ആഗോള സഖ്യവുമായി സൗദി അറേബ്യ; മൊട്ടോറോള മൊബൈല്‍ നിരോധിച്ച് ഇറാന്‍; പശ്ചിമേഷ്യയില്‍ നടക്കുന്നത്
ദുബായ്: ഹമാസ്-ഇസ്രായേല്‍ പോര് ശക്തമായി തുടരവെ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ വേറിട്ട നീക്കം. പശ്ചിമേഷ്യയില്‍ ശാശ്വത സമാധാനം പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗദിയുടെ ശ്രമങ്ങള്‍.അന്താരാഷ്ട്ര സഖ്യം രൂപീകരിച്ചിരിക്കുകയാണ് സൗദി. ഇതിന്റെ സമ്മേളനം ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സൗദി തലസ്ഥാനമായ റിയാദില്‍ നടന്നു.ഗള്‍ഫ് മേഖലയില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍, യൂറോപ്പ്, അമേരിക്ക എന്നിവയുടെ പ്രതിനിധികള്‍, വിവിധ അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. പലസ്തീന്‍കാര്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യം നടത്തുന്ന ആക്രമണം അവസാനിപ്പിക്കുകയും സമാധാനം പുനസ്ഥാപിക്കുകയുമാണ് ലക്ഷ്യമെന്ന് സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുല്ല പറഞ്ഞു.കഴിഞ്ഞ മാസം ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിനിടെയാണ് സൗദി അറേബ്യ പുതിയ ആഗോള സഖ്യം രൂപീകരിക്കുന്നത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് നടക്കുന്ന ആദ്യ സമ്മേളനമാണ് റിയാദിലേത്. പലസ്തീന്‍, ഇസ്രായേല്‍ എന്നീ രാഷ്ട്രങ്ങള്‍ നിലവില്‍ വരുന്ന ദ്വിരാഷ്ട്ര പരിഹാരത്തിനാണ് സഖ്യത്തിന്റെ ഊന്നല്‍. പലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുന്നതിന് ഇസ്രായേല്‍ എതിരാണ്.ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന പല്തീന്‍കാരുടെ മോചനം, ഹമാസിന്റെ തടവിലുള്ള ഇസ്രായേല്‍ ബന്ദികളുടെ മോചനം തുടങ്ങിയ കാര്യങ്ങളും സൗദി മന്ത്രി യോഗത്തില്‍ എടുത്തുപറഞ്ഞു. പലസ്തീന് യുഎന്‍ അംഗത്വം, സമ്ബൂര്‍ണ വെടിനിര്‍ത്തല്‍, യുഎന്‍ സഹായം പലസ്തീനില്‍ എത്തിക്കല്‍, ഇസ്രായേല്‍ സൈന്യത്തിന്റെ പിന്മാറ്റം തുടങ്ങി നിരവധി നിര്‍ദേശങ്ങള്‍ മേഖലയുടെ സമാധാനത്തിന് വേണ്ടി നേരത്തെ ഉയര്‍ന്നിരുന്നു.അതേസമയം, കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7ന് ഹമാസ് ഇസ്രായേലിന് നേരെ നടത്തിയ ആക്രമണത്തിന് ശേഷം പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യം മാറിമറിഞ്ഞിട്ടുണ്ട്. ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 43000 കടന്നു. ഇസ്രായേലുമായി അടുക്കാനിരുന്ന സൗദി ഉദ്യമത്തില്‍ നിന്ന് പിന്നാക്കം പോയി. ഇസ്രായേലിനെതിരായ വികാരം പശ്ചിമേഷ്യയില്‍ ശക്തിപ്പെട്ടു. ലബനാന്‍, സിറിയ, യമന്‍, ഇറാഖ്, ഇറാന്‍ എന്നീ രാജ്യങ്ങളിലേക്കും യുദ്ധം വ്യാപിച്ചു.ഇറാനില്‍ വച്ച് ഹമാസിന്റെ രാഷ്ട്രീയകാര്യ നേതാവ് ഇസ്മാഈല്‍ ഹനിയ്യയെ ഇസ്രായേല്‍ വധിച്ചതോടെ സമാധാന ചര്‍ച്ചകള്‍ മരവിച്ചിരിക്കുകയാണ്. ശേഷം ഹിസ്ബുല്ല നേതാവ് ഹസന്‍ നസറുല്ല, ഹമാസിന്റെ പ്രമുഖ നേതാവ് യഹിയ സിന്‍വാര്‍ എന്നിവരെയും ഇസ്രായേല്‍ വധിച്ചു. ഇറാന്‍ ഇസ്രായേലിനെ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം നടത്തുകയും ഇസ്രായേല്‍ തിരിച്ചടിക്കുകയും ചെയ്തു.ഇസ്രായേലിന്റെ രഹസ്യനീക്കങ്ങളില്‍ ഹിസ്ബുല്ലയ്ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. പേജര്‍ സ്‌ഫോടനത്തിലൂടെ ഹിസ്ബുല്ലയുടെ ഒട്ടേറെ നേതാക്കളെ ഇസ്രായേല്‍ കൊലപ്പെടുത്തി. മാത്രമല്ല, ഹിസ്ബുല്ലയുടെ സംഘടനാ സംവിധാനം ഇതോടെ തകിടംമറിഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തില്‍ ഇറാന്‍ സുരക്ഷാ നടപടികള്‍ കടുപ്പിച്ചിരിക്കുകയാണ്.പേജറുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ഇറാന്‍ ഇപ്പോള്‍ മൊട്ടോറോള മൊബൈലുകള്‍ രാജ്യത്ത് നിരോധിച്ചിരിക്കകുയാണ്. മൊട്ടോറോള ഫോണുകള്‍ ഇനി ഇറാന്‍ ഇറക്കുമതി ചെയ്യില്ലെന്ന് മന്ത്രി മുഹമ്മദ് മെഹ്ദി ബറദറിനെ ഉദ്ധരിച്ച് റഷ്യന്‍ മാധ്യമമായ ടാസ് റിപ്പോര്‍ട്ട് ചെയ്തു. ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാനും സാധിക്കില്ല. സ്‌റ്റോക്ക് ഇല്ല എന്നാണ് ഓണ്‍ലൈന്‍ വഴി വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് ലഭിക്കുന്ന മറുപടി. പേജറുകളും വാക്കി ടോക്കികളും നിരോധിച്ച പിന്നാലെയാണ് മൊട്ടറോളയും നിരോധിച്ചിരിക്കുന്നത്.