കേന്ദ്രത്തിനോട് 6000 കോടി കടം ചോദിച്ച്‌ കേരളം;കടമെടുപ്പ് പരിധി വെട്ടിക്കുറച്ച നടപടി പിന്‍വലിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനോട് വീണ്ടും 6,000 കോടി രൂപ കടം അഭ്യര്‍ത്ഥിച്ച്‌ കേരളം.കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ കണ്ട് കേരള ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ആവശ്യം ഉന്നയിച്ചത്.സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിലെ മുന്‍കാല വെട്ടിക്കുറവുകള്‍ പിന്‍വലിക്കുന്നതുള്‍പ്പെടെ പരിഗണിക്കണമെന്നും സംസ്ഥാന മന്ത്രി ആവശ്യപ്പെട്ടു. കേരളത്തിന്റെ ആവശ്യങ്ങള്‍ വിശദീകരിക്കുന്ന ഒരു മെമ്മോറാണ്ടവും കേന്ദ്രമന്ത്രിക്കു മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്.കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി), കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ് (കെഎസ്‌എസ്പിഎല്‍) എന്നിവയുടെ വായ്പകള്‍ സംസ്ഥാനത്തിന്റെ കടമെടുക്കല്‍ പരിധിക്കുള്ളില്‍ ക്രമീകരിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം വന്‍ തിരിച്ചടിയാണെന്ന് ബാലഗോപാല്‍ പറഞ്ഞു.ഇതു മൂലം ഈ സാമ്പത്തിക വര്‍ഷത്തിലും, അടുത്ത വര്‍ഷത്തിലും സംസ്ഥാനത്തിന് ഏകദേശം 4,711 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നു ധനമന്ത്രി ചൂണ്ടിക്കാട്ടി.മുന്‍കാല പ്രാബല്യത്തോടെ ഈ തീരുമാനം നടപ്പിലാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം വിഭവ ലഭ്യതയിലും, ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്ന് കടമെടുക്കാനുള്ള കഴിവിനേയും ബാധിച്ചുവെന്ന് മെമ്മോറാണ്ടം വ്യക്തമാക്കുന്നു.ദേശീയ പാതകള്‍ക്കായി സ്ഥലമേറ്റെടുക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്ന തുകയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ 6,000 കോടി രൂപ അധികമായി കടമെടുക്കാന്‍ അനുവദിക്കണമെന്നതാണ് കേരളത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്.
ഭൂമി ഏറ്റെടുക്കല്‍ ചെലവിന്റെ 25 ശതമാനം കേരളമാണു വഹിക്കുന്നതെന്നും നിര്‍മ്മല സീതാരാമന് നല്‍കിയ മെമ്മോറാണ്ടത്തില്‍ ബാലഗോപാല്‍ പറയുന്നു. ഇതിനുള്ള അംഗീകൃത തുക 6,769 കോടി രൂപയാണെന്നും, ഇതില്‍ 5,580 കോടി രൂപ ഇതിനകം സംസ്ഥാനം ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.കേരളത്തിന്റെ മറ്റ് ആവശ്യങ്ങളില്‍ ഒന്ന്, 2024- 25 ലെ കാപെക്സ് സ്‌കീമിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ആവശ്യമായ വ്യവസ്ഥകളില്‍ നിന്ന് സിഎസ്‌എസുമായി ബന്ധപ്പെട്ട ബ്രാന്‍ഡിംഗ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നത് ഡിലിങ്ക് ചെയ്യണം എന്നതാണ്.വയനാട്ടിലെ ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ അഭ്യര്‍ത്ഥനയില്‍ അനുകൂലമായ തീരുമാനം കൈക്കൊള്ളണമെന്നും ബാലഗോപാല്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.ദുരന്തത്തിന്റെ ഭാഗമായി ഇതുവരെ കേരളത്തിന് അര്‍ഹമായ നഷ്ടപരിഹാരം അനുവദിക്കപ്പെട്ടിട്ടില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.
.

Sharing

Leave your comment

Your email address will not be published. Required fields are marked *