുകളില്‍ നിന്ന് വീഴുന്നതും മേശകള്‍ മറിഞ്ഞു വീഴുന്നതും കാണാം. ക്രൂയിസ് മാപ്പർ പറയുന്നതനുസരിച്ച്‌, വ്യാഴാഴ്ച രാത്രി സ്പെയിനിലെ കാസ്റ്റിലിയൻ തീരത്ത് നിന്ന് പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കപ്പല്‍ കാറ്റിലകപ്പെട്ടത്. സ്‌പെയിനിലെ കാനറി ദ്വീപുകളിലെ ഏറ്റവും വലിയ ടെനറൈഫിന് സമീപത്ത് വച്ചാണ് കപ്പല്‍ അപ്രതീക്ഷിതമായ കാറ്റില്‍ പെട്ടുപോയത് എന്നും റോയല്‍ കരീബിയൻ ക്രൂയിസ് പ്രസ്താവനയില്‍ പറഞ്ഞു. കപ്പലില്‍ ആ സമയത്ത് 4,290 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
സംഭവത്തെത്തുടർന്ന്, എണ്ണമെടുക്കുന്നതിനും സുരക്ഷാ പരിശോധനയ്ക്കും വേണ്ടി യാത്രക്കാരോട് അവരവരുടെ ക്യാബിനുകളിലേക്ക് മടങ്ങാൻ അഭ്യർത്ഥിക്കുകയായിരുന്നത്രെ. റോയല്‍ കരീബിയൻ പറയുന്നത് യാത്രക്കാരില്‍ ഒരാള്‍ക്ക് മാത്രമാണ് കാര്യമായ പരിക്കേറ്റിട്ടുള്ളത് എന്നാണ്. മറ്റ് ചില യാത്രക്കാർക്ക് ചെറിയ ചെറിയ പരിക്കുകള്‍ മാത്രമേ ഉള്ളൂവെന്നും റോയല്‍ കരീബിയൻ സ്ഥിരീകരിച്ചു.

Sharing

Leave your comment

Your email address will not be published. Required fields are marked *