കര്‍ണാടക എസ്‌ആര്‍ടിസി ബസുകളിലെ കണ്ടക്ടര്‍മാരെ ഒഴിവാക്കുന്നു; നിര്‍ണായക തീരുമാനം
ബംഗളുരു: പ്രവര്‍ത്തനച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്(കെഎസ്‌ആര്‍ടിസി) കീഴിലുള്ള ബസുകളില്‍ കണ്ടക്ടര്‍മാരെ ഒഴിവാക്കുന്നു.നിലവില്‍ സര്‍വീസ് നടത്തുന്ന പത്ത് ശതമാനത്തിലധികം ബസുകളിലാണ് കണ്ടക്ടര്‍മാരെ ഒഴിവാക്കിയത്. സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന 850 ബസുകളിലും സിംഗിള്‍ ക്രൂ മോഡല്‍ സംവിധാനമാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
” സ്റ്റോപ്പുകള്‍ ഇല്ലാത്തതും കുറച്ച് സ്റ്റോപ്പുകള്‍ മാത്രമുള്ളതുമായ തെരഞ്ഞെടുത്ത റൂട്ടുകളിലാണ് ഈ മോഡല്‍ നിലവില്‍ അവതരിപ്പിച്ചിരിക്കുന്നത്. ബംഗളുരു-മൈസൂര്‍, ബംഗളുരു-ഹാസന്‍, ബംഗളുരു-ദാവന്‍ഗരെ, ബംഗളുരു-ഷിമോഗ, ബംഗളുരു-മടിക്കേരി, ബംഗളുരു-കോളാര്‍ തുടങ്ങിയ റൂട്ടുകളിലാണ് ഈ മോഡല്‍ ആദ്യഘട്ടത്തില്‍ പ്രാവര്‍ത്തികമാക്കിവരുന്നത്. ബസ് പുറപ്പെടുന്ന സ്ഥലത്ത് വെച്ച് ഡ്രൈവര്‍ ടിക്കറ്റ് നല്‍കും. വഴിയില്‍ നിന്ന് അധിക യാത്രക്കാര്‍ കയറുമ്ബോഴും അവര്‍ക്ക് ഡ്രൈവറായിരിക്കും ടിക്കറ്റ് നല്‍കുക,” എന്ന് കെഎസ്‌ആര്‍ടിസി എംഡി അന്‍പു കുമാര്‍ പറഞ്ഞു.” ഓര്‍ഡിനറി, പ്രീമിയം ഉള്‍പ്പടെ പ്രതിദിനം 8000ലധികം കെഎസ്‌ആര്‍ടിസി ബസുകള്‍ സംസ്ഥാനത്ത് സര്‍വീസ് നടത്തുന്നുണ്ട്. ദിവസവും 28 ലക്ഷം കിലോമീറ്ററോളം ബസുകള്‍ സര്‍വീസ് നടത്തുന്നുമുണ്ട്. പ്രവര്‍ത്തനച്ചെലവും വളരെ കൂടുതലാണ്. മൂലധന ചെലവ്, ഡീസല്‍ ചെലവ്, കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കുമുള്ള ചെലവ് എന്നിവയാണ് കോസ്റ്റ് പെര്‍ കിലോമീറ്ററില്‍ (cpkm) ഉള്‍പ്പെടുന്നത്. ബസ് സര്‍വീസ് നടത്തുന്നതിന് കിലോമീറ്ററിന് 50 രൂപവരെയാണ് ചെലവാകുന്നത്. കിലോമീറ്ററിന് 50 രൂപയില്‍ കൂടുതല്‍ വരുമാനം ലഭിച്ചാല്‍ മാത്രമെ കോര്‍പ്പറേഷന് ലാഭമുണ്ടാകുകയുള്ളു. നിലവില്‍ നിരത്തിലോടുന്ന 8000 ബസുകളില്‍ 5000നും കിലോമീറ്ററിന് 50 രൂപയില്‍ താഴെ മാത്രമാണ് വരുമാനം ലഭിക്കുന്നത്,” അദ്ദേഹം പറഞ്ഞു.ബസുകളുടെ പ്രവര്‍ത്തനചെലവ് കുറച്ച് മികച്ച രീതിയില്‍ യാത്രക്കാര്‍ക്ക് സേവനം നല്‍കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതിന്റെ ഭാഗമായാണ് കണ്ടക്ടര്‍മാരുടെ എണ്ണം കുറച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.” കിലോമീറ്ററിന് പത്ത് രൂപയോളം ലാഭിക്കാന്‍ കെഎസ്‌ആര്‍ടിസിയ്ക്ക് കഴിയും. അഞ്ച് മണിക്കൂര്‍ വരെ യാത്രസമയമുള്ള റൂട്ടുകളിലാണ് ഈ മോഡല്‍ അവതരിച്ചിരിക്കുന്നത്. അഞ്ച് മണിക്കൂറില്‍ കൂടുതല്‍ യാത്രസമയമുള്ള റൂട്ടുകളില്‍ മറ്റൊരാളുടെ സഹായമില്ലാതെ യാത്രക്കാരെ നിയന്ത്രിക്കാന്‍ ഡ്രൈവര്‍ക്ക് കഴിയില്ല,” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.