‘അച്ഛനെ വീട്ടിലിരുത്തി അമ്മയെ മാത്രം കൊണ്ടുപോകാമെന്ന് കരുതേണ്ട’; നിയമം പണിതരും
അബുദാബി: വിദേശരാജ്യങ്ങളില്‍ കാലങ്ങളായി ജോലി ചെയ്യുന്ന മിക്കവരും ആഗ്രഹിക്കുന്ന ഒന്നാണ് പ്രായമായ മാതാപിതാക്കളെക്കൂടി ഒപ്പം കൂട്ടണമെന്നത്.യുഎയില്‍ ജോലി ചെയ്യുന്ന പ്രവാസികളാണ് നിങ്ങളെങ്കില്‍ മാതാപിതാക്കളെ എത്തിക്കുന്നതിനായി ചില നടപടിക്രമങ്ങള്‍ പാലിക്കണം.ദുബായില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും ദുബായില്‍ താമസമാക്കിയവർക്കും കുടുംബത്തെ എത്തിക്കണമെങ്കില്‍ റെസിഡൻസ് വിസയ്ക്കായി സ്പോണ്സർ ചെയ്യേണ്ടതുണ്ട്. ഒരു തൊഴില്‍ ഉണ്ടായിരിക്കുക ഏറ്റവും പ്രധാനം. സ്വന്തമായി ബിസിനസ് നടത്തുന്നവർക്കും സ്പോണ്സർ ചെയ്യാം. നിങ്ങളുടെ തൊഴില്‍ ദാതാവ് വർക്ക് പെർമിറ്റും സാധുതയുള്ള റെഡിഡൻസി വിസയും ഉറപ്പാക്കേണ്ടതും പ്രധാനമാണ്. ആദ്യമായി കൊണ്ടുവരുന്നതാണെങ്കില്‍ കുടുംബാംഗങ്ങളെ വിസിറ്റ് വിസയിലെത്തിക്കാം. എന്നാല്‍ കുറച്ചേറെ വർഷങ്ങള്‍ താമസിക്കാനാണെങ്കില്‍ റെസിഡൻസി വിസ ഉണ്ടായിരിക്കണം.മാതാപിതാക്കളെ സ്പോണ്സർ ചെയ്യാൻ യുഎഇയില്‍ ജോലി ചെയ്യുന്ന പ്രവാസിക്ക് 10,000 ദിർഹം കുറഞ്ഞ വേതനം ഉണ്ടായിരിക്കണം.മാതാപിതാക്കള്‍ക്ക് മെഡിക്കല്‍ ഇൻഷുറൻസ് ഉണ്ടായിരിക്കണം. ഈ ഇൻഷുറൻസ് വർഷാവർഷം പുതുക്കണം.മാതാവിനും പിതാവിനും ഗ്യാരന്റിയായി ഒരു തുക നിക്ഷേപിച്ച് ഒരുവർഷംവരെ ഒപ്പം താമസിപ്പിക്കാനാവും. സ്പോണ്‍സറിന്റെ വിസാ കാലാവധിക്ക് ആനുപാതികമായിരിക്കില്ല ഈ വാർഷിക വിസ.രണ്ടുപേരെയും ഒരുമിച്ച് മാത്രമേ സ്പോണ്സർ ചെയ്യാൻ സാധിക്കുകയുള്ളൂ. നിർദ്ദിഷ്ട സാഹചര്യങ്ങളില്‍ അല്ലാതെ ഒരാളെ മാത്രം സ്പോണ്സർ ചെയ്യാൻ കഴിയില്ല. മാതാപിതാക്കളുടെ ഏക അത്താണിയാണെന്നും അവരെ പരിപാലിക്കാൻ നാട്ടില്‍ മറ്റാരും ഇല്ലെന്നും തെളിയിക്കണം.ഒരു രക്ഷിതാവ് മരണപ്പെടുകയോ അല്ലെങ്കില്‍ മാതാപിതാക്കള്‍ വിവാഹമോചനം നേടുകയോ ചെയ്താല്‍, ഒരു രക്ഷാകർത്താവിനെ മാത്രം സ്പോണ്സർ ചെയ്യുന്നതിനെ ന്യായീകരിക്കാൻ ഔദ്യോഗിക രേഖകള്‍ ആവശ്യമായി വരും.
ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഒഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) വഴിയോ ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിഎ) വഴിയോ ഓണ്‍ലൈനായി അപേക്ഷിക്കാം. അമേർ സെന്ററുകള്‍, ടൈപ്പിംഗ് സെന്ററുകള്‍ വഴിയും അപേക്ഷിക്കാം.200 ദിർഹം ആണ് റെസിഡൻസ് പെർമിറ്റ് ഫീസ്. ഇതിന് പുറമെ 10 ദിർഹം നോളജ് ഫീ, 10 ദിർഹം ഇന്നോവേഷൻ ഫീസ്, ഡെലിവറി ഫീസ് 20 ദിർഹം, രാജ്യത്തിനകത്തെ ഫീസ് 500 ദിർഹം എന്നിവയും ഒടുക്കണം.ഫാമിലി വിസ ആപ്ളിക്കേഷന്‍ അനുമതി ലഭിച്ച് കഴിഞ്ഞാല്‍ വൈദ്യ പരിശോധനയ്ക്ക് വിധേയരാകണം. 260 ദിർഹം മുതല്‍ 360 ദിർഹം വരെയാണ് ഇതിനുള്ള ഫീസ്.
വൈദ്യ പരിശോധയ്ക്കുശേഷം എമിറേറ്റ്സ് ഐഡിക്കായി അപേക്ഷിക്കണം. ശേഷം പാസ്പോർട്ടില് റെസിഡൻസി വിസ സ്റ്റാമ്ബ് ചെയ്ത് വാങ്ങാം. ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോർട്ട് അതോറിറ്റി വെബ്സൈറ്റിലൂടെ എമിറേറ്റ്സ് ഐഡിക്കായി അപേക്ഷിക്കാം. 370 ദിർഹമാണ് ഫീസ്.സ്പോണ്‍സറുടെ വിസയ്ക്ക് അനുസൃതമായി ഒന്നുമുതല്‍ മൂന്നുവർഷംവരെയാണ് ഫാമിലി വിസ ലഭിക്കുക. ഇത് പുതുക്കാനാവും.