ഹമാസ് ഉടൻ രാജ്യം വിടണമെന്ന് ഖത്തര്‍;അമേരിക്കന്‍ സമ്മര്‍ദ്ദമെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: ഹമാസ് നേതാക്കള്‍ രാജ്യം വിടണമെന്ന് ഖത്തര്‍ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ഫൈനാന്‍ഷ്യല്‍ ടൈംസ് ആണ് ഇത് സംബന്ധിച്ച്‌ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഗസയില്‍ തടവിലാക്കിയിരിക്കുന്ന ഇസ്രായേലികളെ വിട്ടുകൊടുക്കുന്നതില്‍ തീരുമാനമുണ്ടാവാത്ത സാഹചര്യത്തില്‍ അമേരിക്ക ഖത്തറിന് മേല്‍ സമ്മർദ്ദം ചെലുത്തിയതായാണ് റിപ്പോർട്ടില്‍ ഉള്ളത്. യുഎസ് ഉദ്യോഗസ്ഥരുമായി നടന്ന തീക്ഷ്ണമായ ചര്‍ച്ചകള്‍ക്ക് ശേഷം പത്തുദിവസം മുമ്ബാണ് ഇങ്ങനെയൊരു തീരുമാനമെടുത്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.എന്നാല്‍, ഗസയില്‍ നിന്ന് ഇസ്രായേലി സൈന്യം പിന്‍മാറാതെ ഇനി ആരെയും വിടില്ലെന്നാണ് ഹമാസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ തങ്ങളുടെ സഖ്യകക്ഷികളായ രാജ്യങ്ങളൊന്നും ഹമാസിന് സ്ഥാനം നല്‍കരുതെന്നാണ് അമേരിക്കയുടെ നിലപാട്. ഗസയില്‍ തടവിലുള്ള ഇസ്രായേലികളുടെ മോചനക്കാര്യം അടുത്തിടെ ഈജിപ്റ്റിലെ കെയ്‌റോവില്‍ നടന്ന ചര്‍ച്ചകളിലും ഉയര്‍ന്നുവന്നിരുന്നു. അതും പരാജയപ്പെട്ടതോടെയാണ് അമേരിക്ക ഖത്തറിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്ന് സൂചിപ്പിക്കുന്നു.ഖത്തര്‍ നിലപാട് മാറ്റിയ സാഹചര്യത്തില്‍ തുര്‍ക്കിയില്‍ ഹമാസ് പുതിയ ഓഫിസ് തുറക്കാന്‍ സാധ്യതയുണ്ടെന്നും ഇത് സംബന്ധിച്ച്‌ ഇരു കൂട്ടരും ചർച്ച നടത്തിയതായും പറയുന്നുണ്ട്. തുര്‍ക്കിക്ക് പുറമെ ഇറാന്‍, അള്‍ജീരിയ, മൗറിത്താനിയ തുടങ്ങിയ രാജ്യങ്ങളും ഹമാസിന്റെ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

Sharing

Leave your comment

Your email address will not be published. Required fields are marked *