പി പി ദിവ്യയുടെ ജാമ്യം; എഡിഎം നവീൻ ബാബുവിൻ്റെ കുടുംബം ഹൈക്കോടതിയിലേക്ക്

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ പ്രതിയായ പിപി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ തുടർ നിയമ നടപടിക്കൊരുങ്ങി നവീൻ ബാബുവിൻ്റെ കുടുംബം.പിപി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നത്.എസ്‌ഐടി അന്വേഷണം കാര്യക്ഷമമല്ലെന്ന കാര്യവും കോടതിയെ കുടുംബം ബോധ്യപ്പെടുത്തും. നവീൻ ബാബുവിന്റെ ഗൂഢാലോചന ഉൾപ്പെടെ
അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെടും. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നായിരുന്നു ഇന്നലെ നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചത്.ദിവ്യയ്ക്ക് ജാമ്യം ലഭിച്ച സാഹചര്യത്തില്‍ അഭിഭാഷകരുമായി കൂടിയാലോചിച്ച്‌ നിയമ നടപടികളുമായി മുന്നോട്ടു പോകാനാണ് നവീൻ ബാബുവിന്റെ കുടുംബത്തിൻ്റെ തീരുമാനം. ഇന്നലെ പി പി ദിവ്യയ്ക്ക് ജാമ്യം ലഭിക്കില്ല എന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞിരുന്നു. കേസില്‍ നീതി ലഭിക്കുന്നതിന് വേണ്ടി വന്നാല്‍ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും വരെ സമീപിക്കാനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത്.യാത്രയയപ്പ് ചടങ്ങിലെ പി പി ദിവ്യയുടെ പ്രസംഗം നവീൻ ബാബുവിൻ്റെ ആത്മഹത്യക്ക് കാരണമായി എന്ന് കോടതിയെ ബോധ്യപ്പെടുത്തുന്നതിനുള്ള തെളിവുകള്‍ ഹാജരാക്കാനായിരിക്കും മഞ്ജുഷയുടെ അഭിഭാഷകൻ ശ്രമിക്കുക. ഒപ്പം കണ്ണൂർ കളക്ടറുടെ മൊഴി കളവാണെന്ന് തെളിയിക്കാനും മഞ്ജുഷയുടെ അഭിഭാഷകൻ ശ്രമിക്കും. യാത്രയപ്പ് ചടങ്ങിന് ശേഷം നവീൻ ബാബു കളക്ടറെ കണ്ട് സംസാരിച്ചത് ആ ചടങ്ങില്‍ സംഭവിച്ച കാര്യവുമായി ബന്ധപ്പെട്ടായിരിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു. തനിക്ക് തെറ്റുപറ്റി എന്ന് നവീൻ ബാബു പറഞ്ഞതായുള്ള കളക്ടറുടെ മൊഴിയുടെ പൂർണ്ണമായ തെളിവ് കോടതിയില്‍ ഹാജരാക്കാൻ പ്രതിഭാഗത്തിന് കഴിഞ്ഞിട്ടില്ല.ഇതിനിടയില്‍ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തില്‍ ദുഃഖമുണ്ടെന്ന് ജയില്‍ മോചിതയായ പിപി ദിവ്യ പ്രതികരിച്ചിരുന്നു. തന്റെ ഇടപെടല്‍ സദുദ്ദേശപരമായിരുന്നുവെന്നും ജയിലില്‍ നിന്നും പുറത്തിറങ്ങിയ ശേഷം ദിവ്യ പ്രതികരിച്ചിരുന്നു. തൻറെ നിരപരാധിത്വം തെളിയിക്കുമെന്നും ദിവ്യ വ്യക്തമാക്കിയിരുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *