തിരിച്ചിട്ടപ്പാറ ഇടിമിന്നല്‍ ദുരന്തം;പെണ്‍കുട്ടിയെ രക്ഷിച്ചത് “കാക്കിക്കരുത്ത്”

നെടുമങ്ങാട്: തിരിച്ചിട്ടപ്പാറയില്‍ ഇടിമിന്നലില്‍ പരിക്കേറ്റ പത്താംക്ലാസ് വിദ്യാർത്ഥിനിയുടെ ജീവൻ രക്ഷിക്കുന്നതില്‍ നിർണായകമായത് സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിന്റെ സമയോചിതമായ ഇടപെടല്‍.നെടുമങ്ങാട് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഓസ്റ്റിൻ ജി.ഡെന്നിസൻ കുട്ടിയെ തോളിലേറ്റി ഒരു കിലോമീറ്ററോളം ചെങ്കുത്തായ പാറക്കെട്ടുകള്‍ നടന്നിറങ്ങിയാണ് കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ കൗമാരക്കാരായ 2 ആണ്‍കുട്ടികള്‍ക്കൊപ്പം തിരിച്ചിട്ടപ്പാറയിലെത്തിയ വിദ്യാർത്ഥിനിക്കാണ് പൊലീസിന്റെ രക്ഷാദൗത്യം പുനർജന്മമേകിയത്. ഇടിമിന്നലില്‍ ആലംകോട് സ്വദേശിയായ 16കാരന്റെ ജീവൻ പൊലിഞ്ഞു. കുന്നിൻമുകളിലെ പാറയുടെ അടിയില്‍ മഴ നനയാതെ മാറിനില്‍ക്കവേയാണ് മിന്നലേറ്റത്.ഇതോടെ അടുത്തുനിന്ന പെണ്‍കുട്ടിയുടെയും ബോധമറ്റു. കൂടെയുണ്ടായിരുന്ന ഷൈനു എന്ന കുട്ടി അടിവാരത്തെത്തി നാട്ടുകാരെ വിവരം ധരിപ്പിച്ചതിനെത്തുടർന്ന് എസ്.എച്ച്‌.ഒ നിധിന്റെ നേതൃത്വത്തില്‍ എസ്.ഐ ഓസ്റ്റിനും ഏതാനും പൊലീസുകാരും ചെങ്കുത്തായ കയറ്റം കാല്‍നടയായി സഞ്ചരിച്ച്‌ സ്ഥലത്തെത്തുകയായിരുന്നു. മരിച്ചുകിടക്കുന്ന കൗമാരക്കാരനു സമീപം ദേഹത്ത് ചോര പൊടിഞ്ഞ് വിറങ്ങലിച്ചിരിക്കുന്ന പെണ്‍കുട്ടിയെ ദുർഘടം പിടിച്ച വഴിയിലൂടെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക ശ്രമകരമായിരുന്നു. ഒട്ടും നേരം പാഴാക്കാതെ ഓസ്റ്റിൻ ഡെന്നിസണ്‍ കുട്ടിയെ തോളില്‍ ചുമന്ന് പാറക്കെട്ടുകള്‍ നിറഞ്ഞ വഴികളിലൂടെ താഴെ എത്തിച്ചശേഷം പൊലീസ് ആംബുലൻസില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.കുട്ടിയെ പെട്ടെന്ന് താഴ്വാരത്ത് എത്തിക്കാൻ വേറെ പോംവഴി ഇല്ലായിരുന്നു. തോളില്‍ ചുമക്കാൻ എസ്.ഐ മുന്നോട്ടുവന്നത് ദൗത്യം വിജയകരമാക്കാൻ സഹായകമായി. കുട്ടിയുടെ ആരോഗ്യനില തൃപ്‍തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.ഓസ്റ്റിനെ നിരവധിപേർ അനുമോദിച്ചു. റിട്ട.കെ.എസ് .ആർ.ടി.സി ജീവനക്കാരൻ വട്ടപ്പാറ പ്ലാവിളയില്‍ കെ.ഡെന്നിസന്റെയും ഗില്‍ഡാബായിയുടെയും മകനാണ് 39കാരൻ ഓസ്റ്റിൻ. ഭാര്യ: ഡോ.ഹിമ പെരുമാതുറ പി.എച്ച്‌സിയിലാണ്. മക്കള്‍: ആൻലിയ അഗസ്റ്റിൻ,എല്‍ഹാൻ അഗസ്റ്റിൻ.

Sharing

Leave your comment

Your email address will not be published. Required fields are marked *