ഇൻഫോപാർക്ക് ഭൂമി ഏറ്റെടുക്കൽ: 17 വർഷത്തിന് ശേഷം ഭൂവുടമകൾക്ക് നീതി; നഷ്ടപരിഹാരം ഉയർത്തി ഹൈക്കോടതി

കൊച്ചി ∙ ഇൻഫോപാർക്ക് രണ്ടാംഘട്ടത്തിനായി ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം ഉയർത്തി ഹൈക്കോടതി. ഭൂമി വിട്ടുകൊടുത്ത 34 പേർ നൽകിയ അപ്പീലിലാണ് ജസ്റ്റിസുമാരായ അമിത് റാവൽ, എസ്.ഈശ്വരൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഒരു ആർ (2.47 സെന്റ്) ഭൂമിക്ക് 7,06,745 രൂപ വീതം അപ്പീലുകാർക്ക് അർഹതയുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കൽ നിയമത്തിന്റെ വിവിധ വകുപ്പുകൾ പ്രകാരമുള്ള ആനുകൂല്യങ്ങൾക്കും ഭൂവുടമകൾക്ക് അർഹതയുണ്ടെന്നും കോടതി അറിയിച്ചു.

ഇൻഫോപാർക്ക് രണ്ടാംഘട്ടത്തിനായി കുന്നത്തുനാട് വില്ലേജിൽ 100 ഏക്കറിലേറെ ഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്. ഭൂമി ഏറ്റെടുക്കൽ നിയമം 1894 പ്രകാരം സർക്കാർ 2007 സെപ്റ്റംബർ 20ന് വിജ്ഞാപനം പുറപ്പെടുവിച്ചു. തങ്ങളുടെ ഭൂമി സെന്റിന് എട്ടു ലക്ഷം രൂപയായിരുന്നു ഭൂവുടമകൾ ആവശ്യപ്പെട്ടത്. എന്നാൽ സെന്റിന് 52,520 രൂപയായിരുന്നു സർക്കാർ നിശ്ചയിച്ച തുക. ഒടുവിൽ 84,000 രൂപയ്ക്ക് ഭൂമി റജിസ്റ്റർ ചെയ്തു നൽകി. നഷ്ടപരിഹാരം കുറഞ്ഞതിന്റെ പേരിൽ ഭൂവുടമകൾ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇത് കാലഹരണപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി പെരുമ്പാവൂർ സബ്കോടതി ഹർജി തള്ളി. തുടർന്നാണ് ഭൂവുടമകൾ ഹൈക്കോടതിയെ സമീപിച്ചത്

നികത്തു ഭൂമി ഉൾപ്പെടെ പല വിഭാഗത്തിൽപ്പെട്ട ഭൂമിയുണ്ടായിരുന്നെങ്കിലും ഒരേ ഉദ്ദേശ്യത്തോടെ ഏറ്റെടുക്കുന്ന ഭൂമിക്ക് ഏകീകൃതമായിട്ടാണു വില നിശ്ചയിക്കേണ്ടത് എന്നു സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നിർദേശം

Sharing

Leave your comment

Your email address will not be published. Required fields are marked *