ഉമര്‍ ഫൈസി മുക്കത്തിന്റെ ഖാസി വിഷയത്തിലെ പരാമര്‍ശം; പ്രതികരിച്ച് ജിഫ്രി മുത്തുക്കോയ തങ്ങള്‍
ഉമര്‍ ഫൈസി മുക്കത്തിന്റെ ഖാസി വിഷയത്തിലെ പരാമര്‍ശത്തില്‍ പ്രതികരണവുമായി സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍.ഭിന്നസ്വരം ഉണ്ടാകുന്നതില്‍ കാര്യമില്ലെന്നും ഒരേ കുടുംബമാകുമ്ബോള്‍ അതൊക്കെ സ്വാഭാവികമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. സമുദായത്തിന്റെ ഐക്യം കാത്തു സൂക്ഷിക്കണമെന്ന് പാണക്കാട് സാദിഖലി തങ്ങള്‍ അഭിപ്രായപ്പെട്ടു.കോഴിക്കോട് ചേര്‍ന്ന സമസ്ത മത വിദ്യാഭ്യാസ ബോര്‍ഡ് യോഗത്തിനിടെയാണ് നേതാക്കളുടെ പ്രതികരണം. ഖാസി ഫൗണ്ടേഷന്‍ സമസ്തക്ക് എതിരല്ലെന്ന് പറഞ്ഞ ജിഫ്രി മുത്തുക്കോയ തങ്ങള്‍ , അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമെന്നും എല്ലാ പ്രശ്‌നങ്ങളും സമസ്ത തന്നെ പരിഹരിക്കുമെന്നും വ്യക്തമാക്കി.സമസ്തയുമായി ഭിന്നതയില്ലെന്നും സാമുദായിക ഐക്യമാണ് പ്രധാനമെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങള്‍ പറഞ്ഞു.ഉമര്‍ ഫൈസി മുക്കം, അബ്ദു സമദ് പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിനിടെയാണ് ഇരുവരും പ്രതികരിച്ചത്. എന്നാല്‍ യോഗം നടക്കുന്ന സമസ്ത ഓഫീസിന് മുന്നില്‍ ഉമര്‍ ഫൈസി മുക്കത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. സമസ്ത പ്രവര്‍ത്തകരുടേത് എന്ന പേരില്‍ സ്ഥാപിച്ച ബോര്‍ഡ് അധികം വൈകാതെ ഓഫീസ് അധികൃതര്‍ എടുത്ത് മാറ്റി.