യുഎഇയില്‍ ജോലി ചെയ്യുന്നവര്‍ സൂക്ഷിച്ചോളൂ, എപ്പോള്‍ വേണമെങ്കിലും ജോലി നഷ്ടപ്പെടാം;
അബുദാബി: യുഎയില്‍ തൊഴില്‍ ചെയ്യുന്നവരോ തൊഴില്‍ തേടി പോകാനിരിക്കുന്നവരോ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്. നിയമലംഘനങ്ങളോ കുറ്റകൃത്യങ്ങളോ ചെയ്യാതെ തന്നെ നിങ്ങളുടെ ജോലി നഷ്ടപ്പെടാം.തൊഴിലില്‍ മോശം പ്രകടനം കാഴ്ചവയ്ക്കുന്നവരെ പിരിച്ചുവിടാനുള്ള വ്യവസ്ഥകള്‍ യുഎഇ നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്.യുഎഇയില്‍ ഒരു തൊഴിലാളി സ്ഥിരോത്സാഹത്തോടെ പ്രവർത്തിക്കണമെന്നും തൊഴില്‍ വൈദഗ്ദ്യം വികസിപ്പിക്കണമെന്നും 2021ലെ 33ാം നമ്ബർ ഫെഡറല്‍ നിയമത്തിന്റെ ആർട്ടിക്കിള്‍ 16(8)ല്‍ പ്രതിപാദിക്കുന്നു. കരാർ പ്രകാരം തൊഴിലാളി മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്നില്ലെങ്കില് അയാള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ തൊഴിലുടമയ്ക്ക് അധികാരമുണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ തൊഴിലാളിക്ക് നോട്ടീസ് അയക്കുകയോ, മുന്നറിയിപ്പ് നല്‍കുകയോ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയോ ചെയ്യാം.മോശം പ്രകടനം കാഴ്ച്ചവയ്ക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യം തൊഴിലാളിയുടെ ശ്രദ്ധയില്‍പ്പെടുത്താം, രേഖാമൂലം അറിയിപ്പ് നല്‍കാം, വേതനം നല്കി പിരിച്ചുവിടുകയും ചെയ്യാമെന്ന് തൊഴില്‍ നിയമത്തിലെ ആർട്ടിക്കിള്‍ 39 (1) (a), (b) & (g) എന്നിവയില്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ജീവനക്കാരന് രണ്ട് രേഖാമൂലമുള്ള മുന്നറിയിപ്പുകള്‍ നല്‍കുകയും പരാതിയിന്മേല് അന്വേഷണം പൂർത്തിയാക്കുകയും ചെയ്ത് കഴിഞ്ഞാല്‍, മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ നോട്ടീസ് നല്‍കാതെ തന്നെ ജീവനക്കാരനെ പിരിച്ചുവിടാം.തൊഴിലാളി കരാർ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് കണ്ടെത്തിയാല്‍ പരാതിയിന്മേല് അന്വേഷണം നടത്തി 60 ദിവസത്തിനകം നടപടി സ്വീകരിക്കണം. അതേസമയം, മേല്‍പ്പറഞ്ഞ വ്യവസ്ഥകള്‍ പാലിക്കാതെയാണ് പിരിച്ചുവിടുന്നതെങ്കില്‍ നടപടി ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടി തൊഴിലാളിക്ക് മാനവവിഭവശേഷി മന്ത്രാലയത്തെ സമീപിക്കാം.