ദേശീയപാതയിലും, എംസി റോഡിലുമുള്ള കെഎസ്‌ആര്‍ടിസിയുടെ കുത്തക അവസാനിച്ചു; സ്വകാര്യ ബസുകള്‍ക്ക് പാതകള്‍ തുറന്ന് നല്‍കി ഹൈക്കോടതി; ഗതാഗത വകുപ്പിന് കനത്ത തിരിച്ചടി.

സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിലധികം ദൂരം പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥ എടുത്തു കളഞ്ഞു. കെ.എസ്.ആര്‍.ടി.സിയെ സഹായിക്കാനായി ഗതാഗത വകുപ്പ് നടപ്പാക്കിയ തീരുമാനത്തിനെതിരേ സ്വകാര്യ ബസ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക തീരുമാനം.ഇതോടെ കൈയടക്കിവെച്ചിരിക്കുന്ന കുത്തക റൂട്ടുകള്‍ കെഎസ്‌ ആര്‍ടിസിക്ക് നഷ്ടമാകും.2020 സെപ്റ്റംബര്‍ 14നായിരുന്നു സ്‌കീമിന്റെ കരട് ഗതാഗതവകുപ്പ് പ്രസിദ്ധീകരിച്ചത്. പുതിയ സ്‌കീം പുറപ്പെടുവിച്ചാല്‍ ഒരു വര്‍ഷത്തിനകം ബന്ധപ്പെട്ട കക്ഷികളെ കേട്ട് അന്തിമമാക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍, അതുണ്ടായില്ലെന്നും തങ്ങളെ കേട്ടില്ലെന്നും സ്‌കീം നിയമപരമല്ലെന്നുമുള്ള സ്വകാര്യ ബസുടമകളുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.സ്വകാര്യബസുകാരില്‍നിന്ന് 241 ദീര്‍ഘദൂരപാതകള്‍ ഏറ്റെടുത്ത ദേശസാത്കൃത സ്‌കീം റദ്ദാക്കിയ ഹൈക്കോടതി വിധി കെ.എസ്.ആര്‍.ടി.സി.ക്ക് കനത്ത തിരിച്ചടിയാകും. ദേശീയപാത, എം.സി. റോഡ്, സംസ്ഥാനപാതകളുള്‍പ്പെടെ 31 പ്രധാന റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി.ക്ക് കുത്തക അനുവദിച്ച്‌ സര്‍ക്കാരിറക്കിയ നിയമപരിരക്ഷയും ഇതോടെയില്ലാതായി.കെ.എസ്.ആര്‍.ടി.സി.യുടെ വരുമാനത്തിന്റെ ഭൂരിഭാഗവും നല്‍കിയിരുന്ന 80 ശതമാനം ദീര്‍ഘദൂര ബസുകളും ഈ റൂട്ടുകളിലാണ് ഓടുന്നത്. ഇവയ്‌ക്കൊപ്പം ഓടാന്‍ സ്വകാര്യബസുകളെ സഹായിക്കുന്നതാണ് കോടതിവിധി. ഈ പാതകളിലെ വരുമാനം നഷ്ടമായാല്‍ കെ.എസ്.ആര്‍.ടി.സി. പ്രതിസന്ധിയിലാകും. ദീര്‍ഘദൂരറൂട്ടുകളില്‍ പെര്‍മിറ്റ് അനുവദിക്കണമെന്ന സ്വകാര്യ ബസുടമകളുടെ ആവശ്യമാണിപ്പോള്‍ ഹൈക്കോടതി ഉത്തരവിലൂടെ അംഗീകരിക്കപ്പെടുന്നത്. 241 ബസ് റൂട്ടുകള്‍ ഏറ്റെടുത്തതിലെ നിയമപോരാട്ടം 1980-കളില്‍ തുടങ്ങിയതാണ്. റൂട്ടുകള്‍ പൊതുമേഖലാ സ്ഥാപനത്തിന് കുത്തകനല്‍കിയ സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതിവരെ അംഗീകരിച്ചിരുന്നു. ആ വ്യവസ്ഥയിലാണ് ഇപ്പോള്‍ തിരിച്ചടി നേരിട്ടത്.ഫ്‌ലീറ്റ് ഓണര്‍ നിയമപ്രകാരം ദീര്‍ഘദൂര ബസുകള്‍ ഓടിക്കാനുള്ള അടിസ്ഥാനസൗകര്യം കെ.എസ്.ആര്‍.ടി.സി.ക്ക് മാത്രമാണുള്ളത്. ഓര്‍ഡിനറി സര്‍വീസുകള്‍ ദീര്‍ഘദൂര ബസുകളാക്കി ഈ വ്യവസ്ഥ മറികടക്കാനാണ് സ്വകാര്യ ബസുടമകളുടെ നീക്കം.

Sharing

Leave your comment

Your email address will not be published. Required fields are marked *