ഒരാള്‍ക്ക് 40,000 രൂപ , മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് ജോലി നല്‍കിയാല്‍ വേതനത്തിന്റെ പാതി നോര്‍ക്ക നല്‍കും;

കാസർകോട്: വിദേശത്തുനിന്ന് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് ജോലിനല്‍കിയാല്‍ തൊഴിലുടമയ്ക്ക് ഇവരുടെ വേതനത്തിന്റെ പകുതി ‘നോർക്ക റൂട്ട്സ്’ നല്‍കും.ദിവസവേതനത്തിന്റെ 50 ശതമാനം, അല്ലെങ്കില്‍ പരമാവധി 400 രൂപ ഇതില്‍ ഏതാണോ കുറവ് അതാണ് അനുവദിക്കുക. ഒരു തൊഴിലുടമയ്ക്കുകീഴില്‍ ഒരു വർഷം പരമാവധി 50 തൊഴിലാളികള്‍ക്ക് ആനുകൂല്യം കിട്ടും. ഒരു തൊഴിലാളിക്ക് ഓരോ മൂന്നുമാസവും 25 ദിവസംവെച്ച്‌ പരമാവധി 100 ദിവസത്തെ തുകയാണ് ഒരുവർഷം അനുവദിക്കുക. അതായത് ഒരു തൊഴിലാളിക്ക് പരമാവധി 40,000 രൂപ നല്‍കും. തൊഴിലാളികളും തൊഴിലുടമകളും നോർക്കയില്‍ രജിസ്റ്റർചെയ്യണം.നോർക്ക അസിസ്റ്റഡ് ആൻഡ് മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് സ്കീം(നെയിം) പ്രകാരമാണിത് നടപ്പാക്കുന്നത്. നോർക്ക തിരഞ്ഞെടുക്കുന്ന തൊഴില്‍മേഖലയിലാകും തുടക്കത്തില്‍ ഇത് നടപ്പാക്കുക. ഒരു തൊഴിലാളിക്ക് ഒരുവർഷംമാത്രമേ ആനുകൂല്യം ലഭിക്കൂ.

  • കുറഞ്ഞത് രണ്ടുവർഷം വിദേശത്ത് ജോലിചെയ്ത നിലവില്‍ തൊഴില്‍ വിസ ഇല്ലാത്തവരോ മടങ്ങിവന്ന് ആറുമാസം കഴിഞ്ഞവരോ ആകണം.
  • കുറഞ്ഞ പ്രായപരിധി 25 വയസ്സ്; കൂടിയത് 70 വയസ്സ്.
  • കുടുംബവാർഷികവരുമാനം മൂന്നുലക്ഷംരൂപയോ അതില്‍ താഴെയോ ആകണം.
  • 90 ശതമാനം അംഗങ്ങളും തിരിച്ചെത്തിയ പ്രവാസികളായിട്ടുള്ള തൊഴില്‍, വ്യവസായ, സേവന, സംരംഭ സഹകരണസംഘങ്ങള്‍, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ രജിസ്ട്രേഷനുള്ള സ്വകാര്യ, സഹകരണ, വ്യവസായ, വ്യാപാര, സേവന സ്ഥാപനങ്ങള്‍, സ്റ്റാർട്ടപ്പ് സംരംഭങ്ങള്‍ എന്നിവർക്ക് തൊഴില്‍ ദാതാക്കളായി രജിസ്റ്റർചെയ്യാം.
  • തൊഴിലാളികളുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ടിലേക്ക് വേണം തൊഴിലുടമ വേതനം നല്‍കാൻ. സ്ഥാപനത്തിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കേ നോർക്ക തുക അനുവദിക്കൂ.
  • തൊഴിലാളിക്ക് വർഷം മുഴുവനും സ്ഥാപനം തൊഴില്‍നല്‍കണം.

Sharing

Leave your comment

Your email address will not be published. Required fields are marked *