ചാരൻ നെതന്യാഹുവിന്റെ ഓഫീസില്‍ തന്നെ; അതീവ രഹസ്യം ചോര്‍ത്തിയത് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ‘വിശ്വസ്തൻ’

തെല്‍ അവീവ്: ഗസ്സ യുദ്ധവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോർന്നത് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍(പിഎംഒ) നിന്നെന്ന് റിപ്പോർട്ട്.ബെഞ്ചമിൻ നെതന്യാഹുവിന്റെ വിശ്വസ്തനും അനൗദ്യോഗിക വക്താവുമായ എലി ഫെല്‍ഡ്‌സ്റ്റൈൻ ആണു വിവരങ്ങള്‍ ചോർത്തിയതെന്നാണു പുതിയ കണ്ടെത്തല്‍. പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട മൂന്നുപേരും ചോര്‍ച്ചയില്‍ ഭാഗമായിട്ടുണ്ടെന്നും വ്യക്തമായതായി ‘ടൈംസ് ഓഫ് ഇസ്രായേല്‍’ റിപ്പോർട്ട് ചെയ്തു. നേരത്തെ അമേരിക്കയ്ക്കു കൈമാറിയ ഇറാനെതിരായ പ്രത്യാക്രമണ പദ്ധതികള്‍ വിവരിക്കുന്ന റിപ്പോർട്ട് ചോർന്നത് വലിയ വിവാദമായിരുന്നു. യുഎസ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥർക്കെതിരെ ഇതിന്‍റെ ആരോപണമുന ഉയരുന്നതിനിടെയാണു പുതിയ കണ്ടെത്തല്‍ പുറത്തുവരുന്നത്.രഹസ്യവിവരങ്ങള്‍ ചോർന്ന കേസില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നത് തെല്‍ അവീവിലെ റിഷോണ്‍ ലെസിയോണ്‍ മജിസ്‌ട്രേറ്റ് കോടതി നേരത്തെ തടഞ്ഞിരുന്നു. ഈ ഗാഗ് ഉത്തരവ് കഴിഞ്ഞ ദിവസം കോടതി പിൻവലിച്ചതോടെയാണു മുഖ്യപ്രതിയുടെ പേരുവിവരങ്ങള്‍ പുറത്തായത്. ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ വക്താക്കളിലൊരാളാണ് എലി ഫെല്‍ഡ്‌സ്റ്റൈൻ. ഇയാളാണു ദേശസുരക്ഷയുമായി ബന്ധപ്പെട്ട അതീവ രഹസ്യവിവരങ്ങള്‍ യൂറോപ്യൻ മാധ്യമങ്ങള്‍ക്കു ചോർത്തിനല്‍കിയതെന്ന് കോടതി ഉത്തരവില്‍ പറയുന്നു.കേസില്‍ മറ്റു മൂന്നു പ്രതികളുമുണ്ട്. ഇവരുടെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടുന്നത് കോടതി തടഞ്ഞിട്ടുണ്ട്. പ്രതിരോധ വകുപ്പുമായി ബന്ധമുള്ള ഉദ്യോഗസ്ഥരാണു മൂന്നുപേരുമെന്നാണു വിവരം. ഇസ്രായേല്‍ സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റും ഐഡിഎഫും ഉയർത്തിയ സംശയങ്ങള്‍ക്കു പിന്നാലെയാണു സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതെന്ന് കോടതി പറഞ്ഞു. ഐഡിഎഫില്‍നിന്നു രഹസ്യവിവരങ്ങള്‍ കൈപ്പറ്റിയ ശേഷം ചോർത്തിനല്‍കുകയാണ് ഇവർ ചെയ്തത്. ദേശീയസുരക്ഷയ്ക്ക് ഗുരുതരമായ പരിക്കുണ്ടാക്കുമെന്ന ആശങ്കകള്‍ ഇതിനു പിന്നാലെ ഉയർന്നിട്ടുണ്ട്. ഗസ്സയിലുള്ള ബന്ദികളെ മോചിപ്പിക്കുക എന്ന പ്രതിരോധസേനയുടെ ലക്ഷ്യം കൈവരിക്കുന്നതിനും ഇതു തിരിച്ചടിയാകുമെന്നും ഇസ്രായേല്‍ കോടതി ചൂണ്ടിക്കാട്ടി.

ഒക്ടോബർ അവസാനത്തില്‍ തന്നെ എലി ഫെല്‍ഡ്‌സ്റ്റൈൻ അറസ്റ്റിലായിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ വെള്ളിയാഴ്ച മാത്രമാണു വിവരം പുറത്തുവരുന്നത്. പുലർച്ചെ ഇയാളുടെ വീട്ടില്‍ നടന്ന റെയ്ഡിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അടുത്ത ചൊവ്വാഴ്ച വരെ കോടതി റിമാൻഡില്‍ വിട്ടിരിക്കുകയാണ്.കഴിഞ്ഞ ദിവസങ്ങളിലെല്ലാം കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍നിന്ന് നെതന്യാഹു ഒഴിഞ്ഞുമാറിയിരുന്നു. തന്റെ ഓഫീസിലെ ആരും അറസ്റ്റിലായിട്ടില്ലെന്നും ഒരാള്‍ക്കെതിരെയും അന്വേഷണമില്ലെന്നുമായിരുന്നു അദ്ദേഹം വാദിച്ചത്. രഹസ്യവിവര ചോർച്ച നെതന്യാഹുവിനു രാഷ്ട്രീയമായി ലാഭമുണ്ടാക്കുന്നതാണെന്ന വിമർശനങ്ങള്‍ അദ്ദേഹം തള്ളി. കേസിലെ ഗാഗ് ഉത്തരവ് കോടതി പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.നെതന്യാഹുവിന്റെ അടുത്ത വലയത്തില്‍പെട്ടയാളാണ് ഫെല്‍ഡ്‌സ്റ്റൈൻ എന്നാണ് ‘ടൈംസ് ഓഫ് ഇസ്രായേല്‍’ റിപ്പോർട്ടില്‍ സൂചിപ്പിക്കുന്നത്. ഔദ്യോഗികമായല്ലെങ്കിലും കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രധാനമന്ത്രിയുടെ ഓഫീസിലെ എല്ലാ കാര്യങ്ങളിലും ഇടപെട്ടിരുന്നയാളാണ്. നെതന്യാഹുവിനൊപ്പം നില്‍ക്കുന്ന നിരവധി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പിഎംഒയുടെ ഡയരക്ടർ ജനറലിനു വേണ്ട സാങ്കേതിക സഹായങ്ങള്‍ നല്‍കിയിരുന്നയാളാണെന്ന തരത്തിലും വാർത്തകള്‍ വരുന്നുണ്ട്. നുണപരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ പ്രവർത്തിക്കാൻ വേണ്ട സുരക്ഷാ ക്ലിയറൻസ് എലി ഫെല്‍ഡ്‌സ്റ്റൈനു ലഭിച്ചിരുന്നില്ലെന്ന് ഇസ്രായേല്‍ മാധ്യമമായ ‘കാൻ ന്യൂസ്’ റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍, ഇതിനുശേഷവും നിരന്തരം നെതന്യാഹുവുമായി ചേർന്നു പ്രവർത്തിക്കുകയും അടുത്ത ബന്ധം പുലർത്തുകയും ചെയ്തിരുന്നുവെന്നാണു വിവരം.

ഐഡിഎഫ് വക്താക്കളുടെ വിഭാഗത്തിലും ഫെല്‍ഡ്‌സ്റ്റൈൻ പ്രവർത്തിച്ചിട്ടുണ്ട്. നെറ്റ്‌സ യെഹൂദ ബറ്റാലിയൻ, വെസ്റ്റ് ബാങ്ക് ഡിവിഷൻ എന്നീ വിഭാഗങ്ങളിലാണു സേവനമനുഷ്ഠിച്ചത്. സൈനിക വക്താക്കളുടെ വിഭാഗത്തില്‍ ഓപറേഷൻസ് ഓഫീസറുമായിരുന്നു. ഈ പദവിയിലെത്തുന്ന ആദ്യത്തെ ഓർത്തഡോക്‌സ് വിഭാഗക്കാരനുമാണ് അദ്ദേഹം. ഇസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രിയായ ഇറ്റാമർ ബെൻ ഗവിറിന്റെ വക്താവായും പിന്നീട് പ്രവർത്തിച്ചിട്ടുണ്ട്.ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജൂത പ്രസിദ്ധീകരണണായ ‘ജ്യൂയിഷ് ക്രോണിക്കിളി’ല്‍ ആണു ചോർന്ന വിവരങ്ങള്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. സ്ഥാപനം ഇതു പിന്നീടു പിൻവലിക്കുകയും ചെയ്തിരുന്നു. ജർമനിയിലെ ടാബ്ലോയ്ഡ് പത്രമായ ‘ബില്‍ഡി’ലും ഇതേ വിവരങ്ങള്‍ അടിസ്ഥാനമാക്കി റിപ്പോർട്ടുകള്‍ വന്നു. ഈജിപ്ത് വഴി ബന്ദികളെ രഹസ്യമായി കടത്താൻ ഹമാസ് പദ്ധതിയിടുന്നതായി ഈ റിപ്പോർട്ടുകളില്‍ സൂചിപ്പിച്ചിരുന്നു. ബന്ദികളെ ഉപയോഗിച്ച്‌ മനശ്ശാസ്ത്ര പോരാട്ടം തുടരാനാണ് ഹമാസ് പദ്ധതിയെന്നും വെളിപ്പെടുത്തലുണ്ടായിരുന്നു. നെതന്യാഹുവിന്റെ താല്‍പര്യങ്ങള്‍ക്കൊത്ത വിവരങ്ങളാണ് ഇതെല്ലാമെന്നാണ് ഇസ്രായേല്‍ മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തിയത്. യുദ്ധത്തിലെ തോല്‍വിയുമായി ബന്ധപ്പെട്ട പഴികള്‍ ഒഴിവാക്കാൻ ഇതു സഹായിക്കുമെന്ന കണക്കുകൂട്ടലും ഇസ്രായേല്‍ പ്രധാനമന്ത്രിക്കുണ്ടെന്ന തരത്തിലും വിലയിരുത്തലുണ്ടായി.കേസുമായി ബന്ധപ്പെട്ട് നാലു തരത്തിലുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് ‘യെദിയോത്ത് അക്രോനോത്ത്’ റിപ്പോർട്ട് ചെയ്യുന്നു. അതീവസുരക്ഷാ വിവരങ്ങള്‍ ചോർന്നതാണ് ഒന്നാമത്തെ അന്വേഷണവിഷയം. സുരക്ഷാ ക്ലിയറൻസ് കൂടാതെ ഒരാളെ ഉപദേഷ്ടാവായി നിയമിച്ചതും സുപ്രധാന യോഗങ്ങളിലും സ്ഥലങ്ങളിലും പ്രവേശനം അനുവദിച്ചതും പരിശോധിക്കുന്നുണ്ട്. അതീവ രഹസ്യാവിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ചയാണു മറ്റൊരു കാര്യം. ഇതോടൊപ്പം, ബന്ദി കൈമാറ്റ കരാറുമായി ബന്ധപ്പെട്ട പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാൻ വേണ്ടി ഈ രേഖകള്‍ ഉപയോഗിച്ചോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.

Sharing

Leave your comment

Your email address will not be published. Required fields are marked *