നവീൻ പറഞ്ഞ ആ തെറ്റ് എന്ത്‍? കലക്ടര്‍ വീണ്ടും കുരുക്കില്‍;

കണ്ണൂർ: തെറ്റുപറ്റിയെന്ന് എ.ഡി.എം നവീൻ ബാബു തന്നോട് പറഞ്ഞിരുന്നുവെന്ന കണ്ണൂർ കലക്ടർ അരുണ്‍ കെ. വിജയന്റെ മൊഴി വിവാദത്തില്‍.
പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി തലശ്ശേരി പ്രിൻസിപ്പല്‍ ജില്ല സെഷൻസ് കോടതിയുടെ വിധിയിലാണ് കലക്ടറുടെ വിവാദ മൊഴിയുള്ളത്. എ.ഡി.എം കൈക്കൂലി കൈപ്പറ്റിയെന്നോ മറ്റെന്തെങ്കിലും അഴിമതി നടത്തിയെന്നോ ഉള്ള സമ്മതമായി ഇതിനെ കാണാനാവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി മൊഴി തള്ളിയെങ്കിലും വിഷയം പുതിയ തലത്തിലേക്ക് മാറുകയാണ്.കലക്ടറുടെ ഈ മൊഴി ഏറ്റുപിടിച്ചാണ് ദിവ്യയുടെ അഭിഭാഷകൻ തലശ്ശേരി കോടതിയില്‍ ജാമ്യാപേക്ഷ സമർപ്പിച്ചത്. കലക്ടറുടെ നീക്കത്തില്‍ സംശയം ചൂണ്ടിക്കാട്ടി പ്രതിപക്ഷ സംഘടനകളും രംഗത്തെത്തി. കലക്ടറുടെ മൊഴി പെട്രോള്‍ പമ്ബ് കൈക്കൂലിക്കഥയാക്കി വ്യാഖ്യാനിച്ച്‌ സമൂഹമാധ്യമങ്ങളില്‍ ഇടതു പ്രൊഫൈലുകളും ഏറ്റെടുത്തുകഴിഞ്ഞു. എ.ഡി.എമ്മിന്റെ മരണം ആദ്യം അന്വേഷിച്ച കണ്ണൂർ ടൗണ്‍ ഇൻസ്പെക്ടർ ശ്രീജിത് കൊടേരി മുമ്ബാകെ കലക്ടർ നല്‍കിയ മൊഴിയാണ് കോടതിവിധിയില്‍ ഉദ്ധരിച്ചത്. ഇത്തരമൊരു മൊഴി നല്‍കിയിട്ടുണ്ടെന്ന് കലക്ടർ സ്ഥിരീകരിക്കുകയും ചെയ്തു.കോടതി വിധിന്യായത്തിലെ 34ാം പേജിലാണ് കലക്ടറുടെ വിവാദ മൊഴിയുള്ളത്. ഒക്ടോബർ 14ന് നടന്ന യാത്രയയപ്പ് യോഗത്തിനുശേഷമാണ് തെറ്റുപറ്റിയെന്ന കാര്യം എ.ഡി.എം കലക്ടറോട് പറഞ്ഞതെന്നാണ് വിധിയിലുള്ളത്. പി.പി. ദിവ്യയുടെ അധിക്ഷേപ പ്രസംഗംനടന്ന യാത്രയയപ്പ് യോഗത്തിനുശേഷം എ.ഡി.എം കലക്ടറെ കണ്ടിരുന്നു. കലക്ടറുടെ ചേംബറില്‍ ഏതാനും മിനിറ്റുകള്‍ നീണ്ടതായിരുന്നു ആ കൂടിക്കാഴ്ച.ആ സമയത്താണ് തെറ്റുപറ്റിയെന്ന നിലക്ക് എ.ഡി.എം സംസാരിച്ചതെന്നാണ് സൂചന. എന്നാല്‍, ഏത് സാഹചര്യത്തിലാണ് എ.ഡി.എം ഇത് പറഞ്ഞതെന്ന് കലക്ടർ വിശദീകരിക്കുന്നില്ല. വിവാദ പെട്രോള്‍ പമ്ബിന് എൻ.ഒ.സി നല്‍കുന്നതിന് എ.ഡി.എം കൈക്കൂലി കൈപ്പറ്റിയെന്ന ടി.വി. പ്രശാന്തന്റെ ആരോപണവുമായി മൊഴിയെ ബന്ധിപ്പിക്കാനും കഴിയുന്നില്ല. കലക്ടർ നല്‍കിയ മൊഴികളില്‍ തന്നെയാണ് കൈക്കൂലിക്കഥകള്‍ തള്ളുന്ന സൂചനയുള്ളതും.യാത്രയയപ്പ് നടന്ന ദിവസം രാവിലെ ഔദ്യോഗിക ചടങ്ങില്‍ കണ്ടുമുട്ടിയ പി.പി. ദിവ്യ എ.ഡി.എമ്മിനെതിരെ അഴിമതി ആരോപിച്ച്‌ സംസാരിച്ചപ്പോള്‍ ‘തെളിവില്ലാത്ത കാര്യങ്ങള്‍ പറയരുതെന്ന്’ കലക്ടർ മറുപടി നല്‍കിയതായി മൊഴിയിലുണ്ട്. മികച്ച ഉദ്യോഗസ്ഥനായിരുന്നു നവീൻ ബാബുവെന്ന് വകുപ്പുതല അന്വേഷണം നടത്തിയ ലാൻഡ് റവന്യൂ ജോ. കമീഷണറോട് കലക്ടർ പറഞ്ഞിരുന്നു. കുടുംബത്തിന് രേഖാമൂലവും കത്തിലും എ.ഡി.എമ്മിന്റെ മികവാണ് ചൂണ്ടിക്കാട്ടിയിരുന്നത്.

Sharing

Leave your comment

Your email address will not be published. Required fields are marked *