കേന്ദ്രത്തിന് പുല്ലുവില; സ്വതന്ത്രമായി ഡിജിപിയെ നിയമിക്കാനുള്ള ചട്ടത്തിന് അംഗീകാരം നല്‍കി ഉത്തര്‍പ്രദേശിലെ ആദിത്യനാഥ് സര്‍ക്കാര്‍
കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ സ്വതന്ത്രമായി ഡിജിപിയെ നിയമിക്കാനുള്ള ചട്ടത്തിന് അംഗീകാരം നല്‍കി ഉത്തര്‍പ്രദേശിലെ ആദിത്യനാഥ് സർക്കാർ.പുതിയ ചട്ടപ്രകാരം ഡിജിപി നിയമനത്തിനുള്ള ചുരുക്കപ്പട്ടിക യുപിഎസ്സിക്ക് അയക്കില്ല. ഡിജിപി നിയമനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ പൂര്‍ണ്ണമായും ഒഴിവാക്കിയുള്ള ചട്ടനിര്‍മാണത്തിന് പിന്നില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും യുപി മുഖ്യമന്ത്രി ആദിത്യനാഥും തമ്മിലുള്ള പോരാണെന്നാണ് വിലയിരുത്തല്‍.യുപി മുഖ്യമന്ത്രി യോഗി ആദത്യനാഥും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും തമ്മിലുള്ള രാഷ്ട്രീയപ്പോര് തുടരുന്നതിനിടെയാണ് സ്വതന്ത്രമായി ഡിജിപിയെ നിയമിക്കാനുള്ള യുപി സര്‍ക്കാരിന്റെ നീക്കം. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഡിജിപിയെ നിയമിക്കാന്‍ യുപി മന്ത്രിസഭ അംഗീകാരം നല്‍കി. അമിത്ഷാ ആവശ്യപ്പെട്ടയാളെ ഡിജിപിയാക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുവദിക്കാത്തതാണ് പുതിയ നീക്കത്തിനു പിന്നിലെന്ന ആക്ഷേപമാണുയരുന്നത്.കേന്ദ്ര ഇടപെടല്‍ ഒഴിവാക്കാന്‍ കഴിഞ്ഞ രണ്ടരവര്‍ഷത്തിനിടെ നാല് താല്‍ക്കാലിക ഡിജിപിമാരെയാണ് ആദിത്യനാഥ് നിയമിച്ചത്. ആദിത്യനാഥിന്റെ വിശ്വസ്ഥന്‍ പ്രശാന്ത് കുമാറിനാണ് മുഴുവന്‍ സമയ ഡിജിപി പദവിയിലേയ്ക്കെത്താന്‍ സാധ്യത കൂടുതല്‍. പുതിയ ചട്ടപ്രകാരം ഡിജിപി നിയമനത്തിനുള്ള ചുരുക്കപ്പട്ടിക യുപിഎസ്സിക്ക് അയക്കില്ല. പകരം റിട്ട. ഹൈക്കോടതി ജഡ്ജി തലവനായ സമിതി നിയമനം നടത്തും.ചീഫ് സെക്രട്ടറി, യുപിഎസ്പി പ്രതിനിധി, പിഎസ്സി ചെയര്‍മാന്‍, റിട്ട. ഡിജിപി, സംസ്ഥാന ആഭ്യന്തര അഡീ. സെക്രട്ടറി എന്നിവരും സമിതയില്‍ അംഗങ്ങളാണ്. നിലവില്‍ സംസ്ഥാനം നല്‍കുന്ന പട്ടികയില്‍ മുന്നുപേരുകള്‍ കേന്ദ്രം തിരിച്ചയക്കുകയും അതില്‍ ഒരാളെ മുഖ്യമന്ത്രി ഡിജിപിയാക്കുകയുമാണ്.