കാനഡയില്‍ പഠനം ആഗ്രഹിക്കുന്നവര്‍ക്ക് കനത്ത തിരിച്ചടി; കാനഡ സ്റ്റുഡന്റ് ഡയറക്റ്റ് സ്ട്രീം വിസ അവസാനിപ്പിച്ചു

വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള സ്റ്റുഡന്റ് ഡയറക്റ്റ് സ്ട്രീം (എസ്‌ഡിഎസ്) വിസ പ്രോഗ്രാം കാനഡ നിര്‍ത്തിവെച്ചു.വെള്ളിയാഴ്ച മുതലാണ് അവസാനിപ്പിച്ചത്. ഇന്ത്യയുള്‍പ്പെടെ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാർഥികളെ ലക്ഷ്യമിട്ട് 2018ല്‍ നടപ്പാക്കിയ ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആർസിസി) പദ്ധതിയുടെ ഭാഗമായിരുന്നു ഇത്. അന്ന് ബ്രസീല്‍, ചൈന, കൊളംബിയ, കോസ്റ്റാറിക്ക, മൊറോക്കോ, പാക്കിസ്ഥാന്‍, പെറു, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാർഥികള്‍ക്കും കാനഡ അവസരമൊരുക്കിയിരുന്നു.താമസം, വിഭവ ശേഷി എന്നിവയുടെ പ്രതിസന്ധി പരിഹരിക്കുന്നതിനാണ് ഇത്തരമൊരു തീരുമാനം. വിദ്യാര്‍ഥികളുടെ അപകടസാധ്യത പരിഹരിക്കുന്നതിനും അപേക്ഷാ പ്രക്രിയയില്‍ എല്ലാവർക്കും തുല്യവും ന്യായവുമായ പ്രവേശനം നല്‍കുന്നതിനും പദ്ധതി നിര്‍ത്തലാക്കുകയാണെന്ന് കാനഡ സര്‍ക്കാര്‍ അറിയിച്ചു. സ്‌കീമിന് കീഴില്‍ നവംബര്‍ 8ന് ഉച്ചയ്ക്ക് 2 മണി വരെ ലഭിച്ച അപേക്ഷകള്‍ മാത്രമേ പ്രോസസ്സ് ചെയ്യുകയുള്ളൂ.ഇതിന് ശേഷമുള്ള എല്ലാ അപേക്ഷകളും റെഗുലര്‍ സ്റ്റഡി പെര്‍മിറ്റ് സ്ട്രീമിന് കീഴിലായിരിക്കും പ്രോസസ്സ് ചെയ്യുക. പ്രോഗ്രാം നിര്‍ത്തലാക്കുന്നതോടെ ഇന്ത്യയില്‍ നിന്നും മറ്റ് 13 രാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ദൈര്‍ഘ്യമേറിയ വിസ നടപടിക്രമങ്ങള്‍ നടത്തേണ്ടിവരും. രാജ്യത്തേക്ക് അനുവദിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണം കുത്തനെ കുറയ്ക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് കാനഡയുടെ നടപടി.

Sharing

Leave your comment

Your email address will not be published. Required fields are marked *