കൊടകര കുഴല്‍പ്പണം പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ഫണ്ട്; എത്തിച്ചത് ആറ് ചാക്കുകളിലെന്ന് ബിജെപി മുൻ ഓഫീസ് സെക്രട്ടറി
കൊച്ചി: കൊടകര കുഴല്‍പ്പണക്കേസില്‍ നിർണായക വെളിപ്പെടുത്തലുമായി കേസിലെ സാക്ഷിയും ബിജെപി ഓഫീസ് മുൻ സെക്രട്ടറിയുമായ തിരൂർ സതീഷ്.ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണ് കോടികള്‍ വരുന്ന കുഴല്‍പ്പണമായി എത്തിച്ചതെന്ന് സതീഷ് വെളിപ്പെടുത്തി. കുല്‍പ്പണം കൊണ്ടുവന്നവർക്ക് മുറി ബുക്ക് ചെയ്തത് ജില്ലാ ട്രഷറർ ആവശ്യപ്പെട്ടത് പ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു.’കൊടകര കുഴപ്പണ ഇടപാട് യഥാർത്ഥത്തില്‍ നടന്ന സംഭവം തന്നെയാണ്. സംഭവം നടക്കുന്നതിന് തലേദിവസം രാത്രി തൃശൂർ ജില്ലാ ഓഫീസിലാണ് പണം എത്തിയത്. പണം കൊണ്ടുവന്ന ധർമ്മരാജനും കൂട്ടാളികള്‍ക്കും ജില്ലാ ഓഫീസില്‍ നിന്ന് പറഞ്ഞതനുസരിച്ചാണ് ഞാൻ താമസിക്കാൻ സൗകര്യം ചെയ്തു കൊടുത്തത്. പുലർച്ചെ അവർ പോയതിന് ശേഷമാണ് കൊടകരയില്‍ സംഭവം ഉണ്ടായത്. ബിജെപിക്ക് വേണ്ടിവന്ന പണം തന്നെയാണിത്. പൊലീസിന്റെ കുറ്റപത്രത്തില്‍ ഇക്കാര്യം പറയുന്നുണ്ട്.ധർമ്മരാജൻ ആദ്യമായി ജില്ലാ കമ്മിറ്റി ഓഫീസില്‍ വരുമ്ബോള്‍ സംസ്ഥാന അദ്ധ്യക്ഷനും ജില്ലാ അദ്ധ്യക്ഷനും ഉണ്ടായിരുന്നു. അവരോട് സംസാരിച്ചതിനുശേഷം അയാള്‍ പോയി. ധർമ്മരാജൻ പോയതിനുശേഷമാണ് തിരഞ്ഞെടുപ്പിന് വേണ്ട മെറ്റീരിയലുകള്‍ എത്തിക്കുന്നയാളാണെന്ന് പറഞ്ഞത്. ആറുചാക്കുകള്‍ ഓഫീസിന് മുകളില്‍ കൊണ്ടുവച്ചതിനുശേഷമാണ് അതിനുള്ളില്‍ പണമാണെന്ന് അറിഞ്ഞത്’- തിരൂർ സതീഷ് വെളിപ്പെടുത്തി.2021 ഏപ്രില്‍ മൂന്നിന് പുലർച്ചെ കോഴിക്കോടു നിന്ന് കൊച്ചിയിലേക്ക് കൊണ്ടുവന്ന കുഴല്‍പ്പണം ദേശീയപാതയില്‍ കൊടകര വച്ച് ഒരു സംഘം കാർ തടഞ്ഞുനിറുത്തി തട്ടിയെടുക്കുകയായിരുന്നു. 25 ലക്ഷം രൂപ തട്ടി യെടുത്തെന്നാണ് കാറുടമ പരാതി നല്‍കിയതെങ്കിലും പൊലീസിന്റെ അന്വേഷണത്തില്‍ 3.5 കോടി രൂപ നഷ്ടപ്പെട്ടെന്ന് കണ്ടെത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെലവഴിക്കാൻ ബിജെപിയുടെ കർണാടക ഘടകം കൊടുത്തുവിട്ട കള്ളപ്പണമാണിതെന്ന് ആരോപണമുയർന്നെങ്കിലും ബിജെപി ഇത് തള്ളിയിരുന്നു.കേസില്‍ 23 പേർ അറസ്റ്റിലായിരുന്നു. ശേഷം കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെയും മാറ്റി. കേസിലെ പ്രതികളെല്ലാം ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തിരുന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ മകനെയടക്കം ചോദ്യം ചെയ്തിരുന്നു. കവർച്ചാക്കേസിലാണ് അന്വേഷണം നടന്നതെന്നും അതില്‍ ബിജെപി നേതാക്കള്‍ക്ക് പങ്കില്ലെന്നുമായിരുന്നു പൊലീസിന്റെ വിശദീകരണം. കള്ളപ്പണക്കേസ് അന്വേഷിക്കേണ്ടത് ഇഡിയാണെന്നും പൊലീസ് പറഞ്ഞിരുന്നു. ഇഡി ഇതുവരെ ഈ കേസില്‍ അന്വേഷണവുമായി മുന്നോട്ട് പോയിട്ടില്ല. ഇതിനിടെയാണ് സംഭവത്തില്‍ ബിജെപി നേതാവിന്റെ വെളിപ്പെടുത്തല്‍.