
വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കാൻ സര്‍ക്കാരിന് ഇടപെടാം; UP മദ്രസ വിദ്യാഭ്യാസനിയമം ശരിവച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി: 2004-ലെ ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീംകോടതി. മദ്രസകളിലെ വിദ്യാഭാസത്തിന്റെ നിലവാരം ഉറപ്പാക്കാൻ സർക്കാരിന് ഇടപെടാമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. എന്നാല്‍, മദ്രസകളില്‍ വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കുന്നതിന്റെ പേരില്‍ സർക്കാർ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ഉള്ള അവകാശം നിഷേധിക്കരുതെന്നും സുപ്രീം കോടതി നിർദേശിച്ചു. ഇതോടെ ഉത്തർപ്രദേശിലെ 13,000 ത്തോളം മദ്രസകള്‍ക്ക് നിയന്ത്രണങ്ങളോടെ പ്രവർത്തത്തിക്കാൻ സാധിക്കും.മതേതര വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് 2004-ലെ ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം അലഹബാദ് ഹൈക്കോടതി റദ്ദാക്കിയത്. അലഹബാദ് ഹൈക്കോടതി വിധി റദ്ദാക്കിയാണ് 2004-ലെ നിയമം ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ശരിവച്ചത്.അതേസമയം, 12-ാം ക്ലാസിന് ശേഷം മദ്രസകളില്‍ പഠിക്കുന്ന വിദ്യാർഥികള്‍ക്ക് നല്‍കുന്ന സർട്ടിഫിക്കറ്റുകളായ കാമില്‍, ഫാസില്‍ എന്നിവയ്ക്ക് ഉത്തർപ്രദേശ് മദ്രസ ബോർഡിന് അംഗീകാരം നല്‍കാൻ കഴിയില്ലെന്ന് സുപ്രീംകോടതി വിധിച്ചു. ഇങ്ങനെ സർട്ടിഫിക്കറ്റ് നല്‍കുന്നത് യു.ജി.സി. ചട്ടങ്ങളുടെ ലംഘനമാണെന്നും സുപ്രീംകോടതി വിധിച്ചു.