ഈടില്ലാതെ 10 ലക്ഷം വരെ വിദ്യാഭ്യാസ വായ്പ; മൂന്ന് ശതമാനം പലിശയിളവ്
ന്യൂഡല്‍ഹി: സാമ്ബത്തിക പരിമിതികള്‍ മൂലം മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാൻ പ്രാപ്തരായ ദരിദ്ര-ഇടത്തരം വിദ്യാർത്ഥികള്‍ക്ക് തടസ്സമില്ലാതിരിക്കാൻ കേന്ദ്രസർക്കാർ പുതിയ വായ്പാ പദ്ധതി പ്രഖ്യാപിച്ചു.”പി.എം. വിദ്യാ ലക്ഷ്മി” എന്ന ഈ പദ്ധതി പ്രകാരം ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്ന വിദ്യാർത്ഥികള്‍ക്ക് ബാങ്കുകളില്‍നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ജാമ്യവും ഈടുമില്ലാത്ത വായ്പ നല്‍കാനുള്ള പദ്ധതി കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. വർഷംതോറും ഏകദേശം ഒരു ലക്ഷം വിദ്യാർത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതിനായി ആദ്യ അഞ്ചുവർഷത്തേക്ക് 3600 കോടി രൂപ വകയിരുത്തിയതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ദേശീയ സ്ഥാപന റാങ്കിങ് ചട്ടക്കൂടിലെ (NIRF) ആദ്യ നൂറു റാങ്കിലുള്ള കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആദ്യ 200 റാങ്കിലുള്ള സംസ്ഥാന-കേന്ദ്രഭരണ പ്രദേശ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം നേടുന്ന വിദ്യാർത്ഥികള്‍ക്ക് ഈ വായ്പ ലഭ്യമാണ്. ഈ വിദ്യാർത്ഥികള്‍ക്ക് 10 ലക്ഷം വരെയുള്ള വായ്പയ്ക്ക് മൂന്ന് ശതമാനം പലിശയിളവ് നല്‍കും. 7.5 ലക്ഷം വരെയുള്ള വായ്പകളില്‍ 75 ശതമാനം ജാമ്യവും കേന്ദ്രസർക്കാർ വഹിക്കും.കുടുംബ വാർഷികവരുമാനം 8 ലക്ഷം രൂപ വരെ ഉള്ളവർക്ക് ഈ വായ്പക്ക് അപേക്ഷിക്കാം. പഠനകാലയളവില്‍ പലിശമാത്രം അടച്ചാല്‍ മതിയാകും; അതിനുശേഷം ഒന്നുവർഷം കൂടി ഈ സൗകര്യം ലഭിക്കും.പി.എം. വിദ്യാലക്ഷ്മി എന്ന ഏകീകൃത പോർട്ടലിലൂടെ അപേക്ഷ നല്‍കാം. ഇവിടെ വായ്പാ അപേക്ഷകളും പലിശയിളവിനായുള്ള വ്യവസ്ഥകളും ലഭ്യമാണ്.പദ്ധതിയിലൂടെ എല്ലാ പ്രാപ്തരായ വിദ്യാർത്ഥികള്‍ക്കും ഇന്ത്യയിലെ ഉയർന്ന നിലവാരമുള്ള സ്ഥാപനങ്ങളില്‍ പഠിക്കാൻ ഏകീകൃത പിന്തുണ നല്‍കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.