പുതിയ ബോഡിഗാര്‍ഡി’നെ സുരക്ഷയ്‌ക്കായി നിയോഗിച്ച് സല്‍മാൻ ഖാൻ; ഇനി സൂപ്പര്‍ സ്റ്റാറിന്റെ ഗരേജില്‍ കോടികളുടെ താരം
മുംബയ്: തുടരെ തുടരെയുള്ള വധഭീഷണിക്ക് പിന്നാലെ നടൻ സല്‍മാൻ ഖാന്റെ സുരക്ഷയില്‍ വലിയ രീതിയിലുള്ള ആശങ്ക ഉയർന്നിരുന്നു. ഇപ്പോഴിതാ നടനായി കോടികള്‍ മുടക്കി പുതിയ കാർ എത്തിച്ചിരിക്കുകയാണ്. 1.32 കോടി രൂപ വിലവരുന്ന വെളള നിറത്തിലുള്ള മെഴ്സിഡസ് ബെൻസ് ജിഎല്‍എസ് ആണ് വാങ്ങിയിരിക്കുന്നത്. സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.പുതിയ കാറിന്റെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്. മാല അണിയിച്ച കാറില്‍ പൂജ ചെയ്യുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. സല്‍മാൻ ഖാന്റെ ബാന്ദ്രയിലെ വസതിക്ക് മുന്നിലാണ് കാർ ഉള്ളത്. ദുബായില്‍ നിന്നാണ് കാർ ഇറക്കുമതി ചെയ്തിരിക്കുന്നത്. മാസങ്ങള്‍ക്ക് മുൻപാണ് നിസാന്റെ ‘പട്രോള്‍’ എസ്‌യുവി ദുബായില്‍ നിന്ന് സല്‍മാൻ ഇറക്കുമതി ചെയ്തത്. രണ്ടുകോടി രൂപയാണ് ഇതിന്റെ വില. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബെൻസ് ജിഎല്‍എസ് ഇറക്കുമതി ചെയ്തത്.നിസാന്റെ ‘പട്രോള്‍’ എസ്‌യുവി പോയിന്റ് ബ്ലാങ്കില്‍ നിന്ന് നിറയൊഴിച്ചാലും വെടിയുണ്ട തുളഞ്ഞുകയറാത്ത ഗ്ളാസുകളും ബോഡിയുമാണ് ഏറ്റവും വലിയ പ്രത്യേകത. ഉള്ളിലുള്ള യാത്രക്കാരെയോ ഡ്രൈവറെയോ പുറത്തുനിന്ന് നോക്കുന്ന ഒരാള്‍ക്ക് കാണാൻ കഴിയില്ല. എന്നാല്‍ ഉള്ളിലുള്ളവർക്ക് ചുറ്റുപാടുകള്‍ വ്യക്തമായി കാണാൻ കഴിയുകയും ചെയ്യും. സ്ഫോടക വസ്തുക്കളുടെ സാന്നിദ്ധ്യം മനസിലാക്കി മുന്നറിയിപ്പുനല്‍കുന്ന സംവിധാനവും കാറിലുണ്ട്. ബോംബ്, ഗ്രനേഡ് ആക്രമണത്തെയും കാർ പ്രതിരോധിക്കും.15 കിലോഗ്രാം ടിഎൻടി സ്ഫോടത്തില്‍പ്പോലും കാർ സുരക്ഷിതമായിരിക്കും. ബോഡിക്ക് തീ പിടിക്കുകയോ ഇന്ധന ടാങ്കുകള്‍ പൊട്ടിത്തെറിക്കുകയോ ഇല്ല. ഇത്രയൊക്കെ സുരക്ഷ ഒരുക്കിയിട്ടുണ്ടെങ്കിലും ആഡംബരത്തിനും ഒട്ടും കുറവുവരുത്തിയിട്ടില്ല. നേരത്തേ തനിക്കും പിതാവിനും ബിഷ്‌ണോയി സംഘത്തില്‍ നിന്നുള്ള വധഭീഷണി ഉയർന്നപ്പോള്‍ സല്‍മാൻ യുഎഇയില്‍ നിന്ന് ബുള്ളറ്റ് പ്രൂഫ് കാർ ഇറക്കുമതി ചെയ്തിരുന്നു.