പരിസ്ഥിതിസംരക്ഷണത്തിന് വിപ്ലവ മാതൃക; പള്ളിപ്പുറം പള്ളിയില്‍ മൃതദേഹം അടക്കാൻ ശവപ്പെട്ടി ഒഴിവാക്കി
പള്ളിപ്പുറം (ആലപ്പുഴ): പള്ളിപ്പുറം സെയ്ന്റ് മേരീസ് ഫൊറോന പള്ളിയില്‍ മൃതദേഹം തുണിക്കച്ചയില്‍ പൊതിഞ്ഞു സംസ്കരിക്കുന്ന രീതി നിലവില്‍വന്നു.ശവപ്പെട്ടി ഒഴിവാക്കി സംസ്കാരം നടത്താനാണു തീരുമാനം. ശവപ്പെട്ടിയില്‍ മൃതദേഹം സംസ്കരിക്കുമ്ബോള്‍ പ്ലാസ്റ്റിക് ആവരണം ഉള്ളതിനാല്‍ വർഷങ്ങള്‍ക്കുശേഷവും മണ്ണിനോടു ചേർന്ന് അഴുകാത്ത സ്ഥിതിയുണ്ട്. പുതിയ രീതിപ്രകാരം മൃതദേഹം എത്തിക്കുന്നതിന് രണ്ടു സ്റ്റീല്‍പ്പെട്ടികള്‍ തയ്യാറാക്കിയിട്ടുണ്ട്.വീട്ടിലെയും പള്ളിയിലെയും സെമിത്തേരിയിലെയും പ്രാർഥനകള്‍ക്കുശേഷം മൃതദേഹം തുണിയില്‍ പൊതിഞ്ഞ് സംസ്കരിക്കും. സ്റ്റീല്‍പ്പെട്ടി തിരികെയെടുക്കും. ഇടവക ജനങ്ങളുടെ ഐകകണ്ഠ്യേനയുള്ള തീരുമാനപ്രകാരമാണ് തുണിക്കച്ചയില്‍ അടക്കുന്നതിന് തുടക്കംകുറിച്ചിരിക്കുന്നതെന്ന് വികാരി ഡോ. പീറ്റർ കണ്ണമ്പുഴ പറഞ്ഞു. പരിസ്ഥിതി സംരക്ഷിക്കുക എന്ന മുഖ്യലക്ഷ്യത്തിനാണ് ഊന്നല്‍നല്‍കുന്നതെന്ന് പള്ളി അധികൃതർ അറിയിച്ചു.മണ്ണില്‍നിന്നു സൃഷ്ടിക്കപ്പെട്ട മനുഷ്യൻ മണ്ണിനോട് അലിഞ്ഞുചേരുന്നതിനു സഹായകമാകണം. മൃതസംസ്കാരം എന്ന ചിന്തയും ഇതിന് ആധാരമായിട്ടുണ്ട്. കൂടാതെ, സെമിത്തേരിയില്‍ പ്ലാസ്റ്റിക് സംബന്ധമായ എല്ലാ വസ്തുക്കളുടെയും ഉപയോഗവും നിർത്തലാക്കിയിരിക്കുന്നതായും അറിയിച്ചു. പള്ളിപ്പുറം പാരിഷ് ഫാമിലി മരിയൻ മരണാനന്തര സഹായസംഘമാണ് മൃതദേഹം തുണിക്കച്ചയില്‍ സംസ്കരിക്കുന്നതിനുള്ള നേതൃത്വവും സഹായങ്ങളും നല്‍കുന്നത്. കൈക്കാരന്മാരായ ബിജു മാത്യു പണിക്കശ്ശേരി, ജോസ്കുട്ടി ചാക്കോ കരിയില്‍, വൈസ് ചെയർമാൻ ഷില്‍ജി കുര്യൻ പാലയ്ക്കല്‍, സംഘം സെക്രട്ടറി ജോയി ജോസഫ് പതിയാമൂല എന്നിവർ ഈ പുതിയ മാറ്റത്തിനു നേതൃത്വം നല്‍കുന്നു.