
നസ്രള്ളയുടെ പിൻഗാമി നയിം ഖാസിം ഹിസ്ബുള്ള തലവൻ;
ജറുസലം: ഹിസ്ബുള്ള തലവനായി നയിം ഖാസിമിനെ തിരഞ്ഞെടുത്തു. ഹസൻ നസ്രള്ള ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഹിസ്ബുള്ള ഡെപ്യൂട്ടി സെക്രട്ടറി ജനറലിനെ തലവനായി തിരഞ്ഞെടുത്തത്.33 വർഷമായി ഹിസ്ബുള്ളടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലാണ്. നസ്രള്ളയുടെ മരണത്തെത്തുടർന്ന് ആക്ടിംഗ് സെക്രട്ടറി ജനറലായും പ്രവർത്തിച്ചു. ഹിസ്ബുള്ളയുടെ സ്ഥാപക നേതാവിലൊരാള്‍ കൂടിയാണ് നയിം ഖാസിം. ഹിസ്ബുള്ളയുടെ നയങ്ങളും ലക്ഷ്യങ്ങളും സംരക്ഷിക്കുന്നതിനാണ് നയിം ഖാസിമിനെ തിരഞ്ഞെടുത്തതെന്ന് ഹിസ്ബുള്ള അറിയിച്ചു. 1992 മുതല്‍ ഹിസ്ബുള്ളയുടെ സെക്രട്ടറി ജനറല്‍ സ്ഥാനം വഹിച്ച ഹസന്‍ നസ്രള്ള കഴിഞ്ഞ മാസം ഇസ്രയേല്‍ വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. നസ്രള്ളയുടെ ബന്ധു ഹഷീം സഫിദ്ദീനെ നേതൃ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. പിന്നാലെയാണ് ഖാസിമിനെ ചുമതലപ്പെടുത്തിയത്. 1992ല്‍ മുതല്‍ ഹിസ്ബുള്ളയുടെ പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ജനറല്‍ കോർഡിനേറ്ററും നയിം ഖാസിം ആയിരുന്നു.നസ്രള്ളയും സഫീദ്ദീനും കറുത്ത തലപ്പാവാണ് ധരിച്ചിരുന്നത്. എന്നാല്‍ വെളുത്ത തലപ്പാവാണ് നയിം ഖാസിം ധരിക്കുന്നത്.