ഇറാഖില്‍ തമ്പടിച്ച് ഇറാന് സൈന്യം; ലക്ഷ്യം കാണുന്നത് വരെ പോരാടുമെന്ന് ആയത്തൊള്ള ഖമേനി
ഇറാന്, സൈന്യം ഇറാഖില്‍ തമ്പടിച്ചിരിക്കുന്നു. സര്‍വ ശക്തിയും എടുത്ത് പോരാടാന്‍ ഇറാന് പരമോന്നത നേതാവ് ആയത്തൊള്ള ഖമേനി സൈന്യത്തിന് നിര്‍ദ്ദേശം നല്കുന്നു.നവംബര്‍ 5, അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുമ്ബ് ഇസ്രയേലിനു നേരെ ആക്രമണം നടത്തുമെന്നാണ് ഇറാന്റെ പ്രഖ്യാപനം. ഇനി മണിക്കൂറുകള്‍ മാത്രം.ഇസ്രയേലും പശ്ചിമേഷ്യയും വീര്പ്പുമട്ടിയാണ് കാത്തിരിക്കുന്നത്. ആശങ്കയുടെ കാര്‍മേഘം മേഖലയില്‍ മൂടിയിരിക്കുന്നു.ഇസ്രായേലും അമേരിക്കയും ഇതുവരെ കാണാത്ത ശക്തമായ പ്രതികരണമായിരിക്കും ഇനി ഇറാന്റെ ഭാഗത്തുനിന്നും ഉണ്ടാകുക എന്നായിരുന്നു ഖമേന പറഞ്ഞത്. ഇസ്രയേലിനെതിരെ ആക്രമണത്തിന് പദ്ധതിയുണ്ടെന്നും ഇസ്രയേലിനെ ചെറുക്കുന്നതില്‍ നിന്ന് ഇറാനും സഖ്യകക്ഷികളും പിന്നോട്ടില്ലെന്നും ആവശ്യമെങ്കില്‍ ഇനിയും ആക്രമിക്കുമെന്നുമാണ് ഖമേനി മുന്നറിയിപ്പ് നല്‍കിയത്. പിന്നാലെ പുതിയ വാര്‍ത്തകള്‍ കൂടി പുറത്തുവരുന്നു.അമേരിക്കന്‍ യുദ്ധക്കപ്പലുകളും പശ്ചിമേഷ്യയിലെ അമേരിക്കന്‍ താവളങ്ങളും ഇറാനും സഖ്യകക്ഷികളും ആക്രമിക്കുമെന്ന് അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എയുടെ റിപ്പോര്‍ട്ട് അമേരിക്കയ്ക്ക് കൈമാറിയിരിക്കുകയാണ്. ഇത്തരമൊരു മുന്നറിയിപ്പ് ലഭിച്ചതിന് ശേഷമാണ് ആധുനിക ബോംബറുകള്‍ ഉള്‍പ്പെടെ, മേഖലയിലേക്ക് അമേരിക്ക അയച്ചിരിക്കുന്നത്. ബാലിസ്റ്റിക് മിസൈല്‍ ഡിസ്ട്രോയറുകള്‍, ഫൈറ്റര്‍ സ്ക്വാഡ്രണ്‍, ടാങ്കര്‍ എയര്‍ക്രാഫ്റ്റുകള്‍, ബി -52 ലോംഗ് റേഞ്ച് സ്ട്രൈക്ക് ബോംബറുകള്‍ എന്നിവയാണ് പുതുതായി മിഡില്‍ ഈസ്റ്റിലേക്ക് അമേരിക്ക അയച്ചിരിക്കുന്നത്.ഇപ്പോള്‍ തന്നെ, അരലക്ഷത്തോളം അമേരിക്കന്‍ സൈനികര്‍, ഇസ്രയേലിന് കവചമൊരുക്കുന്നതിനായി, യുദ്ധക്കപ്പലുകളിലും മറ്റുമായി പ്രദേശത്ത് തമ്ബടിച്ചിട്ടുണ്ട്. ഈ സൈനികരെയും സംവിധാനങ്ങളെയും, യുദ്ധം പൊട്ടി പുറപ്പെട്ടാല്‍ ഇറാന് ലക്ഷ്യമിടുമെന്നാണ്, സി.ഐ.എ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഇറാന് അനുകൂലികളായ ഹൂതികള്‍, കടലിലെ ഏറ്റവും അപകടകാരികളായ സേനയാണ്. ഇവരുടെ കൈവശം ഇറാന് നല്കിയ ആയുധങ്ങള്‍ക്ക് പുറമെ, റഷ്യയുടെ ആയുധങ്ങളും എത്തിയിട്ടുണ്ട്. ഇത് ഹൂതികളെ കൂടുതല്‍ കരുത്തരാക്കുന്നതാണ്.
മിന്നല്‍ ആക്രമണങ്ങളിലൂടെ നിരവധി കപ്പലുകള്‍ ആക്രമിച്ച ചരിത്രവും ഇവര്‍ക്കുണ്ട്. റഷ്യയുടെ ആയുധങ്ങളും ടെക്നോളജിയും കൈവശമുള്ളതിനാല്‍, ഇസ്രയേലിന്റെ മാത്രമല്ല, അമേരിക്കയുടെ കപ്പലുകളും, ഹൂതികള്‍ക്ക് എളുപ്പത്തില്‍ ആക്രമിക്കാന്‍ സാധിക്കും. യെമനിലെ ഹൂതി താവളങ്ങളില്‍ അമേരിക്ക നടത്തിയ ആക്രമണത്തില്‍ പ്രതികാരത്തിനുള്ള ഒരവസരത്തിനായാണ്, ഹുതികളും ഇപ്പോള്‍ കാത്ത് നില്‍ക്കുന്നത്.അതു പോലെ തന്നെ, ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍, നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര് കൊല്ലപ്പെട്ടതോടെ, ഹിസ്ബുള്ളയും ഇപ്പോള്‍ സംഘടിച്ചിട്ടുണ്ട്. ഇസ്രയേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്ത്, നിരവധി ആക്രമണങ്ങള്‍, ഇസ്രയേലിനു നേരെ ഇതിനകം തന്നെ അവര്‍ നടത്തിയിട്ടുണ്ട്. ഏറ്റവും ഒടുവിലായി, നവംബര്‍ 2ന് പുലര്‍ച്ചെ മധ്യ ഇസ്രായേലി നഗരത്തില്‍ ഹിസ്ബുള്ള നടത്തിയ ആക്രമണത്തില്‍, 19 പേര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. വലിയ നാശനഷ്ടവും ഈ മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവിടെയും, ഇസ്രയേലിന്റെ അയണ്‍ ഡോമിനെ തകര്‍ത്ത് കൊണ്ടാണ്, ഹിസ്ബുള്ളയുടെ മിസൈല്‍ ലക്ഷ്യത്തില്‍ പതിച്ചിരിക്കുന്നത്.ഹൂതികളും ഹിസ്ബുള്ളയും ഇറാനും സംയുക്തമായി നടത്തുന്ന ഒരാക്രമണം, ഏത് നിമിഷവും സംഭവിക്കാം എന്നതാണ് നിലവിലെ അവസ്ഥ. 2023 ഒക്ടോബര്‍ 7-ന്, ഹമാസ് നടത്തിയ ആക്രമണത്തില്‍, 300-ലധികം സൈനികര്‍ ഉള്‍പ്പെടെ 1,200-ഓളം ഇസ്രയേലികളാണ് കൊല്ലപ്പെട്ടിരുന്നത്. ഗാസയിലെ സൈനിക നടപടിയില്‍, 366 ഇസ്രയേല്‍ സൈനികരും ഇതുവരെ കൊല്ലപ്പെട്ടു, ഇതിനു പുറമെ, ഗാസയിലും ലെബനനിലും സംഭവിച്ചിരിക്കുന്ന നാശനഷ്ടങ്ങളും വളരെ വലുതാണ്.ഇതിനുള്ള മറുപടി കൂടിയാണ്, ഇറാനും ഹിസ്ബുള്ളയും ഹമാസും സംയുക്തമായി ഇപ്പോള്‍ ലക്ഷ്യമിടുന്നതെന്നാണ്, അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇറാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്, ഇറാഖിലെ വ്യോമ പാത അമേരിക്ക തുറന്ന് കൊടുത്തതാണ്, അമേരിക്കയ്ക്ക് എതിരെ തിരിയാന്‍, ഇറാനെ പ്രേരിപ്പിച്ചിരിക്കുന്നത്. അമേരിക്കയുടെ പിന്‍ബലത്തിലാണ്, ഇസ്രയേല്‍ സൈന്യം, ഗാസയിലും ലെബനനിലും ആക്രമണം നടത്തുന്നതെന്ന നല്ല ബോധ്യവും ഇറാനുണ്ട്. അതു കൊണ്ട് തന്നെ ശത്രുവിനെ ഭയന്ന് ജീവിക്കുന്നതിലും നല്ലത്, ആക്രമിക്കുന്നതാണെന്ന സന്ദേശമാണ്, ഇറാനും ഹിസ്ബുള്ളയും ഹൂതികളും ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
ഇറാന്, ഇസ്രയേലിനെ വീണ്ടും ആക്രമിക്കുമെന്നത് എന്തായാലും ഉറപ്പാണ്. ഇസ്രയേലും അമേരിക്കയും, തിരിച്ചടിക്കാന്‍ ശ്രമിക്കുന്നതോടെ, അതൊരു തുറന്ന യുദ്ധത്തില്‍ കലാശിക്കും. ഇസ്രയേലിന് ഒറ്റയ്ക്ക് ഇറാനെ ആക്രമിച്ച് തോല്‍പ്പിക്കാന്‍ എന്തായാലും കഴിയില്ല. ഇവിടെയാണ് അമേരിക്കയുടെ ഇടപെടലും, യുദ്ധത്തിന്റെ ഗതിമാറ്റവും സംഭവിക്കുക. അമേരിക്ക ഇടപെട്ടാല്‍, റഷ്യയും ഉത്തര കൊറിയയും മാത്രമല്ല, ചൈനയും രംഗത്തിറങ്ങാനാണ് സാധ്യത. ഒരേ സമയം പല പോര്‍മുഖങ്ങള്‍ തുറക്കപ്പെടുക വഴി, അതൊരു ലോക മഹായുദ്ധത്തിലാവും കലാശിക്കുക.