
ഉത്തരാഖണ്ഡില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞുണ്ടായ അപകടം; മരണം 36 ;മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു
ഡല്‍ഹി: ഉത്തരാഖണ്ഡിലെ അല്‍മോറയില്‍ ബസ് തോട്ടിലേക്ക് മറിഞ്ഞ് 36 യാത്രക്കാര്‍ മരിക്കുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.പൗരി ജില്ലയിലെ നൈനിദണ്ഡയില്‍ നിന്ന് നൈനിറ്റാളിലെ രാംനഗറിലേക്ക് പോവുകയായിരുന്നു ബസ്.ദേശീയ ദുരന്ത നിവാരണ സേനയുടെയും (എന്‍ഡിആര്‍എഫ്) സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും (എസ്ഡിആര്‍എഫ്)സംഘവും പൊലീസും മാര്‍ച്ചുളയിലെ സാള്‍ട്ട് ഏരിയയിലെ അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.ബസിലെ അമിതഭാരം ആകാം അപകടത്തിന് കാരണമെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അല്‍മോറ പോലീസ് സൂപ്രണ്ട് ദേവേന്ദ്ര പിഞ്ച പറഞ്ഞു. സംഭവത്തിനിടെ ബസില്‍ നിന്ന് തെറിച്ചുവീണ യാത്രക്കാരാണ് രാവിലെ ഒമ്പത് മണിയോടെ അപകട വിവരം അധികൃതരെ അറിയിച്ചത്.