
ബഹിരാകാശത്ത് സുനിതയ്‌ക്ക് ക്ഷീണം ; ലോകത്ത് ആശങ്ക
തിരുവനന്തപുരം:153 ദിവസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിയുന്ന ഇന്ത്യൻ വംശജയായ സുനിത വില്യംസിന് ( 59) ക്ഷീണമെന്ന് ആശങ്ക.കഴിഞ്ഞ ദിവസം നാസ പുറത്തുവിട്ട ചിത്രത്തില്‍ സുനിതയുടെ ക്ഷീണം പ്രകടമാണ്. ശരീരം മെലിഞ്ഞു. കവിളുകള്‍ കൂടുതല്‍ ഒട്ടി. കണ്ണുകള്‍ കുഴിഞ്ഞു. നിലയത്തിലെ ഫ്ളൈറ്റ് സർജൻ സുനിതയെ പരിശോധിക്കുന്നുണ്ടെന്നും ആശങ്കവേണ്ടെന്നും നാസ വ്യക്തമാക്കി.നാസ ചിത്രം വിശകലനം ചെയ്‌ത സിയാറ്റിലിലെ ഒരു ഡോക്ടറാണ് സുനിത ആരോഗ്യവതി അല്ലെന്ന് അറിയിച്ചത്. ദീർഘകാലമായി ഗുരുത്വബലം ഇല്ലാത്ത അവസ്ഥയുമായി പൊരുത്തപ്പെടാൻ ശരീരം കൂടുതല്‍ ഊർജ്ജം ഉപയോഗിക്കുന്നതിനാല്‍ സുനിതയുടെ ശരീര ഭാരം വളരെ കുറഞ്ഞെന്നാണ് ഡോക്ടറുടെ നിഗമനം.ബഹിരാകാശ നിലയത്തില്‍ കലോറി കൂടുതലുള്ള ഭക്ഷണം കഴിക്കണം. ശരീരത്തിലെ പോഷണപ്രക്രിയയുടെ ( മെറ്റബോളിസം ) തോത് വർദ്ധിക്കും. ഓക്സിജന്റെ കുറവും ഉണ്ടാവാം. പേശികളുടെയും അസ്ഥികളുടെയും തേയ്‌മാനം ഒഴിവാക്കാൻ ദിവസം രണ്ടര മണിക്കൂർ വ്യായാമം വേണം. ഇതെല്ലാം കലോറി നഷ്‌ടം ഉണ്ടാക്കും. ഇതിനെല്ലാം പുറമേ മാനസിക സംഘർഷവും ആരോഗ്യത്തെ ബാധിക്കും. ബഹിരാകാശത്ത് പുരുഷൻമാരെക്കാള്‍ വേഗത്തില്‍ സ്ത്രീകള്‍ക്ക് രക്തത്തിലെ പ്ളാസ്‌മയും പേശിബലവും കുറയും.
ബോയിംഗ് കമ്ബനിയുടെ സ്റ്റാർലൈനർ പേടകത്തില്‍ ജൂണ്‍ 7നാണ് സുനിത വില്യംസും ബുച്ച് വില്‍മോറും നിലയത്തില്‍ എത്തിയത്. ജൂണ്‍ 13ന് മടങ്ങേണ്ടതായിരുന്നു. സ്റ്റാർലൈനറിന്റെ തകരാറ് കാരണം മടക്കം അപ്രതീക്ഷിതമായി നീണ്ടു. അടുത്തവർഷം ഫെബ്രുവരി അവസാനം നിലയത്തില്‍ നിന്ന് മടങ്ങുന്ന സ്‌പേസ് എക്സിന്റെ ഡ്രാഗണ്‍ പേടകത്തിലാവും സുനിത വരുന്നത്. മോശമായ ആരോഗ്യവുമായി രണ്ട് മാസം കൂടി ബഹിരാകാശത്ത് കഴിയേണ്ടി വരുന്നതും ആശങ്ക വർദ്ധിപ്പിക്കുന്നു.സുനിതയെ പോലെ സ്പെയ്സ് സ്റ്റേഷനില്‍ അവിചാരിതമായി നീണ്ട താമസത്തിന് ശേഷം അടുത്തിടെ മടങ്ങിയെത്തിയ മൂന്ന് സഞ്ചാരികളെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.