ഇസ്രായേലിന് നേരെ ലബനാനില്‍ നിന്ന് തുടര്‍ച്ചയായ റോക്കറ്റാക്രമണങ്ങള്‍; 30 പേര്‍ക്ക് പരിക്ക്
തെല്‍ അവീവ്: ഇസ്രായേലിനെ ലക്ഷ്യമിട്ട് ലബനാനില്‍ നിന്നും തുടർച്ചയായ റോക്കറ്റാക്രമണങ്ങള്‍. തെല്‍ അവീവിന്റെ വടക്ക്-കിഴക്കൻ പ്രദേശമായ ഹാഷ്റോണിനെതിരെയും ടിറക്ക് നേരെയുമാണ് ആക്രമണങ്ങള്‍ ഉണ്ടായത്.ഹാഷ്റോണില് ഉണ്ടായ ആക്രമണത്തില്‍ 19 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ടിറയിലുണ്ടായ ആക്രമണത്തില്‍ 11 പേർക്കും പരിക്കേറ്റു.ടിറയില്‍ പരിക്കേറ്റവരില്‍ രണ്ട് പേർക്ക് സാരമായ പരിക്കുണ്ടെന്ന് ഇസ്രായേല്‍ അറിയിച്ചു. അഞ്ച് പേർക്ക് നിസാര പരിക്കാണ് ഉള്ളത്. എന്നാല്‍, പരിക്കേറ്റ മറ്റുള്ളവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. മൂന്ന് റോക്കറ്റുകളാണ് ലബനാനില്‍ നിന്നും എത്തിയതെന്നാണ് ഇസ്രായേല്‍ പ്രതിരോധസേന അറിയിക്കുന്നത്. റോക്കറ്റുകള്‍ ഇസ്രായേലില്‍ പതിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.അതേസമയം, ലബനാനില്‍ ഗസ്സ യുദ്ധം തുടങ്ങിയ ശേഷം ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 2,897 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. 13,150 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 30 പേരാണ് ലബനാനില്‍ കൊല്ലപ്പെട്ടതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.ഗസ്സയില്‍ 24 മണിക്കൂറിനിടെ, ഇസ്രായേല്‍ ആക്രമണത്തില്‍ 55 പേർ കൊല്ലപ്പെട്ടു. മധ്യ ഗസ്സയിലെ നുസൈറത്ത് അഭയാർഥി ക്യാമ്പിൽ ആളുകളെ പാർപ്പിച്ചിരുന്ന സ്കൂളിന്റെ കവാടത്തില്‍ ഇസ്രായേല്‍ സേന നടത്തിയ ആക്രമണത്തില്‍ 10 പേർ കൊല്ലപ്പെട്ടിരുന്നു.