ഫ്രിഡ്ജില്‍ പഴകിയ ചിക്കനും ബീഫും പെറോട്ടയും; തൃക്കാക്കരയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ മിന്നല്‍ പരിശോധനയില്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകള്‍

കൊച്ചി: തൃക്കാക്കരയിലെ ഹോട്ടലുകളില്‍ വ്യാപക പരിശോധന നടത്തി നഗരസഭ ആരോഗ്യ വിഭാഗം. പരിശോധനയില്‍ പഴകിയ ഭക്ഷ്യസാധനങ്ങള്‍ പിടിച്ചെടുത്തു.പഴകിയ ചിക്കൻ, ബീഫ്, പെറോട്ട, ഫ്രൈഡ് റൈസ്, ന്യൂഡില്‍സ് തുടങ്ങിയ ഭക്ഷണങ്ങളാണ് അധികൃതർ പരിശോധനയില്‍ കണ്ടെത്തിയത്.കാക്കനാട് കുന്നുംപുറത്തെ ഒറിഗാമി റെസ്റ്റോറന്റ്, ഫുള്‍ ഓണ്‍ കഫേ, സലാം തട്ടുകട എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തത്. ഈ ഹോട്ടലുകള്‍ക്കെതിരെ മുൻപും പരാതികള്‍ ലഭിച്ചിരുന്നു.കഴിഞ്ഞ ആഴ്ച പരിശോധന നടത്തിയതിനുപിന്നാലെ കൂടുതല്‍ പരാതികള്‍ ഹോട്ടലുകള്‍ക്കെതിരെ ലഭിക്കുകയായിരുന്നു. ഇതിനെത്തുടർന്നാണ് നഗരസഭാ ആരോഗ്യ വിഭാഗം മിന്നല്‍ പരിശോധന നടത്തിയത്.കഴിഞ്ഞ വർഷം ഒക്ടോബറില്‍ കാക്കനാടുളള ഹോട്ടലില്‍ നിന്ന് ഷവർമ്മ കഴിച്ച യുവാവിന് ഭക്ഷ്യ വിഷബാധയുണ്ടാകുകയും ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെടുകയും ചെയ്തിരുന്നു. ഇതിന് ശേഷം ഈ മേഖലകളില്‍ പരിശോധനകള്‍ സജീവമായിരുന്നെങ്കിലും പിന്നീട് അത് മന്ദഗതിയിലായി. ഇത് മുതലെടുത്താണ് ഹോട്ടലുകള്‍ വീണ്ടും മോശം ഭക്ഷണം നല്‍കിത്തുടങ്ങിയത്. ഇൻഫോപാർക്കിലും മറ്റും ജോലി ചെയ്യുന്നവരും മറ്റ് സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും ധാരാളമായി താമസിക്കുന്ന സ്ഥലമാണ് കാക്കനാടും സമീപമുളള കുന്നുംപുറവും മറ്റും. ഭക്ഷണത്തിനായി ഇവിടെയുളള ഹോട്ടലുകളെ ആശ്രയിക്കുന്നവർ അസുഖബാധിതരാകുന്നത് പതിവാണെന്ന പരാതി വ്യാപകമാണ്.

Sharing

Leave your comment

Your email address will not be published. Required fields are marked *