വഖ്ഫ് നിയമം: വകുപ്പുകള്‍ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി
കൊച്ചി: കേന്ദ്ര വഖ്ഫ് നിയമത്തിലെ വിവിധ വകുപ്പുകള്‍ ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി.ചെറായി ബീച്ചിന് സമീപം 404 ഏക്കറോളം വഖ്ഫ് ഭൂമി കൈയേറിയിരിക്കുന്നവരില്‍ ജോസഫ് ബെന്നി എന്നയാളടക്കമുള്ള എട്ടോളം കുടുംബാംഗങ്ങള്‍ ചേർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.ഹർജിയില്‍ ജസ്റ്റിസ് നരേന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് എതിർകക്ഷികളായ കോഴിക്കോട് ഫാറൂഖ് കോളജ് മാനേജിങ് കമ്മിറ്റിക്കും ഭൂമിയുടെ മുൻ ഉടമകളുടെ പിന്തുടർച്ചക്കാരായ നസീർ സേട്ട് ഉള്‍പ്പെടെയുള്ളവർക്കും നോട്ടിസ് അയച്ചിരുന്നു. വിഷയം വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. ഫാറൂഖ് കോളജ് മാനേജ്മെന്റില്‍ നിന്ന് 1950 കാലഘട്ടത്തിലാണ് ഹരജിക്കാരുടെ പൂർവികർ മുനമ്ബത്ത് ഭൂമി വാങ്ങിയത്. അന്ന് വഖ്ഫ് നിയമം നിലവില്‍ ഉണ്ടായിരുന്നില്ലെന്നും 1954ലാണ് നിയമം പ്രാബല്യത്തിലാവുകയും 1995ല്‍ പുതിയ നിയമം നിർമിക്കുകയും 2013ലെ ഭേദഗതിയിലൂടെ ശക്തിപ്പെടുത്തുകയും ചെയ്തുവെന്നും എന്നാല്‍ ഈ കാലത്തൊന്നും ചെറായിയിലെ ഭൂമി വഖ്ഫില്‍ രജിസ്റ്റർ ചെയ്തിരുന്നില്ലെന്നുമാണ് ഹരജിയിലെ വാദം. പിന്നീട് ഹരജിക്കാരുടെ കൈവശമിരിക്കുന്ന സ്വത്തുക്കള്‍ വഖ്ഫ് ബോർഡില്‍ രജിസ്റ്റർ ചെയ്തത് 2019 ലാണെന്നുമാണ് വാദം. ഇത്തരത്തില്‍ ഏത് വസ്തുക്കളും രജിസ്റ്റർ ചെയ്യാവുന്ന വിധം അനിയന്ത്രിത അധികാരങ്ങളാണ് വഖ്ഫ് നിയമത്തിലുള്ളതെന്നും ട്രസ്റ്റുകള്‍ക്കോ മഠങ്ങള്‍ക്കോ ഇല്ലാത്ത അധികാരമാണിതെന്നും ഹരജിയില്‍ പറയുന്നു.വഖ്ഫ് സി.ഇ.ഒയുടെയും റവന്യൂ വകുപ്പിന്റെയും ഉത്തരവ്പ്രകാരം ഹരജിക്കാർക്ക് കരമടക്കാനോ പോക്ക് വരവ് രേഖകള്‍ അടക്കം അനുവദിക്കുന്നില്ല. ഇത് അകാശങ്ങളുടെ ലംഘനവും സ്വാഭാവിക നീതി നിഷേധവുമാണെന്നും അനിസ്ലാമിക സമൂഹത്തിന് വഖ്ഫ് നിയമം യാതൊരു സംരക്ഷണവും നല്‍കുന്നില്ലെന്നും അതിനാല്‍ നിയമത്തിലെ നാല് അഞ്ച് 36,40 വകുപ്പുകള്‍ ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹർജിക്കാരുടെ സ്വത്തുക്കള്‍ വഖ്ഫില്‍ രജിസ്റ്റർ ചെയ്ത നടപടി സ്റ്റേ ചെയ്യണം എന്നുമാണ് ആവശ്യം.