അടുത്ത യുഎസ് പ്രസിഡന്റ്; തിരഞ്ഞെടുപ്പ് വിജയിയെ പ്രവചിച്ച് സോഷ്യല്‍ മീഡിയ താരമായ ഹിപ്പോ;
ബാങ്കോക്ക്: തങ്ങളുടെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുകയാണ് യുഎസ് ജനത ഇന്ന്. വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയുമായ കമല ഹാരിസും മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാള്‍ഡ് ട്രംപും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രചരണത്തില്‍ കാഴ്ചവച്ചത്.ഇന്ത്യൻ സമയം വൈകിട്ട് ഇന്ന് 5.30നും 7.30നും ഇടയില്‍ പോളിംഗ് ആരംഭിക്കും. നാളെ ഫലം പുറത്തുവരും. ഇതിനിടെ തായ്‌ലൻഡിലെ സമൂഹമാദ്ധ്യമ താരമായ ഒരു ഹിപ്പോപ്പൊട്ടാമസ് യുഎസ് തിരഞ്ഞെടുപ്പ് പ്രവചനം നടത്തിയിരിക്കുകയാണ്.മൂ ഡെംഗ് എന്ന് പേരുള്ള കുട്ടി പിഗ്‌മി ഹിപ്പോപ്പൊട്ടാമസ് ആണ് പ്രവചനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. തായ്‌ലൻഡ് സി റാക്കയിലെ കാവോ ക്വു തുറന്ന മൃഗശാലയിലാണ് മൂ ഡെംഗ് ഉള്ളത്. ട്രംപിന്റെയും കമലയുടെയും പേരുകള്‍ അടങ്ങിയ ഒരുപോലുള്ള രണ്ട് തണ്ണീർമത്തനുകള്‍ ഹിപ്പോയുടെ മുന്നില്‍ വയ്ക്കുന്നു. വിളിച്ചയുടൻ വെള്ളത്തില്‍ നിന്ന് പുറത്തുവന്ന ഹിപ്പോ നേരെ ട്രംപിന്റെ പേരുള്ള തണ്ണീർമത്തൻ തിരഞ്ഞെടുക്കുന്നതാണ് വീഡിയോയിലുള്ളത്.ഈ വർഷം ജൂലായിലാണ് മൂ ഡെംഗ് ജനിച്ചത്. ഹിപ്പോയെ പരിപാലിക്കുന്നവർ ടിക്ക് ടോക്കിലും ഇൻസ്റ്റാഗ്രാമിലുമൊക്കെയായി വീഡിയോകള്‍ പങ്കുവച്ചതോടെ ആയിരക്കണക്കിന് ആരാധകരാണ് ഇന്ന് മൂ ഡെംഗിനുള്ളത്. അടുത്തിടെ ഹിപ്പോ ലോകപ്രശസ്ത അമേരിക്കൻ ഗായകൻ മൈക്കിള്‍ ജാക്‌സണിന്റെ ‘മൂണ്‍ വാക്ക്’ നൃത്തച്ചുവട് അനുകരിച്ചത് ഏറെ കയ്യടി നേടിയിരുന്നു. മൂ ഡെംഗിന്റെ ജനപ്രീതി മൃഗശാലയുടെ വരുമാനത്തില്‍ നാല് മടങ്ങ് വർദ്ധനവിന് കാരണമായെന്ന് റിപ്പോർട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.അടുത്ത യുഎസ് പ്രസിഡന്റ്; തിരഞ്ഞെടുപ്പ് വിജയിയെ പ്രവചിച്ച് സോഷ്യല്‍ മീഡിയ താരമായ ഹിപ്പോ