ചരിത്രത്തിലെ ഏറ്റവും ശക്തിയേറിയ മിസൈല്‍ പരീക്ഷിച്ച്‌ ഉത്തരകൊറിയ; പരിധിയില്‍ വാഷിങ്ടണും വൈറ്റ് ഹൗസും?

നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും ബാലസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ. ഇന്നു പുലര്‍ച്ചെയാണ് കിഴക്കന്‍ തീരത്തു നിന്ന് ജപ്പാന്‍ കടലിടുക്കിലേക്ക് ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയതായി ദക്ഷണ കൊറിയയും ജപ്പാനും സ്ഥിരീകരിച്ചത്. ഉത്തരകൊറിയയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ മിസൈല്‍ പരീക്ഷണമാണിതെന്നും ആധുനിക സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച ദീര്‍ഘദൂര ബാലസ്റ്റിക് മിസൈല്‍ ആണ് പരീക്ഷിച്ചതെന്നും ജാപ്പനീസ് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം തങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവെന്നും അത്യാധുനിക മിസൈല്‍ ആണ് അവര്‍ പരീക്ഷിച്ചതെന്നും ജാപ്പനീസ് പ്രതിരോധ മന്ത്രി ജനറല്‍ നകാതാനി അറിയിച്ചു. 43,50 മൈല്‍ ഉയരത്തിലേക്ക് കുതിച്ചു പാഞ്ഞ മിസൈലിന്റെ ദൂരപരിധി ദക്ഷിണകൊറിയ ഇതുവരെ നടത്തിയ മിസൈല്‍ പരീക്ഷണങ്ങളേക്കാള്‍ കൂടുതലാണെന്നും അമേരിക്കന്‍ തലസ്ഥാനമായ വാഷിങ്ടണിന്റെ ഓരോ കോണും ഇതോടെ തങ്ങളുടെ മിസൈല്‍ പരിധിക്കുള്ളിലാക്കാന്‍ ഉത്തരകൊറിയയ്ക്കാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഭൂമിയില്‍ നിന്ന് ബഹിരാകാശത്തെ രാജ്യാന്തര സ്‌പേസ് സ്‌റ്റേഷനിലേക്കുള്ള ദൂരത്തിന്റെ 17 ഇരട്ടി ദൂരപരിധിയുള്ള മിസൈലാണ് ഉത്തരകൊറിയ ഇന്നു പരീക്ഷിച്ചത്. യുക്രെയ്ന്‍ അധിനിവേശം നടത്തുന്ന റഷ്യയ്ക്ക് സൈനിക സഹായം നല്‍കുന്നതിന് പാശ്ചാത്യലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയുമടക്കം നിശിതമായി വിമര്‍ശിക്കുന്നതിനിടെയാണ് ഉത്തരകൊറിയയുടെ പരീക്ഷണമെന്നതും ശ്രദ്ധേയമാണ്.50,000-ന് അടുത്ത് സൈനികരെയാണ് ഉത്തരകൊറിയ യുക്രെയ്ന്‍ യുദ്ധമേഖലയിലേക്ക് റഷ്യയ്ക്കു പിന്തുണയ്ക്കായി അയച്ചത്. ഇതിന്റെ പേരില്‍ യുഎസ് ഉത്തരകൊറിയയ്‌ക്കെതിരേ കൂടുതല്‍ നടപടികള്‍ക്ക് സമ്മര്‍ദ്ദം ചെലുത്തി വരികയായിരുന്നു. ഇതിനിടെയാണ് വാഷിങ്ടണിനെ തന്നെ പൂര്‍ണമായും പരിധിക്കുള്ളിലാക്കുന്ന തരത്തില്‍ ഉത്തരകൊറിയ വിജയകരമായി മിസൈല്‍ പരീക്ഷണം നടത്തിയത്. യുഎസ് പ്രസിഡന്‍ഷല്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പരീക്ഷണമെന്നതും ശ്രദ്ധേയമാണ്.

Sharing

Leave your comment

Your email address will not be published. Required fields are marked *