ആ വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ കണ്ട കാഴ്ച വഴിത്തിരിവായി; 330 കുടുംബങ്ങള്‍ക്ക് വീടു നിര്‍മ്മിച്ച് നല്‍കി അദ്ധ്യാപിക
സുവോളജി അദ്ധ്യാപികയായ ഡോ എംഎസ് സുനില്‍ തന്റെ ഔദ്യോഗിക ജീവിതത്തിനിടെയിലായിരുന്നു നാഷണല്‍ സർവീസ് സ്‌കീമിന്റെ (എൻഎസ്‌എസ്) പ്രോഗ്രാം ഓഫീസർ ചുമതല കൂടി ഏറ്റെടുക്കുന്നത്.ഒരു ദിവസം എൻഎസ്‌എസ് പ്രവർത്തത്തിന്റെ ഭാഗമായി താൻ പഠിക്കുന്ന കോളേജിലെ വിദ്യാർത്ഥിയായ ആശയുടെ വീട്ടിലേക്ക് അപ്രതീക്ഷിതമായി ഒരു സന്ദർശനം നടത്തേണ്ടി വന്നു. ആശയുടെ വീട്ടിലെത്തിയപ്പോള്‍ കണ്ട ആ കാഴ്ച സുനില്‍ ഒരിക്കലും മറക്കില്ല.താൻ വിദ്യ ചൊല്ലിക്കൊടുക്കുന്ന വിദ്യാർത്ഥി അടച്ചുറപ്പുള്ള ഒരു വാതില്‍പോലും ഇല്ലാത്ത വീട്ടില്‍ കഴിയുന്ന കാഴ്ച കണ്ടതോടെ സുനില്‍ ഒരു തീരുമാനമെടുത്തു. ആശയ്ക്ക് അടച്ചുറപ്പുള്ള ഒരു വീട്. 2005ല്‍ സ്വന്തം വിദ്യാർത്ഥിനിക്ക് വീട് വച്ചുകൊടുത്ത് തുടങ്ങിയ സുനില്‍, ഇന്ന് സ്വന്തം പ്രേയത്നത്തില്‍ നിർദ്ധന കുടുംബങ്ങള്‍ക്കായി 330 ഓളം വീടുകള്‍ പണിതുകൊടുത്തു. നിർദ്ധനരായ സ്ത്രീകള്‍ക്കും ഭർത്താവ് ഉപേക്ഷിച്ച് ജീവിതം വഴിമുട്ടിയ വീട്ടമ്മമാർക്കുമാണ് സുനിലിന്റെ മേല്‍നോട്ടത്തില്‍ വീടുകള്‍ പണിതു നല്‍കുന്നത്.രോഗശയ്യയില്‍ കിടക്കുന്ന കുടുംബങ്ങള്‍, ദുരിതം അനുഭവിക്കുന്നവർക്കുള്ള സഹായങ്ങളടക്കം ചെയ്തുകൊണ്ടാണ് സുനില്‍ തന്റെ പ്രവർത്തനം ആരംഭിച്ചത്. ഭിന്നശേഷിക്കാർക്ക് വീല്‍ചെയർ, ശ്രവണസഹായി, കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍ എന്നിവയും സുനില്‍ എത്തിക്കാറുണ്ട്. അനാഥരായി തെരുവില്‍ അലഞ്ഞ് നടക്കുന്നവരെ കണ്ടെത്തി അവർക്ക് വേണ്ട എല്ലാകാര്യങ്ങളും ചെയ്തുകൊടുക്കാനും സുനില്‍ മുന്നിട്ടിറങ്ങിയിരുന്നു. ഒരു സമയത്ത് ഇങ്ങനെയുള്ള വ്യക്തികളെ കണ്ടാല്‍ ആദ്യം തന്നെയായിരുന്നു വിളിക്കുകയെന്ന് സുനില്‍ സന്തോഷത്തോടെ പറഞ്ഞു.എന്നാല്‍ അവരെ അനാഥാലയങ്ങളില്‍ കൊണ്ടുവിടുന്നതിന് പകരം അവർക്ക് എന്തുകൊണ്ട് സ്വന്തമായി ഒരു വീടുവച്ച് കൊടുത്തുകൂടാ എന്ന ചിന്ത സുനിലിന്റെ മനസിലേക്ക് വന്നു. ആ ഒരു ചിന്തയില്‍ നിന്നാണ് വീട് നിർമ്മിച്ചു നല്‍കുകയെന്ന ആശയത്തിലേക്ക് വന്നത്. കേരളത്തിലെ എട്ട് ജില്ലകളിലുള്ളവർക്കാണ് സുനിലിന്റെ നേതൃത്വത്തില്‍ 330 വീടുകള്‍ പണിതുനല്‍കിയത്. വീട് നിർമ്മിച്ച് നല്‍കിയത് കൊണ്ട് മാത്രം സുനില്‍ തന്റെ സല്‍പ്രവർത്തി അവസാനിക്കുന്നില്ല. ആ കുടുംബത്തിന് സ്ഥിരവരുമാനത്തിന് വേണ്ടിയുള്ള സഹായങ്ങളും സുനിലിന്റെ ഭാഗത്ത് നിന്നുണ്ടാകാറുണ്ട്.
സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ കേന്ദ്രം, വിദ്യാഭ്യാസത്തിന് ആവശ്യമായ സഹായങ്ങളും ചെയ്തുവരുന്നുണ്ട്. അടുത്തിടെ നിർദ്ധനരായ കുടുംബത്തില്‍ മൂന്ന് പെണ്‍കുട്ടികളില്‍ കലാപരമായ കഴിവുകള്‍ കണ്ട സുനില്‍ അവരെ ഭരതനാട്യം പഠിപ്പിക്കാൻ ഓണലൈൻ ക്ലാസ് സൗകര്യവും ഏർപ്പെടുത്തി. സുനിലിന്റെ പ്രവർത്തനത്തില്‍ ആകൃഷ്ടരായ അമേരിക്കൻ മലയാളിയായ കലാകാരിയാണ് ഈ കുട്ടികളെ ഓണ്‍ലൈനിലൂടെ നൃത്തം പഠിപ്പിക്കുന്നത്. ഓരോ മാസത്തിന്റെ ഇടവേളകളില്‍ ആദിവാസി മേഖലകളില്‍ വേണ്ട ആഹാര സാധനങ്ങള്‍, വസ്ത്രങ്ങള്‍, പഠനസഹായങ്ങള്‍ എന്നിവയും എത്തിക്കാറുണ്ട്.കുറച്ച് വർഷങ്ങള്‍ക്ക് മുമ്ബാണ് സുനില്‍ തന്റെ പ്രവർത്തനങ്ങള്‍ ഒരു ഫൗണ്ടേഷന് കീഴില്‍ കൊണ്ടുവന്നത്. എന്നാല്‍ സ്വന്തമായി കെട്ടിടമോ വാഹനമോ ഒരുക്കിയിട്ടില്ല. വീടിനോട് ചേർന്നുള്ള മുറിയിലാണ് എല്ലാ പ്രവർത്തനവും. സുനിലിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന പ്രവർത്തനങ്ങളുടെ സുതാര്യത ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ‘ഡോ എംസ് സുനില്‍ ഫൗണ്ടേഷൻ’ രൂപീകരിച്ചത്. കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും വലിയ പിന്തുണയാണ് തനിക്ക് ലഭിക്കുന്നതെന്ന് സുനില്‍ പറഞ്ഞു. കോന്നി സ്വദേശിയായ കെപി ജയലാലും സുനിലിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ഇരുവരും ഒരുമിച്ച് ചേർന്നാണ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
സാമ്പത്തിക പിന്തുണയ്ക്ക് വേണ്ടി ആരെയും അങ്ങോട്ട് പോയി സമീപിക്കേണ്ട അവസ്ഥ സുനിലിന് വന്നിട്ടില്ല. സുമനസുകളുടെ സഹായത്താല്‍ ഒരു വ്യക്തി ഒരു വീട് എന്ന രീതിയിലാണ് നിർമ്മാണം. ഒരാള്‍ സ്പോണ്‍സർ ചെയ്ത വീട്ടിലേക്ക് മറ്റൊരു വ്യക്തി നല്‍കുന്ന തുക ഉപയോഗിക്കില്ല. വീട് നിർമ്മിക്കാൻ ചെലവ് വഹിച്ച വ്യക്തിയാണ് താക്കോല്‍ കുടുംബത്തിന് കൈമാറുന്നത്. സഹായങ്ങള്‍ അർഹരിലേക്ക് എത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് കൂടുതലും സുനിലിനെ സമീപിക്കുന്നത്.ഒരു വ്യക്തി 12 വീടുവരെ വച്ചുനല്‍കിയിട്ടുണ്ട്. 650 സ്‌ക്വയർ ഫീറ്റില്‍ രണ്ട് മുറികളുള്ള വീട് നിർമ്മിക്കാൻ അഞ്ചരലക്ഷം രൂപ വര ചെലവ് വരുന്നുണ്ട്. സ്ഥലത്തിന്റെ ഘടനയുടെ അടിസ്ഥാനത്തില്‍ ചെലവ് ഉയരാനും സാദ്ധ്യതയുണ്ട്. എട്ട് ലക്ഷം രൂപ ചെലവില്‍ രണ്ട് നില വീടുവരെ സുനില്‍ പണിതുനല്‍കിയിട്ടുണ്ട്. നമ്മള്‍ ഒന്നും നേടുക എന്നതല്ല, നമ്മള്‍ ജീവിച്ചിരിക്കുമ്ബോള്‍ നല്ലത് ചെയ്യുക. ദൈവം എല്‍പ്പിച്ച ജോലി ഞാൻ കൃത്യമായി ചെയ്യുന്നു, ഇതാണ് തന്റെ സന്തോഷമെന്ന് സുനില്‍ പറയുന്നു.
.