ട്രംപിന്റെ ചരിത്ര തീരുമാനം, സൂസി വൈല്‍സ് വൈറ്റ് ഹൗസിന്റെ അമരക്കാരി; മാഡം പ്രസിഡന്റിനായി ഇനിയും കാക്കണമെങ്കിലും വൈറ്റ് ഹൗസിലെ ചീഫ് ഓഫ് സ്റ്റാഫായി ആദ്യ വനിതയെത്തി;

47ാമത് അമേരിക്കന്‍ പ്രസിഡന്റിനായി നടന്ന തിരഞ്ഞെടുപ്പിലെ നിര്‍ണായക ചോദ്യം അമേരിക്കന്‍ ചരിത്രത്തിലാദ്യമായി ഒരു മാഡം പ്രസിഡന്റിന് അവസരമൊരുങ്ങുമോയെന്നതായിരുന്നു.ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കമല ഹാരീസിന് പ്രസിഡന്റായി ചരിത്രം കുറിക്കാനായില്ലെങ്കിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡൊണാള്‍ഡ് ട്രംപ് സമഗ്രാധിപത്യത്തില്‍ വൈറ്റ് ഹൗസിലേക്ക് എത്തുമ്ബോള്‍ മറ്റൊരു ചരിത്ര നീക്കം നടത്തി കഴിഞ്ഞു. അമേരിക്കയുടെ ചരിത്രത്തിലാദ്യമായി വൈറ്റ് ഹൗസ് അമരത്ത് ഒരു വനിത എത്തിയിരിക്കുന്നുവെന്നതാണ് സംഭവിച്ചിരിക്കുന്നത്. തന്റെ പ്രചാരണത്തിന്റെ ചുക്കാന്‍ പിടിച്ച സൂസി വൈല്‍സിനേയാണ് നിയുക്ത യുഎസ് പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിന്റെ അമരത്ത് പ്രതിഷ്ഠിച്ചത്.2025 ജനുവരി 20ന് വൈറ്റ് ഹൗസിലേക്ക് ചാര്‍ജ് എടുക്കാനെത്തുന്നതിന് മുന്നോടിയായി ഡൊണാള്‍ഡ് ട്രംപ് നടത്തിയ ആദ്യ നിയമനം വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫിന്റേതാണ്. വൈറ്റ് ഹൗസ് സ്റ്റാഫുകളുടെ നിയമനത്തിന്റെ തുടക്കമായാണ് സൂസി വൈല്‍സിനെ വൈറ്റ് ഹൗസിലെ ഉന്നത പദവിയില്‍ നിയമിച്ചത്. നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ പ്രചാരണ മാനേജര്‍ സൂസി വൈല്‍സിനെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി നിയമിച്ചു കൊണ്ട് പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു.സൂസി കാര്‍ക്കശ്യമുള്ളവളും മിടുക്കിയുമാണ്, മാത്രമല്ല അവള്‍ സാര്‍വത്രികമായി അംഗീകരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്ന വ്യക്തിത്വമാണ്. അമേരിക്കയെ വീണ്ടും മഹത്തരമാക്കാന്‍ സൂസി അശ്രാന്ത പരിശ്രമം തുടരും. യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ ചീഫ് ഓഫ് സ്റ്റാഫ് ആയി സൂസിയെ ലഭിച്ചത് അവര്‍ അര്‍ഹിക്കുന്ന വലിയ ബഹുമതിയാണ്. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ വിജയങ്ങളിലൊന്ന് നേടാൻ സൂസി വൈല്‍സ് എന്നെ സഹായിച്ചു, കൂടാതെ എൻ്റെ 2016, 2020 വിജയകരമായ കാമ്ബെയ്‌നുകളുടെ അവിഭാജ്യ ഘടകമായിരുന്നു സൂസി.
യുഎസ് ചരിത്രത്തില്‍ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് പദവിയിലെത്തുന്ന ആദ്യ വനിതയായി മാറുന്ന സൂസി വൈല്‍സ്, ഡൊണാള്‍ഡ് ട്രംപിന്റെ ശക്തമായ പ്രചരണത്തിന്റേയും ഗംഭീര വിജയത്തിന്റേയും സൂത്രധാരില്‍ ഒരാളാണ് 67 വയസുകാരിയായ സൂസി. പക്ഷേ വിജയ ലഹരിയില്‍ പോലും ഡൊണാള്‍ഡ് ട്രംപിന്റെ വിജയ പ്രസംഗ വേദിയില്‍ രണ്ട് വാക്ക് പറയാന്‍ നില്‍ക്കാതെ പിന്നിലേക്ക് നില്‍ക്കുന്നകയാണ് സൂസി ചെയ്തത്. ട്രംപിന് പിന്നിലെ ചരടുവലികളില്‍ നിര്‍ണായക സാന്നിധ്യമായ സൂസി അങ്ങനെ പ്രസിഡന്റിന്റെ വിശ്വസ്തയായി പ്രവര്‍ത്തിക്കുക എന്ന ചീഫ് ഓഫ് സ്റ്റാഫിന്റെ റോള്‍ ഏറ്റെടുക്കുകയാണ്. പ്രസിഡന്റിന്റെ രാഷ്ട്രീയ നയ താല്‍പര്യങ്ങളും പ്രസിഡന്റ് ആരെയെല്ലാം കാണണമെന്നതടക്കം നയങ്ങളുമെല്ലാം ഈ പദവിയില്‍ ഇരിക്കുന്നയാളാണ് നിയന്ത്രിക്കുക.

Sharing

Leave your comment

Your email address will not be published. Required fields are marked *