
‘അയണ്‍ ഡോമിന് പിന്നാലെ അയണ്‍ ബീം’; മിസൈല്‍ പ്രതിരോധത്തിന് പുതിയ ലേസര്‍ സംവിധാനവുമായി ഇസ്രയേല്‍
ജെറുസലേം: ആകാശയുദ്ധം കനക്കുന്നതിനിടെ ശത്രുക്കളുടെ മിസൈല്‍ ആക്രമണം തടയാൻ പുതിയ പ്രതിരോധമാർഗവുമായി ഇസ്രയേല്‍.
ശക്തിയേറിയ ലേസർ കിരണങ്ങള്‍ പുറപ്പെടുവിക്കുന്ന അയണ്‍ ബീം ഉപയോഗിച്ച് മിസൈലുകള്‍ ആകാശത്തുവെച്ച് തന്നെ തകർക്കുന്ന സംവിധാനമാണ് ഇസ്രയേല്‍ ഉപയോഗപ്പെടുത്താൻ പോകുന്നത്. ഇത് യുദ്ധത്തിന്റെ പുതിയ മുഖം അനാവരണം ചെയ്യുന്നതായി ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു.ഒരുവർഷത്തിനുള്ളില്‍ സംവിധാനം പൂർണസജ്ജമാകുമെന്നും ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള യുദ്ധത്തിന് പറ്റിയ പ്രതിരോധമാർഗമാണ് ലേസർ അയണ്‍ ബീമുകളെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം ഡയറക്ടർ ജനറല്‍ ഇയാല്‍ സമീർ പറഞ്ഞു. പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്ന ലേസർ അയണ്‍ ബീമിന് 100 മീറ്റർ മുതല്‍ കിലോമീറ്ററുകള്‍ക്ക് അപ്പുറത്തുള്ള പറക്കുന്ന വസ്തുക്കളെയെല്ലാം തകർക്കാൻ കഴിയും. ഇയാല്‍ സമീർ വ്യക്തമാക്കി.എലിബിറ്റ് സിസ്റ്റവുമായി ചേർന്ന് റാഫേല്‍ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റം ആണ് പുതിയ ലേസർ അയണ്‍ ബീം ഡിസൈൻ ചെയ്തിരിക്കുന്നത്. ഇസ്രയേലിന് നേരെയുള്ള ഇറാന്റേയും ഹിസ്ബുള്ളയുടെയും ഡ്രോണ്‍, മിസൈല്‍ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് പുതിയ ആയുധം മിനുക്കിയെടുക്കുന്നതെന്ന് ഇസ്രയേല്‍ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നു.റോക്കറ്റുകളും മിസൈലുകളും തടസ്സപ്പെടുത്തുന്നതിന് ഇതിനകം തന്നെ ശ്രദ്ധനേടിയ ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനമായ അയണ്‍ ഡോമില്‍ നിന്ന് വ്യത്യസ്തമായി, അയണ്‍ ബീം ‘അഭൂതപൂർവമായ കൃത്യതയോടെ’ മോർട്ടാറുകള്‍, റോക്കറ്റുകള്‍, ഡ്രോണുകള്‍ എന്നിവ തകർക്കാനുള്ള അത്യാധുനിക ലേസർ സംവിധാനമാണ്.