ഫിറ്റ്നസ് ആപ്പിന്റെ മറവില്‍ ഇസ്രായേലി സുരക്ഷാ കേന്ദ്രങ്ങളുടെ വിവരം ചോര്‍ത്തി; അന്വേഷണം പ്രഖ്യാപിച്ച് സൈന്യം;
തെല്‍ അവീവ്: ഇസ്രായേലിലെ സൈനിക താവളങ്ങളിലും മറ്റു തന്ത്രപ്രധാന കേന്ദ്രങ്ങളിലും രഹസ്യാന്വേഷണ പ്രവർത്തനം നടത്തുന്നതായി റിപ്പോർട്ട്.ഫിറ്റ്നസ് ആപ്പായ ‘സ്ട്രാവ’ ഉപയോഗിച്ചാണ് വിവരങ്ങള്‍ ശേഖരിക്കുന്നതെന്നും ഏതെങ്കിലും വിദേശ ശക്തിയാകും ഇതിന് പിന്നിലെന്നും ഇസ്രായേലി മാധ്യമമായ ‘ഹാരെറ്റ്സ്’ റിപ്പോർട്ട് ചെയ്യുന്നു.ജനപ്രിയ ആപ്പായ ‘സ്ട്രാവ’യില്‍ കൃത്രിമം നടത്തിയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. നൂറുകണക്കിന് പട്ടാളക്കാരുടെയടക്കം വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. തന്ത്രപ്രധാന മേഖലയില്‍ ജോലി ചെയ്യുന്ന സൈനികരുടെ വീട്ടുവിലാസമടക്കം ശേഖരിച്ചതായാണ് വിവരം.വർഷങ്ങളായി ഇത്തരം ഭീഷണി ഇസ്രായേലിന് നേരെയുണ്ടെങ്കിലും ഇപ്പോഴുണ്ടായ സംഭവം ഇസ്രായേലി സൈന്യത്തിന്റെ ഗുരുതര സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തുന്നത്. ഹാരെറ്റ്സ് വിവരങ്ങള്‍ പങ്കുവെച്ചതോടെയാണ് അധികൃതർ ഇക്കാര്യം അറിയുന്നത്. ഇതിനെ തുടർന്ന് പ്രതിരോധ മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അജ്ഞാതനായ ഉപഭോക്താവ് സ്ട്രാവയില്‍ അക്കൗണ്ട് തുടങ്ങുകയാണ് ആദ്യം ചെയ്തത്. തുടർന്ന് സൈന്യം, വ്യോമസേന, രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലൂടെ ജോഗിങ് ചെയ്തതായി തോന്നിപ്പിക്കുന്ന രീതിയില്‍ തെറ്റായ വിവരങ്ങള്‍ ആപ്പിലേക്ക് അപ്ലോഡ് ചെയ്തു. ഇതുവഴി ഈ സ്ഥലങ്ങളിലൂടെ യഥാർഥത്തില്‍ ഓടിക്കൊണ്ടിരുന്നവരുടെ വിവരങ്ങള്‍ ഇവർക്ക് ശേഖരിക്കാൻ സാധിച്ചു.ഇതുണ്ടാക്കിയ ആഘാതത്തെക്കുറിച്ച് ഇസ്രായേല്‍ സൈന്യം വിലയിരുത്താൻ തുടങ്ങിയിട്ടുണ്ട്. ആരാണ് വിവരങ്ങള്‍ ശേഖരിച്ചതെന്ന് കണ്ടെത്താനായി വിവിധ ഏജൻസികളെ ഉള്‍പ്പെടുത്തി അന്വേഷണ സംഘവും രൂപീകരിച്ചു. ആരാണ് ഇതിന് പിന്നിലെന്ന് കണ്ടെത്താനാകുമെന്ന വിശ്വാസത്തിലാണ് ഇസ്രായേല്‍.