ഫലസ്‌തീൻ പതാക വലിച്ചുകീറി; ആംസ്റ്റര്‍ഡാമില്‍ ഫുട്ബോള്‍ ആരാധകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് ഇസ്രയേലികളെ കാണാതായി
ആംസ്റ്റർഡാം: ആംസ്റ്റർഡാമില്‍ ഫുട്ബോള്‍ ആരാധകർ തമ്മിലുള്ള അക്രമാസക്തമായ ഏറ്റുമുട്ടലില്‍ രണ്ട് ഇസ്രായേലികളെ കാണാതായി.പത്ത് പേർക്ക് പരിക്കേറ്റതായും ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.യൂറോപ്പു ലീഗ് മത്സരത്തിന് മുമ്പ് ആംസ്റ്റർഡാമില്‍ ഇസ്രായേല്‍ അനുകൂലികള്‍ ഫലസ്‌തീൻ പതാകകള്‍ നശിപ്പിച്ചതിനെ തുടർന്നാണ് ആംസ്റ്റർഡാംഷെ ഫുട്ബോള്‍ ക്ലബ്ബായ അജാക്‌സിന്റെയും ഇസ്രായേലി പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബ്ബായ മക്കാബി ടെല്‍ അവീവിന്റേയും ഏറ്റുമുട്ടല്‍ ഉണ്ടായത്. തുടർന്ന് അക്രമം പൊട്ടിപ്പുറപ്പെടുകയായിരുന്നു എന്ന് മാധ്യമ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.നൂറുകണക്കിന് മക്കാബി ആരാധകർ സെൻട്രല്‍ ഡാം സ്ക്വയറില്‍ തടിച്ചുകൂടി പടക്കം പൊട്ടിച്ചതോടെ മത്സരത്തിന് മുൻപ് പൊലീസുമായും ഏറ്റുമുട്ടല്‍ ഉണ്ടായി. പൊതു ക്രമസമാധാനം തകർത്തതിനും അനധികൃതമായി പടക്കങ്ങള്‍ കൈവശം വച്ചതിനും ഇരുപതോളം പേരെ അറസ്റ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചു.ആംസ്റ്റർഡാമിലെ ഇസ്രായേലികളോട് തെരുവുകളില്‍ ഇറങ്ങരുതെന്നും ഹോട്ടല്‍ മുറികളില്‍ താമസിക്കാനും ഇസ്രായേല്‍ അധികൃതർ നിർദേശിച്ചിട്ടുണ്ട്. ആംസ്റ്റർഡാമിലെ ഇസ്രായേലി ഫുട്ബോള്‍ ആരാധകരുടെ സുരക്ഷക്കായി രണ്ട് രക്ഷാപ്രവർത്തന വിമാനങ്ങള്‍ അയക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടു.മക്കാബി ടെല്‍ അവീവും അജാക്‌സ് ആംസ്റ്റർഡാമും തമ്മിലുള്ള മത്സരത്തിന് മുമ്ബ് ഡച്ച് തലസ്ഥാനത്ത് സയണിസ്റ്റ് ആരാധകർ ഫലസ്‌തീൻ പതാക നീക്കം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, സമീപത്തെ പബ്ബില്‍ നിന്ന് പുറത്തുവരുമ്ബോള്‍ തങ്ങളുടെ ശരീരത്തിലേക്ക് ചില വസ്തുക്കള്‍ വലിച്ചെറിഞ്ഞതോടെയാണ് തർക്കം ആരംഭിച്ചതെന്നാണ് മക്കാബി ആരാധകരുടെ വാദം. ഇതിനിടെ ഒരു മക്കാബി ആരാധകനെ ആംസ്റ്റർഡാം കനാലിലേക്ക് തള്ളിയിട്ട് ‘ഫ്രീ ഫലസ്‌തീൻ’ എന്ന് വിളിച്ചുപറയുന്ന ദൃശ്യങ്ങളും പുറത്തുവന്നു.സംഘർഷത്തിന് പിന്നാലെ ആംസ്റ്റർഡാമില്‍ സുരക്ഷാ കനപ്പിച്ചതായി പൊലീസ് അറിയിച്ചു.