സംസ്ഥാനത്ത് സീപ്ലെയിന്‍ യാഥാര്‍ഥ്യമാകുന്നു; ജലവിമാനമിറങ്ങുന്നത് മാട്ടുപ്പെട്ടിയില്‍
കൊച്ചി :സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് ഉണര്വേകാനായി സീപ്ലെയിന് യാഥാര്ഥ്യമാകുന്നു. കൊച്ചിയില് നിന്ന് ഇടുക്കിയിലേക്കാണ് ആദ്യ പറക്കല്.മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിലാണ് സീപ്ലെയിൻ ഇറങ്ങുക. കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നവംബർ 11 രാവിലെ 9.30ന് വ്യവസായ മന്ത്രി പി രാജീവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ടൂറിസം, വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് മാട്ടുപ്പെട്ടി ജലാശയത്തിലേക്കുള്ള ജലവിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍ ഫ്ലാഗ് ഓഫ് ചെയ്യും. രാവിലെ 11 ന് മാട്ടുപ്പെട്ടിയുടെ ജലപ്പരപ്പിലേക്ക് സീപ്ലെയിൻ താണിറങ്ങും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. എംഎല്‍എമാരായ എ രാജ, എം എം മണി എന്നിവർ പങ്കെടുക്കും.കേന്ദ്ര സര്ക്കാരിന്റെ ഉഡാന് റീജിയണല് കണക്ടിവിറ്റി സ്കീമിന് കീഴിലുള്ള സീപ്ലെയിന് സര്വീസ് ആണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വര്ധിപ്പിക്കുന്നതാണ് പദ്ധതി. ഇതിന്റെ ഭാഗമായി കേരളത്തിലെത്തുന്ന’ഡിഹാവ്ലാന്ഡ് കാനഡ’ എന്ന സീപ്ലെയിന് ആണ് ഫ്ളാഗ് ഓഫ് ചെയ്യുന്നത്.നവംബർ 10 ന് ഉച്ചയ്ക്ക് 2 നാണ് ‘ഡിഹാവ്ലാന്ഡ് കാനഡ’ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുക. തുടര്ന്ന് വിമാനം ഉച്ചകഴിഞ്ഞ് 3.30 ന് ബോള്ഗാട്ടി പാലസ് വാട്ടര് ഡ്രോമില് എത്തും. വിമാനത്തിലെ പൈലറ്റുമാര്ക്കും ഇതര ജീവനക്കാര്ക്കും ബോള്ഗാട്ടി പാലസ് ഹോട്ടലില് ടൂറിസം വകുപ്പ് സ്വീകരണം നല്കും.സീപ്ലെയിന് സര്വീസ് ആരംഭിക്കുന്നതിലൂടെ ചുരുങ്ങിയ സമയം കൊണ്ട് കേരളത്തിലെ കൂടുതല് ഡെസ്റ്റിനേഷനുകള് സന്ദര്ശിക്കാമെന്ന സാധ്യത വിനോദ സഞ്ചാരികള്ക്കു മുന്നില് അവതരിപ്പിക്കാനാകും. കേരളത്തിലെ നാല് വിമാനത്താവളങ്ങള് തമ്മിലുള്ള കണക്ടിവിറ്റിയും വാട്ടര് ഡ്രോമുകളും വിമാനത്താവളങ്ങളും തമ്മിലുമുള്ള കണക്ടിവിറ്റിയും വര്ധിപ്പിക്കാന് അവസരമൊരുക്കുന്നതാണ് സീപ്ലെയിന് പദ്ധതി. യാത്രാസമയത്തിലും ഉള്പ്രദേശങ്ങളിലേക്കുള്ള യാത്രയിലും വലിയ മാറ്റം വരുത്താന് ഇതിനാകും. എല്ലാ ജില്ലകളിലെയും പ്രധാന ജലാശയങ്ങള് കേന്ദ്രീകരിച്ച് വാട്ടര് ഡ്രോമുകള് ഒരുക്കാനാകും. ബോള്ഗാട്ടി, മാട്ടുപ്പെട്ടി എന്നിവയ്ക്കു പുറമേ കോവളം, അഷ്ടമുടി, പുന്നമട, കുമരകം, വേമ്ബനാട്, മലമ്ബുഴ, ബേക്കല് തുടങ്ങിയവ വാട്ടര്ഡ്രോമുകള് സ്ഥാപിക്കാന് പരിഗണനയിലുള്ളവയാണ്.റണ്വേയ്ക്ക് പകരം ജലത്തിലൂടെ നീങ്ങി ടേക്ക് ഓഫ് നടത്തുകയും ജലത്തില് തന്നെ ലാന്ഡിങ് നടത്തുകയും ചെയ്യുന്ന വിമാനങ്ങളാണ് സീ പ്ലെയിനുകള്. വെള്ളത്തില് പൊങ്ങിക്കിടക്കുന്ന വാട്ടര്ഡ്രോമുകളില് നിന്നാണ് യാത്രക്കാര് വിമാനത്തില് കയറുക. 9, 15, 20, 30 സീറ്റുകളുള്ള ചെറിയ വിമാനങ്ങളാണിത്.കെഎസ്‌ഇബിയുടെ പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ജലാശയമാണ് മാട്ടുപ്പെട്ടിയിലേത്. ടൂറിസം രംഗത്ത് ഇടുക്കിക്കും കോരളത്തിനൊട്ടാകെയും വലിയ പ്രതീക്ഷയാണ് സീപ്ലെയിനിന്റെ പരീക്ഷണപ്പറക്കല്‍ നല്‍കുന്നത്.